എച്ച്3എൻ2: ആശങ്ക ഒഴിയുന്നു
Mail This Article
പെരിന്തൽമണ്ണ∙ പുലാമന്തോളിലും പെരിന്തൽമണ്ണയിലും എച്ച്3എൻ2 വൈറസ് ബാധയുടെ ആശങ്ക ഒഴിയുന്നു. ഇതുവരെ രോഗബാധ സ്ഥിരീകരിച്ച മൂന്നുപേരും ആശുപത്രിയിൽനിന്ന് വീടുകളിലേക്കു മടങ്ങിയതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. എങ്കിലും രോഗബാധ കണ്ടെത്തിയ പ്രദേശങ്ങളിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തുന്നുണ്ട്.
പെരിന്തൽമണ്ണയിലെ 3 വയസ്സുള്ള കുഞ്ഞിനും പുലാമന്തോളിലെ പത്തും പതിനാലും വയസ്സുള്ള ഒരേ വീട്ടിലെ 2 കുട്ടികൾക്കുമാണ് രോഗബാധ കണ്ടെത്തിയിരുന്നത്. മുംബൈയിൽനിന്ന് എത്തിയ കുടുംബത്തിലെ കുഞ്ഞിന് അവിടെനിന്നു തന്നെ രോഗബാധ ഉണ്ടായിരിക്കാമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. പുലാമന്തോളിലെ ഒരു കുട്ടിക്കാണ് ആദ്യം രോഗബാധ കണ്ടെത്തിയിരുന്നത്. പിന്നീട് സഹോദരനുകൂടി രോഗലക്ഷണങ്ങൾ കണ്ട് ചികിത്സ തേടുകയായിരുന്നു. പെരിന്തൽമണ്ണയിലെ ആശുപത്രികളിലാണ് 3 പേരും ചികിത്സ തേടിയിരുന്നത്.
രണ്ടിടത്തും നിലവിൽ രോഗവ്യാപനത്തിന് സാധ്യതയില്ലെന്ന് അധികൃതർ അറിയിച്ചു. ഇവിടങ്ങളിൽ ആരോഗ്യവകുപ്പിന്റെയും ആശാ പ്രവർത്തകരുടെയും നേതൃത്വത്തിൽ ഫീവർ സർവേയും ബോധവൽക്കരണ പ്രവർത്തനങ്ങളും ഭവനസന്ദർശനവും നടത്തി.