സ്വകാര്യ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തു; പൊന്നാനി താലൂക്കിൽ ഇന്നും ബസ് സമരം
Mail This Article
എരമംഗലം ∙ സ്വകാര്യ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് പൊന്നാനി താലൂക്കിൽ ഇന്നും സ്വകാര്യ ബസ് സമരം. സ്കൂൾ വിദ്യാർഥിയോടു മോശമായി പെരുമാറിയതിന്റെ പേരിൽ പൊന്നാനി - ഗുരുവായൂർ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ കണ്ടക്ടറെ കഴിഞ്ഞ ദിവസം പോക്സോ കേസ് പ്രകാരം പെരുമ്പടപ്പ് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിൽ പ്രതിഷേധിച്ചാണ് പൊന്നാനി താലൂക്കിൽ സ്വകാര്യ ബസ് സമരത്തിന് തൊഴിലാളികൾ ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്നലെ നടന്ന സമരം ഇന്നും തുടരാൻ തീരുമാനിക്കുകയായിരുന്നു.
പൊലീസ് നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പൊന്നാനി-ഗുരുവായൂർ, പൊന്നാനി-കുന്നംകുളം റൂട്ടിൽ 2 ദിവസമായി തൊഴിലാളികളുടെ സമരം മൂലം ബസുകൾ സർവീസ് നടത്തുന്നില്ല. തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നില്ലെന്ന് ആരോപിച്ച് സമരം ശക്തമാക്കാൻ സംയുക്ത ബസ് തൊഴിലാളി യൂണിയൻ തീരുമാനിച്ചത്.ബസ് തൊഴിലാളികൾക്ക് സംരക്ഷണം ഉറപ്പാക്കുക, സ്കൂൾ സ്ഥലങ്ങളിൽ വിദ്യാർഥികളെ ബസിൽ കയറ്റുന്നതിന് അധ്യാപകരുടെ സേവനം ലഭ്യമാക്കുക.
പോക്സോ കേസ് പിൻവലിക്കുക എന്നീ ആവശ്യങ്ങളാണ് തൊഴിലാളികൾ മുന്നോട്ടു വയ്ക്കുന്നത്. തൊഴിലാളി നേതാക്കളുമായി പൊന്നാനി ജോയിന്റ് ആർടിഒ ചർച്ച നടത്തിയെങ്കിലും തൊഴിലാളികൾ നിലപാടിൽ ഉറച്ചു നിൽക്കുകയായിരുന്നു. ഇന്ന് 10ന് വീണ്ടും പൊന്നാനി തഹസിൽദാരുടെ നേതൃത്വത്തിൽ സിവിൽ സ്റ്റേഷനിൽ യോഗം ചേരും.ആർടിഒ, പൊലീസ്, സ്കൂൾ അധികൃതർ, ബസ് ഉടമകൾ, തൊഴിലാളികൾ എന്നിവരും യോഗത്തിൽ പങ്കെടുക്കും. കടുത്ത നടപടി പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തൊഴിലാളികൾ പെരുമ്പടപ്പ് പുത്തൻപള്ളി സെന്ററിൽ സമരം നടത്തി.
യാത്രക്കാരും വിദ്യാർഥികളും വലഞ്ഞു
പൊന്നാനി താലൂക്കിൽ ബസ് ജീവനക്കാർ മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചതോടെ യാത്രക്കാരും വിദ്യാർഥികളും വലഞ്ഞു. പൊലീസിന്റെ ഭാഗത്ത് നിന്ന് നടപടി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നലെ താലൂക്കിലെ മുഴുവൻ ബസുകളിലെയും തൊഴിലാളികൾ സമരവുമായി രംഗത്തിറങ്ങിയത്. ഇതോടെ സർവീസുകൾ നിലച്ചു. പൊടുന്നനെ പ്രഖ്യാപിച്ച സമരത്തിൽ നൂറുകണക്കിന് യാത്രക്കാർ പെരുവഴിയിലായി. വിവരമറിഞ്ഞതോടെ വൈകിട്ട് നേരത്തെ സ്കൂളുകൾ വിട്ടു. വീടുകളിലേക്ക് പോകാൻ ബസ് ലഭിക്കാതെ കുട്ടികളും ദുരിതത്തിലായി.
കെഎസ്ആർടിസി പല ഭാഗത്തും അധിക സർവീസ് നടത്തി യാത്രാ പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചെങ്കിലും ഗ്രാമീണ മേഖലകളിലേക്കുള്ള ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനായില്ല. അതേസമയം വിദ്യാർഥിനിയുടെയും സ്കൂൾ അധികൃതരുടെയും പരാതി പ്രകാരമാണ് കേസ് എടുത്തതെന്നും റിമാൻഡിലായ യുവാവിനെ വിട്ടയക്കുന്നതു പ്രായോഗികം അല്ലെന്നുമുള്ള നിലപാടിലാണ് പൊലീസ്.