കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണത്തിനു തുടക്കം
Mail This Article
കുറ്റിപ്പുറം ∙ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരണത്തിനുള്ള നടപടികൾ ആരംഭിച്ചു. സ്റ്റേഷന്റെ മുൻവശത്തെ വലിയ മാവ് വികസനത്തിന്റെ ഭാഗമായി മുറിച്ചുനീക്കി. ദേശാടനക്കിളികളുടെ വാസകേന്ദ്രമായതിനെ തുടർന്ന് നേരത്തേ മുറിച്ചുമാറ്റാൻ തടസ്സമുണ്ടായിരുന്ന മാവാണ് ഇന്നലെ വെട്ടിമാറ്റിയത്. മരത്തിൽ കിളികളുടെ കൂട് ഇല്ലെന്ന് ഉറപ്പുവരുത്തിയാണ് മാവു മുറിച്ചത്.
റെയിൽവേ സ്റ്റേഷന്റെ മുൻവശത്തെ പാർക്കിങ് സ്ഥലവും പ്രധാന കെട്ടിടവും നവീകരിക്കുന്നതിന്റെ ഭാഗമായാണ് മരം മുറിച്ചത്.4 കോടിയോളം രൂപയുടെ നവീകരണമാണ് കുറ്റിപ്പുറത്ത് നടപ്പാക്കുന്നത്. നിലവിലെ ഓടിട്ട സ്റ്റേഷൻ കെട്ടിടം നവീകരിക്കും. ഇതോടൊപ്പം വിഐപി വിശ്രമകേന്ദ്രമടക്കം നിർമിക്കും. സ്റ്റേഷനിലെ ടിക്കറ്റ് കൗണ്ടറും സൗകര്യപ്രദമായ രീതിയിൽ പുനർനിർമിക്കുന്നുണ്ട്.
നിലവിലെ പാർക്കിങ് സ്ഥലം വിപുലീകരിക്കും. മേൽക്കൂരയോടുകൂടിയ പാർക്കിങ് സംവിധാനമാണ് ഒരുക്കുന്നത്. ഇതിനു പുറമേ പ്ലാറ്റ്ഫോമുകളെ ബന്ധിപ്പിച്ച് ലിഫ്റ്റ് സംവിധാനവും ഒരുക്കും. നിലവിലെ നടപ്പാതയുമായി ബന്ധപ്പെടുത്തിയാണ് ലിഫ്റ്റ് സ്ഥാപിക്കുക. 3 പതിറ്റാണ്ടുകൾക്കു ശേഷമാണ് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷൻ നവീകരിക്കുന്നത്.