പൊന്നാനി മാതൃശിശു ആശുപത്രി ആവശ്യത്തിന് മരുന്നുകളില്ല
Mail This Article
പൊന്നാനി ∙ മാതൃശിശു ആശുപത്രിയിൽ മരുന്നില്ല, അത്യാവശ്യ മരുന്നുകളെല്ലാം പുറത്തുനിന്ന് വാങ്ങണം. രോഗികൾക്ക് പരീക്ഷണ കാലം. സാമ്പത്തിക വർഷാവസാനമായതിനാൽ മരുന്ന് വാങ്ങിക്കാനുള്ള ഫണ്ട് തീർന്നതാണ് പ്രശ്നമെന്നാണ് അറിയുന്നത്.
ഒപിയിൽ വരുന്ന രോഗികൾ ഡോക്ടറുടെ കുറിപ്പുമായി പുറത്തെ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിലേക്ക് പോകേണ്ട ഗതികേടാണ്. കാശില്ലാത്തവരാണെങ്കിൽ മരുന്ന് വാങ്ങാൻ കഴിയാതെ നട്ടം തിരിയുകയാണ്.
കുഞ്ഞുങ്ങളുമായി ആശുപത്രിയിലെത്തുന്ന തീരദേശ മേഖലയിലുള്ള കുടുംബങ്ങൾ എന്തു ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണ്. പലരും കാശ് കടം വാങ്ങിയാണ് കുട്ടികൾക്കുള്ള മരുന്ന് വാങ്ങിക്കുന്നത്.
മാതൃശിശു ആശുപത്രിയിൽ ദിവസങ്ങളായി ഇൗ ദുരവസ്ഥ തുടങ്ങിയിട്ട്. ഡോക്ടറുടെ കുറിപ്പിൽ 4 ഇനം മരുന്നുകളെഴുതിയാൽ മൂന്നിനവും പുറത്തു നിന്ന് വാങ്ങേണ്ടി വരികയാണെന്ന് രോഗികൾ പറയുന്നു.
ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിക്കാനുള്ള ബോധപൂർവമായ നീക്കം സംഭവത്തിനു പിന്നിലുണ്ടെന്ന് ആരോപണമുണ്ട്.
മാസങ്ങൾക്ക് മുൻപും സമാനമായ ദുരവസ്ഥയുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയിലും ഇൗ ദുരിതമുണ്ട്.
ഇവിടെയും സാമ്പത്തിക വർഷം അവസാനത്തിലേക്ക് എത്തിയപ്പോഴേക്കും അനുവദിച്ച തുകയ്ക്കുള്ള മരുന്നുകൾ വിതരണം ചെയ്തു കഴിഞ്ഞു. 20% തുക അധികം ആവശ്യപ്പെട്ടതാണെങ്കിൽ ലഭ്യമായിട്ടുമില്ലെന്നാണ് വിവരം.
തീരദേശ മേഖലയിലെ സാധാരണ മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് മാതൃശിശു ആശുപത്രിയെയും താലൂക്ക് ആശുപത്രിയെയും ആശ്രയിക്കുന്നത്.
====