പുതിയങ്ങാടി നേർച്ചയ്ക്ക് കൊടിയേറി
Mail This Article
തിരൂർ ∙ ആയിരങ്ങളെ സാക്ഷിയാക്കി പുതിയങ്ങാടി നേർച്ചയ്ക്കു കൊടിയേറി. ഇന്നലെ രാവിലെ മാർക്കറ്റിൽനിന്ന് അരി വരവോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ഇവരെത്തിച്ച അരി കൊണ്ടുണ്ടാക്കിയ കഞ്ഞി വിശ്വാസികൾക്കു വിതരണം ചെയ്തു. വൈകിട്ട് നാലോടെ ജാറത്തിൽനിന്ന് ഭാരവാഹികൾ തിരൂർ പൊലീസ് സ്റ്റേഷനിലെത്തി. ഇവിടെ വച്ച് വരവുകാരെത്തിച്ച മുളയിൽ തിരൂർ ഡിവൈഎസ്പി വി.വി.ബെന്നി കൊടിയേറ്റത്തിനുള്ള മുള കെട്ടി നൽകി. പാരമ്പര്യസംഗീതം മുഴക്കി ചീനിമുട്ട് സംഘം വരവുകാരെ ആനയിച്ചു.
തുടർന്ന് 6 ആനകളുടെയും വാദ്യഘോഷങ്ങളുടെയും അകമ്പടിയിൽ ആയിരക്കണക്കിനാളുകൾ കൊടിയുമായി നടന്നുനീങ്ങി. ആലത്തിയൂർ പൂഴികുന്ന് വരെ പോയി തിരിച്ച് ജാറം മൈതാനത്തിലെത്തി പ്രാർഥന നടത്തി കൊടിമരത്തിൽ കൊടികയറ്റി. ഘോഷയാത്ര കടന്നുപോയ വഴിയിലും ജാറം മൈതാനത്തും ആയിരക്കണക്കിന് ആളുകളാണു കാത്തുനിന്നിരുന്നത്. ഇന്നലെ രാത്രി മുതൽ ജാറത്തിലേക്ക് വിവിധ ദേശങ്ങളിൽനിന്ന് പെട്ടിവരവുകൾ എത്തിത്തുടങ്ങി. ഇന്നും നാളെയും ഇതു തുടരും. ബുധനാഴ്ച പുലർച്ചെ വാക്കാട്ടു നിന്നുള്ള ചാപ്പക്കാരുടെ വരവിനു ശേഷം കമ്പം കത്തിക്കുന്നതോടെ നേർച്ച സമാപിക്കും.