ADVERTISEMENT

കോട്ടയ്ക്കൽ ∙ മുസ്‌ലിംകൾ റമസാനിൽ വ്രതനിഷ്ഠ പിന്തുടരുമ്പോൾ സ്വന്തം ജീവിതത്തിലും അത് യാഥാർഥ്യമാക്കണമെന്ന ആഗ്രഹത്താലാണ് കോട്ടയ്ക്കൽ ബാലകൃഷ്ണൻ നോമ്പനുഷ്ഠിക്കാൻ തുടങ്ങിയത്. ‘കോട്ടയ്ക്കൽ ഗാന്ധി’ എന്നറിയപ്പെടുന്ന ഗാന്ധിയനായ കോട്ടയ്ക്കൽ ബാലകൃഷ്ണൻ (75), 19–ാം വർഷവും റമസാൻ വ്രതമനുഷ്ഠിക്കാനുള്ള ഒരുക്കത്തിലാണ്. റമസാൻവ്രതം ബാലകൃഷ്ണന് ദൈവസാധന മാത്രമല്ല, ശാരീരികവും മാനസികവുമായ സുഖവുമാണ്. വ്രതനിഷ്ഠ പുണ്യമാണെന്ന വിശ്വാസവും അദ്ദേഹത്തിനുണ്ട്. 

പുലർച്ചെ മൂന്നരയോടെയാണ് ബാലകൃഷ്ണന്റെ റമസാൻ ദിവസത്തിനു തുടക്കം. കുളി കഴിഞ്ഞ് ലളിതാസഹസ്രനാമജപവും പ്രാർഥനയും. 5 മണിക്കു മുൻപ് ഭക്ഷണം. അതിനുശേഷം ഖുർആൻ, ബൈബിൾ, ഭഗവദ്ഗീത എന്നിവയുടെ വായന തുടരും. വീട്ടിൽത്തന്നെയാണ് നോമ്പുതുറയും. പള്ളിയിൽനിന്ന് മഗ്‍രിബ് ബാങ്കുവിളി കേട്ടാൽ ഈത്തപ്പഴം കഴിച്ചാണ് നോമ്പുതുറക്കൽ. ഓട്സ് കഞ്ഞിയാണ് നോമ്പുതുറ വിഭവം. രാത്രിയിൽ ചപ്പാത്തിയും കറിയും. ശുദ്ധ വെജിറ്റേറിയൻകൂടിയാണ് അദ്ദേഹം.

നോമ്പനുഷ്ഠിക്കുന്നതിൽ ഭാര്യ ഗിരിജയ്ക്കോ മകൾ അരുന്ധതിക്കോ വിരോധമില്ല. അവരുടെ പ്രോത്സാഹനവും പിന്തുണയും കൂടെയുണ്ട്. ഖുർ‌ആൻ പരിഭാഷയും കോട്ടയ്ക്കൽ ‌‌ആയുർനികേതൻ ദേവാലയത്തിലെ വികാരിയായിരുന്ന ഫാ. ജോസഫ് നൽകിയ ബൈബിളും കൈവശമുണ്ട്. ഗാന്ധിജിയുടെ ഗീതാ വ്യാഖ്യാനമായ ‘അനാസക്തിയോഗ’മാണ് മറ്റൊരു പുണ്യഗ്രന്ഥം. മാവൂർ ഗ്വാളിയോർ റയോൺസിൽനിന്ന് വിആർഎസ് വാങ്ങിയശേഷം പാണ്ഡമംഗലത്ത് സ്ഥിരതാമസമാക്കിയിട്ട് 21 വർഷമായി.

സർവോദയമണ്ഡലം ജില്ലാ സെക്രട്ടറിയും മദ്യനിരോധന സമിതി ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന അദ്ദേഹം ഇപ്പോൾ സീനിയർ സിറ്റിസൻസ് ഫ്രൻഡ്സ് വെൽഫെയർ അസോസിയേഷൻ കോട്ടയ്ക്കൽ യൂണിറ്റ് പ്രസിഡന്റാണ്. പുതുവർഷത്തെ വരവേൽക്കാൻ ഡിസംബർ 31ന് അദ്ദേഹം നടത്തുന്ന ‘പുതുവർഷം ഗാന്ധിസ്മരണ’യോടെ എന്ന പരിപാടി ശ്രദ്ധേയമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com