നിലമ്പൂരിലെ കാട്ടിൽ ഇനി തേക്ക് വളരാത്ത വിധം ആനകളുടെ വിളയാട്ടം
Mail This Article
എടക്കര ∙ കാട്ടുതേക്കിന്റെ പെരുമയുള്ള നിലമ്പൂരിൽ ഇനി കാട്ടിൽ തേക്ക് വളരാത്ത വിധം ആനകളുടെ വിളയാട്ടം. നട്ടുപിടിപ്പിക്കുന്ന തേക്കുകളെല്ലാം ആനക്കൂട്ടം നശിപ്പിക്കുകയാണ്. ബ്രിട്ടീഷുകാർ വച്ച തേക്കുകൾ ഏറെകൂറെ മുറിച്ചുകഴിഞ്ഞു. ഇനി വളരെ ചുരുക്കം തേക്കുകളാണ് പഴയമുടെ കാതലുമായി ബാക്കിയുള്ളത്. ഉൾക്കാട് ഒഴികെ ഒട്ടുമിക്ക വനപ്രദേശങ്ങളും തേക്കുകളാൽ സമൃദ്ധമായിരുന്നു. എന്നാൽ, രണ്ടായിരത്തിന് ശേഷം പ്ലാന്റ് ചെയ്ത് തേക്ക് തോട്ടങ്ങളൊല്ലാം തന്നെ ആനക്കൂട്ടം നശിപ്പിച്ചു.
കരുളായി റേഞ്ചിലെ പൂളക്കപ്പാറ, പടുക്ക, മുണ്ടക്കടവ്, വഴിക്കടവ് റേഞ്ചിലെ നെല്ലിക്കുത്ത്, പുഞ്ചക്കൊല്ലി, കരിയംമുരിയം, തണ്ണിക്കടവ് തുടങ്ങിയ മേഖലകളിലെല്ലാം ഹെക്ടർ കണക്കിന് വരുന്ന സ്ഥലത്തെ തേക്കുകളാണ് ആനക്കൂട്ടം നശിപ്പിച്ചത്. തീറ്റയ്ക്ക് വേണ്ടിയാണ് തേക്കുകൾ നശിപ്പിക്കുന്നത്. തൊലിയിലെ മധുരമാണ് ആനകൾക്ക് പ്രിയം.
ആദ്യമൊക്കെ തോട്ടത്തിനുചുറ്റും വൈദ്യുതവേലി സ്ഥാപിച്ച് സംരക്ഷിക്കാൻ ശ്രമം നടത്തിയിരുന്നു. എന്നാൽ, ഇതുകൊണ്ട് ഫലമില്ലെന്ന് കണ്ടതോടെ വനപാലകർ പിൻമാറുകയായിരുന്നു. ഇതോടെ തേക്ക് തോട്ടങ്ങൾ ആനക്കൂട്ടത്തിന്റെ താവളമായി. അടുത്തൊന്നും പുതിയ തേക്ക് പ്ലാന്റേഷൻ എവിടെയും തുടങ്ങിയിട്ടില്ല.