ബൈക്ക് യാത്രികൻ കുഴിയിൽ വീണു
Mail This Article
എടപ്പാൾ ∙ കാത്തിരിപ്പിനൊടുവിൽ ടാറിങ് പൂർത്തീകരിച്ചു; എന്നാൽ ജല അതോറിറ്റിയുടെ മൂടാത്ത കുഴിയിൽ വീണ് ബൈക്ക് യാത്രികന് പരുക്ക്. വട്ടംകുളം കുറ്റിപ്പാല ഉണ്ണി നമ്പൂതിരി റോഡിലെ കുഴിയിൽ വീണ് സാരമായി പരുക്കേറ്റ പോട്ടൂർ ചീനിക്കപ്പറമ്പിൽ നജീബിനെ (36) എടപ്പാളിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്ക് തകരുകയും ചെയ്തു. കുറ്റിപ്പാല മുതൽ ചങ്ങരംകുളം വരെ നീളുന്ന റോഡിന്റെ നിർമാണം ആരംഭിച്ച് ഒരു വർഷം പിന്നിട്ടു. ഏറെ നാൾ റോഡ് തകർന്നു കിടന്നത് ജനങ്ങളെ വലച്ചു. ചങ്ങരംകുളം ഭാഗത്തെ റോഡ് നിർമാണം നേരത്തെ പൂർത്തിയായെങ്കിലും കുറ്റിപ്പാല മേഖലയിലെ ടാറിങ് ജോലികൾ അടുത്തിടെയാണ് അവസാനിച്ചത്.
ഈ ഭാഗത്തെ ജല ജീവൻ മിഷൻ പദ്ധതി പ്രകാരമുള്ള പൈപ്പ് ലൈൻ സ്ഥാപിക്കൽ വൈകിയതാണ് ടാറിങ്ങും വൈകാൻ ഇടയാക്കിയത്. ഈ ഭാഗത്ത് ഉണ്ടായിരുന്ന മോട്ടോർപുര പൊളിച്ചു നീക്കിയപ്പോൾ താഴ്ത്തിയിടാനായി എടുത്ത കുഴി നികത്താത്തതിനാൽ ഈ ഭാഗം ഒഴിവാക്കിയാണ് ടാറിങ് നടത്തിയത്. ഈ കുഴിയാണ് നിലവിൽ അപകട ഭീഷണിയാകുന്നത്. ഈ കുഴിയിലാണ് ഇന്നലെ ബൈക്ക് വീണത്. കുഴി ഇനിയും നികത്തിയില്ലെങ്കിൽ എപ്പോഴും അപകടം സംഭവിക്കാവുന്ന അവസ്ഥയാണെന്ന് നാട്ടുകാർ പറയുന്നു.