പഴ വിപണി ഉണർന്നു; താരമായി തണ്ണിമത്തൻ
Mail This Article
തിരൂർ ∙ നോമ്പുകാലം തുടങ്ങിയതോടെ പഴം വിപണിയും ഉണർന്നു. കടുത്ത വേനലും വ്രതവുമെല്ലാം ചന്തയിലെത്തുന്നവരെ ഈ പഴങ്ങളിലേക്ക് ആകർഷിക്കുന്നുണ്ട്. ചില പഴങ്ങൾക്ക് വേനലിലെ ചൂട് പോലെ വില ഉയരുമ്പോൾ ചിലതിന്റെ വില ഇപ്പോഴും തണുപ്പനാണ്. നേന്ത്രപ്പഴത്തിനാണ് വിലയിൽ ഇടിവ് വന്നത്. 28 – 32 രൂപ വരെയാണ് വില.
ഉൽപാദനത്തിലുണ്ടായ വർധനയാണ് വില കൂടാതെ പിടിച്ചു നിർത്തിയത്. അതേ സമയം റോബസ്റ്റ പഴത്തിനു ഇതിനെക്കാൾ ഒന്നോ രണ്ടോ രൂപ കൂടുതലാണ്. തണ്ണിമത്തനാണ് വിപണിയിൽ ഇത്തവണയും താരം. 25 – 30 രൂപ വരെ വില വരുന്നുണ്ടെങ്കിലും ചൂടും വ്രതവും വ്യാപാരികൾക്കു വലിയ പ്രതീക്ഷയാണു നൽകുന്നത്. ഇറാനി (18 – 24), മഞ്ഞ (25 – 30) എന്നീ തണ്ണിമത്തനും ധാരാളമായി എത്തിയിട്ടുണ്ട്. പോളണ്ട്, ഈജിപ്ത്, തുർക്കി, ഇറാൻ, യുഎസ് എന്നിവിടങ്ങളിൽ നിന്നുള്ള ആപ്പിളുകൾക്ക് 135 – 175 രൂപ വരെയാണ് വിലയുള്ളത്.
അനാർ (130 – 160), സിട്രസ് ഓറഞ്ച് (100 – 120), ജുർത്തക്കാൽ ഓറഞ്ച് (100 – 120), സാധാരണ ഓറഞ്ച് (80 – 95), കറുത്ത മുന്തിരി (50 – 60), കുരുവില്ലാത്ത കറുത്ത മുന്തിരി (95 – 120), ഷമാം (40 – 50), പൈനാപ്പിൾ (65 – 80), ഡ്രാഗൺ ഫ്രൂട്ട് (220 – 230), മാങ്ങ (70 – 130), ബട്ടർ (180 – 250), കിവി (90 – 100), പപ്പായ (40 – 60) എന്നിങ്ങനെയാണ് ആവശ്യക്കാർ കൂടുതലുള്ള പഴങ്ങളുടെ വില. വിദേശരാജ്യങ്ങളിൽ നിന്നും കർണാടക, ആന്ധ്ര, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളിൽ നിന്നുമാണ് ഇവിടെ പഴമെത്തുന്നത്.