നഗാരയും കതിനവെടിയും; നോമ്പിന്റെ വണ്ടൂരോർമ
Mail This Article
വണ്ടൂർ ∙ നോമ്പു തുറക്കാൻ സമയമായെന്നറിയിച്ച് ആദ്യം കതിന വെടി മുഴക്കം. പിന്നാലെ നഗാര മുട്ട്. തുടർന്ന് ബാങ്ക്. പഴമയുടെ നോമ്പുതുറത്തിളക്കം ഇന്നും കാത്തു സൂക്ഷിക്കുന്നൊരു പള്ളിയുണ്ട് വണ്ടൂരിൽ. പള്ളിക്കുന്ന് വലിയ ജുമാഅത്ത് പള്ളി. 2 നൂറ്റാണ്ടിലേറെ പഴക്കമുള്ള ഈ പള്ളിയിൽ ഇന്നു വരെ മൈക്ക് ഉപയോഗിച്ചിട്ടില്ല എന്ന പ്രത്യേകതയുമുണ്ട്. കേരള സംസ്ഥാന ജംഇയ്യത്തുൽ ഉലമയ്ക്കു കീഴിലെ ഈ പള്ളിയിൽ ഇപ്പോഴും ദിവസവും 5 നേരത്തെ ബാങ്ക് വിളി സമയത്ത് നഗാര മുട്ടും. റമസാൻ, ശവ്വാൽ തുടങ്ങി മാസപ്പിറവി കണ്ടാലും നഗാരമടിക്കും.
ബാങ്ക് വിളിയുടെ ചുമതലയുള്ള ‘മുഹിയദ്ദീനാണ്’ നഗാരയും കൊട്ടുന്നത്. കതിനവെടി മുഴക്കാനുള്ള ചുമതല കൈമാറി വരുന്നു. ഇപ്പോൾ മുത്തിരി നാസറാണ് കതിന നിറച്ചു പൊട്ടിക്കുന്നത്.മുൻപൊക്കെ മിക്ക പള്ളികളിലും ഈ ഉപകരണായിരുന്നു നമസ്കാര സമയവും നോമ്പിന് അത്താഴ സമയവും അടക്കം അറിയിക്കാൻ ഉപയോഗിച്ചിരുന്നത്. കാലക്രമേണ മൈക്ക് പള്ളികളിൽ വന്നതോടെ നഗാരങ്ങൾ പടിയിറങ്ങി. അപ്പോഴാണ് മൈക്ക് ഇന്നും ഉപയോഗിക്കാതെ ഈ പള്ളിയിൽ നഗാര ഇപ്പോഴും സമയമറിയിക്കുന്നത്.
വാദ്യോപകരണങ്ങൾക്കു സമാനമായി മൃഗത്തോലുകൊണ്ട് നിർമിച്ച പ്രത്യേക ഉപകരണമാണ് നഗാര. കോലുകൊണ്ട് പ്രത്യേക താളത്തിൽ 3 റൗണ്ട് അടിച്ചാണ് സമയമറിയിക്കുന്നത്. മുൻപൊക്കെ വണ്ടൂർ ടൗൺ മൊത്തം ഇതിന്റെ ശബ്ദം കേൾക്കുമായിരുന്നെന്ന് ഖത്തീബ് ഇർഷാദ് വഹബി പറഞ്ഞു. ഏറെ പഴക്കമുള്ള ഇവിടത്തെ നഗാര അടുത്ത കാലത്താണ് അറ്റകുറ്റപ്പണി നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
നോമ്പ് തുറക്കാനുള്ള സമയമറിയിക്കാൻ കതിന വെടി പൊട്ടിക്കുന്ന സമ്പ്രദായം ഇന്നും ജില്ലയിലെ പല പള്ളികളിലുമുണ്ട്. വാഴക്കാട് വലിയ ജുമാഅത്ത് പള്ളിയിൽ നിന്നുള്ള കതിനവെടി മുഴക്കം കേൾക്കാതെ നോമ്പ് തുറക്കാൻ കൂട്ടാക്കാത്ത കുടുംബങ്ങൾ ഇന്നും ആ ഭാഗത്തുണ്ട്. ഈ കതിന നിറയ്ക്കാനും പൊട്ടിക്കാനുമുള്ള അവകാശം ഇവിടത്തെ ഒരു കുടുംബത്തിനാണ്. എം.പി.അബ്ദുല്ല എന്നയാളാണ് ഇപ്പോൾ അത് ചെയ്യുന്നത്.
അത്താഴ സമയമറിയിക്കാൻ പണ്ടൊക്കെ മുട്ടുംവിളിയും തുടങ്ങിയ പലയിനം രീതികൾ ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അപ്രത്യക്ഷമായി. എങ്കിലും ഈ സമയത്ത് പള്ളിയിൽനിന്ന് ഖുർആൻ പാരായണം ചെയ്തും ദിക്റ്, സ്വലാത്ത് തുടങ്ങിയവ ചൊല്ലിയും അറിയിപ്പ് കൊടുക്കുന്നത് പല പള്ളികളിലും തുടരുന്നുണ്ട്.
നഗാര, നഗാരം
നഗാര, നഗാരം എന്നെല്ലാം അറിയപ്പെടുന്ന വാദ്യോപകരണം മുൻപു മുസ്‌ലിം പള്ളികളിൽ നമസ്കാര സമയം അറിയിക്കാൻ വ്യാപകമായി ഉപയോഗിച്ചിരുന്നു. ഇപ്പോൾ അപൂർവമാണ്. പെരുമ്പറയുമായി സാമ്യമുണ്ട്. നേരത്തെ മുഗൾ ഭരണാധികാരികൾ അറിയിപ്പു നൽകാനും ആളെക്കൂട്ടാനും യുദ്ധസമയങ്ങളിൽ ആവേശം വർധിപ്പിക്കാനും നഗാര ഉപയോഗിച്ചിരുന്നു.
ഉത്തരേന്ത്യയിൽ വിവാഹമേളങ്ങൾക്കും ഉപയോഗിച്ചുവരുന്നു. മിക്ക രാജ്യങ്ങളിലും നഗാരയുടെ വിവിധ രൂപത്തിലുള്ള വാദ്യോപകരണങ്ങൾ പ്രചാരത്തിലുണ്ട്.