വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കൽ; സ്ഥലം ഉടമകളുടെ ഹിയറിങ് 5ന്
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിൽ റിസ വികസനത്തിനായി 14.5 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ടു പൊതുജന ഹിയറിങ് ഏപ്രിൽ 5നു നടക്കും. ന്യായമായ നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമായി സാമഹികാഘാത പഠനത്തിന്റെ അന്തിമ റിപ്പോർട്ട് തയാറാക്കേണ്ടതുണ്ട്. ഇതിന്റെ ഭാഗമായാണ് ഹിയറിങ്. രാവിലെ പത്തിന് കരിപ്പൂർ നഴ്സറി ഹാളിൽ പള്ളിക്കൽ വില്ലേജിലെയും ഉച്ചയ്ക്ക് 2.30നു കൊണ്ടോട്ടി താലൂക്ക് ഓഫിസ് കോൺഫറൻസ് ഹാളിൽ നെടിയിരുപ്പ് വില്ലേജിലെയും ഹിയറിങ് നടക്കും.സാമൂഹികാഘാത പഠനത്തിന്റെ കരട് റിപ്പോർട്ട് സ്പെഷൽ തഹസിൽദാരുടെ ഓഫിസിലും കലക്ടറേറ്റിലും അതത് വില്ലേജ് ഓഫിസുകളിലും പഠനം നടത്തിയ ഏജൻസിയുടെ വെബ്സൈറ്റിലും പരിശോധനയ്ക്കു ലഭ്യമാണെന്ന് സാമൂഹികാഘാത പഠനം .
നടത്തിയ ഏജൻസി തിരുവനന്തപുരം കേന്ദ്രമായ സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് അധികൃതർ അറിയിച്ചു.പള്ളിക്കൽ വില്ലേജിൽ 3 സർവേ നമ്പറുകളിലായി 7 ഏക്കറും നെടിയിരുപ്പ് വില്ലേജിൽ 8 സർവേ നമ്പറുകളിലായി 7.5 ഏക്കറും ആണ് ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നത്.ജില്ലാ റവന്യു അധികൃതരും പഠനസംഘത്തിലെ ഉദ്യോഗസ്ഥരും ലാൻഡ് അക്വിസിഷൻ ഓഫിസിലെ ഉദ്യോഗസ്ഥരും വിമാനത്താവളം മേധാവികളും ഹിയറിങ്ങിൽ പങ്കെടുക്കുമെന്നാണ് അറിയുന്നത്. പ്രദേശവാസികളുടെ അഭിപ്രായങ്ങൾ കേട്ടശേഷം അവർക്കു മികച്ച പാക്കേജ് ലഭ്യമാക്കുന്ന നടപടികളുമായി മുന്നോട്ടുപോകുമെന്നു ബന്ധപ്പെട്ടവർ പറഞ്ഞു.