പുതുവർഷ സമ്മാനമായി കർമ പാലമൊരുങ്ങുന്നു
Mail This Article
പൊന്നാനി ∙ ഭാരതപ്പുഴയ്ക്കും പൊന്നാനിക്കും അലങ്കാരമായി കർമ പാലമൊരുങ്ങി. പുതുവർഷത്തിൽ പാലം നാടിനു സമർപ്പിക്കും. പുഴയുടെ സൗന്ദര്യം കണ്ട് ഇനി കർമ റോഡിലൂടെ പൊന്നാനി ഹാർബറിലേക്കെത്താം. ചമ്രവട്ടം കടവിൽനിന്ന് ഫിഷിങ് ഹാർബർ വരെ 5.8 കിലോമീറ്റർ ദൂരത്തിൽ മനോഹരമായ പുഴയോര പാതയാണ് യാഥാർഥ്യമാകുന്നത്.
പാലത്തിന്റെ അവസാനവട്ട ജോലികൾ രണ്ടാഴ്ചയ്ക്കുള്ളിൽ പൂർത്തിയാക്കും. റബറൈസ്ഡ് ടാറിങ് അടുത്ത ദിവസം ആരംഭിക്കും. വൈദ്യുതീകരണ ജോലികൾ കെൽട്രോണിനെയാണ് ഏൽപ്പിച്ചിരിക്കുന്നത്. പെയിന്റിങ് നടന്നുവരികയാണ്. ഉൗരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കായിരുന്നു പാലം നിർമാണച്ചുമതല. പണികൾ വേഗത്തിൽ തന്നെ കരാറുകാർ പൂർത്തീകരിച്ചു.
സ്വപ്നത്തിലേക്കൊരു പാലം
ഭാരതപ്പുഴയോരത്തെ കർമ റോഡും കർമ പാലവും പൊന്നാനിയുടെ വികസന രംഗത്തെ പുതിയ മുഖമാണ്. റോഡും പാലവും വിനോദസഞ്ചാരത്തിനടക്കം മുന്നോട്ടുവയ്ക്കുന്ന സാധ്യതകൾ ഏറെ വലുതാണ്. കർമ റോഡ് ഇപ്പോൾ തന്നെ പൊന്നാനിയുടെ ടൂറിസം അടയാളമായി മാറിക്കഴിഞ്ഞു. ദിവസവും വൈകുന്നേരം നൂറുകണക്കിനാളുകൾ എത്തുന്ന വിനോദകേന്ദ്രമായി ഇവിടം മാറിക്കഴിഞ്ഞു. കർമ പാലം കൂടി തുറക്കുന്നതോടെ ചമ്രവട്ടം കടവിൽനിന്ന് ഫിഷിങ് ഹാർബറിലേക്കും കടപ്പുറത്തേക്കും എളുപ്പത്തിൽ എത്താൻ കഴിയും.
പുഴ കണ്ട്, കടലിലേക്ക്..
പുഴയിലേക്കുള്ള വഴിയാണ് ചമ്രവട്ടം കടവിൽനിന്ന് കർമ റോഡ് തുറന്നുവയ്ക്കുന്നത്.. 5.8 കിലോമീറ്റർ നീളത്തിൽ മതിവരുവോളം പുഴ കണ്ട് യാത്ര ചെയ്യാം.. ഇത്ര ദൂരത്തിൽ പുഴയുടെ കാഴ്ചയൊരുക്കുന്ന ഇങ്ങനെയൊരു നിരത്ത് അപൂർവമായിരിക്കും. ഇൗ സാധ്യതയാണ് ടൂറിസം രംഗത്ത് പൊന്നാനിക്ക് പ്രതീക്ഷ നൽകുന്നത്. അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിച്ച് പുഴയോരത്തെ സർക്കാർ ഭൂമിയിൽ വിനോദസഞ്ചാര പദ്ധതികൾ കൂടി കൊണ്ടുവന്നാൽ അത് പൊന്നാനിക്ക് പുതിയമുഖം സമ്മാനിക്കും.
അടുത്തത് അഴിമുഖം പാലം
"കർമ പാലം യാഥാർഥ്യമാക്കുന്നതിനു പിന്നാലെത്തന്നെ പൊന്നാനി–പടിഞ്ഞാറേക്കര അഴിമുഖം പാലം പണി തുടങ്ങാനുള്ള ശ്രമത്തിലാണ്. ഇതിനായുള്ള ഭൂമി ഏറ്റെടുക്കൽ നടപടികൾ നടക്കുകയാണ്. ഒരു ഭാഗത്ത് കർമ പാലവും മറ്റൊരു ഭാഗത്ത് അഴിമുഖം പാലവും പൊന്നാനി ഹാർബർ പ്രദേശത്ത് സംഗമിക്കുമ്പോൾ വലിയൊരു ചരിത്രമാറ്റത്തിനാണ് ഇൗ നാട് സാക്ഷ്യം വഹിക്കുക." - പി.നന്ദകുമാർ എംഎൽഎ