ADVERTISEMENT

ദുബായ്∙ ഫുട്ബോൾ ഇതിഹാസം പെലെ ദുബായിൽ എത്തിയാൽ ആദ്യം തിരയുന്ന മലയാളി മലപ്പുറം എടരിക്കോട് പുതുപ്പറമ്പ് സ്വദേശി ഒ.ടി. സലാമാണ്. ഡ്രൈവറായ സലാം ഓടിക്കുന്ന വാഹനത്തിലിരിക്കുന്നതാണ് പെലെയ്ക്ക് സന്തോഷം. 2014ൽ ബ്രസീലിൽ ലോക കപ്പ് നടന്നപ്പോഴാണ് സലാമും പെലെയും ദുബായിൽ കണ്ടു മുട്ടുന്നത്. പരസ്യ ചിത്രീകരണത്തിനും മറ്റുമായി ദുബായിലെത്തിയ പെലെയുടെ വാഹനമോടിക്കാൻ എമിറേറ്റ്സ് നിയോഗിച്ചത് അവരുടെ വിഐപി ഡ്രൈവറായ ഒ.ടി. സലാമിനെ. അന്നു പെലെയ്ക്ക് സഞ്ചരിക്കാനായി മെഴ്സിഡീസിന്റെ എസ് 500 എന്ന പുത്തൻ കാറാണ് എമിറേറ്റ്സ് വാങ്ങിയത്. 

 

കാറിന്റെ സാരഥിയെ പെലെയ്ക്ക് ബോധിച്ചു. ജീവിതം ഫുട്ബോളിനു സമർപ്പിച്ച മലപ്പുറത്തുകാരനാണെന്ന് കൂടി അറിഞ്ഞതോടെ ഇഷ്ടം കൂടി. സമയം കിട്ടിയപ്പോൾ മലപ്പുറത്തെ ഫുട്ബോൾ ഹരത്തിന്റെ ചിത്രങ്ങൾ സലാം പെലെയ്ക്കു കാണിച്ചുകൊടുത്തു. പിന്നീട്, രണ്ടു തവണ കൂടി അദ്ദേഹം ദുബായിൽ എത്തി. അപ്പോഴെല്ലാം, ഡ്രൈവറായി സലാം തന്നെ വേണമെന്നു പെലെ നിർബന്ധം പറഞ്ഞിരുന്നു. അവസാന കൂടിക്കാഴ്ചയിൽ പെലെ ക്ഷീണിതനായിരുന്നു. പോകുമ്പോൾ ഫുട്ബോളിലും ഷോളിലും ഒപ്പിട്ടു നൽകി.  സലാമിന്റെ കുടുംബം നാട്ടിലാണ്. ഭാര്യ: ഉമൈബാൻ. മക്കൾ: റിൻഷിന, അൻഷിന, ഇഷാൻ.

 

Pele
ന്യൂയോർക്കിലെ മാഡം ടുസോഡ്സ് വാക്സ് മ്യൂസിയത്തിലെ പെലെയുടെ പ്രതിമയ്ക്കരികിൽ അഹമ്മദ് കുട്ടി മച്ചിങ്ങൽ

ന്യൂസ് റീലുകളിലൂടെ തുടങ്ങിയ ഇഷ്ടം

 

പോസ്റ്റൽ ഡിപ്പാർട്ട്മെന്റ് ടീം മുൻതാരം അഹമ്മദ് കുട്ടി മച്ചിങ്ങൽ പെലെയെന്ന ഇതിഹാസത്തെ ഓർക്കുന്നു...

 

1960കളിൽ ആണല്ലോ പെലെയെന്ന താരം ലോക ഫുട്ബോളിൽ ഉദിക്കുന്നത്. അന്ന് കളിയെക്കുറിച്ചും താരങ്ങളെക്കുറിച്ചും അറിയാനുള്ള മാർഗങ്ങൾ കുറവായിരുന്നു. തിയറ്ററുകളിൽ സിനിമ തുടങ്ങുന്നതിനു മുൻപ് 5 മിനിറ്റ് വരെയുള്ള ന്യൂസ് റീലുകളുണ്ടാകും. അതിൽ പലപ്പോഴും പെലെയെന്ന പേരും അദ്ദേഹത്തിന്റെ ചിത്രവുമൊക്കെ കാണും. ന്യൂസ് റീലിലെ സ്പോർട്സ് വാർത്തകൾ കേൾക്കാനായി മാത്രം സിനിമ തുടങ്ങുന്നതിനു മുൻപേ അന്നു തിയറ്ററിലെത്തുമായിരുന്നു. പിന്നീട് സ്പോർട്സ് ആൻഡ് പാസ്റ്റ് ടൈം എന്ന പ്രസിദ്ധീകരണത്തിലൂടെയും പത്രങ്ങളിലെ സ്പോർട്സ് കോളത്തിലൂടെയുമാണു പെലെയെന്ന താരത്തെക്കുറിച്ച് കൂടുതൽ അറിയുന്നത്. അതിനു മുൻപേ, ലെവ് യാഷിൻ, പുഷ്കാസ് തുടങ്ങിയ താരങ്ങളെക്കുറിച്ചൊക്കെ കേൾക്കുന്നുണ്ട്. എന്നാൽ, ഫുട്ബോൾ ലോകത്തെ ആദ്യത്തെ സൂപ്പർ സ്റ്റാറായി എല്ലാവരും അറിഞ്ഞു തുടങ്ങിയതു പെലെയെ തന്നെയാണ്.

 

നേരിട്ട് കാണാനുള്ള അവസരമുണ്ടായില്ലെങ്കിലും അമേരിക്ക സന്ദർശിച്ചപ്പോൾ ന്യൂയോർക്കിലെ മാഡം ടുസോഡ്സ് മെഴുക് മ്യൂസിയത്തിൽ പെലെയുടെ ജീവൻ തുടിക്കുന്ന പ്രതിമയ്ക്കൊപ്പമിരുന്ന് ചിത്രമെടുക്കാനായി. ആ ചിത്രം ഇന്നും സൂക്ഷിച്ചിട്ടുണ്ട്. ഇതിഹാസത്തിന് സ്മരണാഞ്ജലികൾ..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com