ബജറ്റിലെ നികുതീ; യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം
Mail This Article
മലപ്പുറം ∙ ബജറ്റിലെ നികുതി വർധനയ്ക്കെതിരെയും ഇന്ധന സെസ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ജില്ലാ യൂത്ത് കോൺഗ്രസ് നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. കല്ലേറിൽ മാധ്യമ പ്രവർത്തകനും ജലപീരങ്കി പ്രയോഗത്തിലും പൊലീസുമായുള്ള പിടിവലിയിലും 7 യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കും പരുക്ക്. സംസ്ഥാന ഉപാധ്യക്ഷൻ റിയാസ് മുക്കോളി, ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി എന്നിവരുൾപ്പെടെ 21 പേർ അറസ്റ്റിൽ.
12 മണിയോടെ ഡിസിസി ഓഫിസിൽ നിന്നാരംഭിച്ച പ്രകടനം സിവിൽ സ്റ്റേഷൻ കവാടത്തിൽ എഎസ്പി വിജയഭാരത് റെഡ്ഡിയുടെ നേതൃത്വത്തിൽ പൊലീസ് തടഞ്ഞു. പാഞ്ഞടുത്ത പ്രവർത്തകർ ബാരിക്കേഡിനു മുകളിൽ നിലയുറപ്പിച്ചെങ്കിലും നേതാക്കൾ പിന്തിരിപ്പിച്ചു. ഉദ്ഘാടനച്ചടങ്ങിനു ശേഷം പ്രവർത്തകർ മുദ്രാവാക്യങ്ങളുമായി വീണ്ടും ബാരിക്കേഡ് തകർക്കാൻ ശ്രമിച്ചപ്പോഴാണ് പൊലീസ് ജലപീരങ്കി പ്രയോഗിച്ചത്. വെള്ളത്തിന്റെ ശക്തിയിൽ റോഡിലേക്ക് തെറിച്ചുവീണു പരുക്കേറ്റ അമരമ്പലം മണ്ഡലം പ്രസിഡന്റ് അമീറിനെ പ്രവർത്തകർ ആശുപത്രിയിലേക്കു മാറ്റി.
പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു നീക്കാനാരംഭിച്ചതോടെയാണ് സംഘർഷം രൂക്ഷമായത്. നിലത്തുകിടന്നു ചെറുത്ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് ബസിലേക്ക് മാറ്റി. ബസിനകത്തും പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളുമുണ്ടായി. ഇതിനിടെ ബസിന്റെ പിൻവാതിൽ തുറന്ന് 2 പ്രവർത്തകർ പുറത്തെത്തി.
ഇതേസമയത്ത് ബിജെപി ജില്ലാ കമ്മിറ്റിയുടെ പ്രകടനവും സിവിൽ സ്റ്റേഷനിലേക്ക് വന്നതോടെ പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കു നേരെ ലാത്തി വീശി. ബാക്കി പ്രവർത്തകരെ അറസ്റ്റ് ചെയ്തു മാറ്റുന്നതിനിടെയുണ്ടായ കല്ലേറിലാണ് 24 ന്യൂസ് ക്യാമറാമാൻ സുബൈർ ഫൈസിക്കു (35) പരുക്കേറ്റത്. സുബൈറിനെ മാധ്യമപ്രവർത്തകർ ആദ്യം താലൂക്ക് ആശുപത്രിയിലേക്കും പിന്നീട് സഹകരണ ആശുപത്രിയിലേക്കും മാറ്റി.
റിയാസ് മുക്കോളി, ഷാജി പച്ചേരി, ജില്ലാ സെക്രട്ടറി ആഷിദ് ആനക്കയം, ജില്ലാ ഭാരവാഹികളായ റഹീം മൂർക്കൻ, ഇ.സഫീർ ജഹാൻ, മഹേഷ് കൂട്ടിലങ്ങാടി എന്നിവർക്കും പരുക്കേറ്റു. ഇവർ സഹകരണ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലുമായി ചികിത്സ തേടി. സംസ്ഥാന, ജില്ലാ നേതാക്കളടക്കം അറസ്റ്റിലായവർക്ക് പിന്നീട് ജാമ്യം ലഭിച്ചു.
പൊലീസ് നടപടി കാടത്തം: ജോയ്
മലപ്പുറം ∙ സമാധാനപരമായി പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച പൊലീസ് നടപടി കാടത്തമാണെന്നു ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് പറഞ്ഞു. പരുക്കേറ്റ പ്രവർത്തകരെ കോൺഗ്രസ് നേതാക്കളായ ഇ.മുഹമ്മദ് കുഞ്ഞി, കെ.പി.നൗഷാദ് അലി, വി.എ.കരീം എന്നിവർ ആശുപത്രിയിലെത്തി സന്ദർശിച്ചു.
സമരം തുടരും: ആര്യാടൻ ഷൗക്കത്ത്
മലപ്പുറം ∙ പാവപ്പെട്ടവരുടെ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് ജനം ബിരിയാണി ചാലഞ്ചിലൂടെ പണം കണ്ടെത്തേണ്ടി വരുമ്പോൾ എൽഡിഎഫ് സർക്കാർ അനാവശ്യ കാര്യങ്ങൾക്ക് പണം ധൂർത്തടിക്കുകയാണെന്ന് കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്. മുഖ്യമന്ത്രി പിണറായി വിജയന്റെ ഏകാധിപത്യ രീതിയിലുള്ള ഭരണത്തിനും നികുതി വഴിയുള്ള പിടിച്ചുപറിക്കുമെതിരെ സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.കലക്ടറേറ്റ് ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു.