താലൂക്ക് ആശുപത്രിയിലേക്കുള്ള പൈപ്പിലെ ചോർച്ച പരിഹരിച്ചു
Mail This Article
തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയിലേക്കുള്ള ജലഅതോറിറ്റിയുടെ പൈപ്‌ലൈനിലെ ചോർച്ച കണ്ടെത്തി പരിഹരിച്ചു. തൃക്കുളം ജലഅതോറിറ്റി ശുദ്ധീകരണ പ്ലാന്റിൽനിന്ന് താലൂക്ക് ആശുപത്രിയിലേക്കുള്ള പമ്പിങ് മെയിൻ ലൈനിലെ ചോർച്ചയാണ് കണ്ടെത്തി പരിഹരിച്ചത്. ചോർച്ച കാരണം 8 മാസത്തിലേറെയായി താലൂക്ക് ആശുപത്രിയിലേക്കുള്ള ശുദ്ധജല വിതരണം മുടങ്ങിയിരിക്കുകയാണ്. ചോർച്ച കണ്ടെത്താൻ സാധിക്കാത്തതിനാൽ പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിരുന്നില്ല.
നാടുകാണി– പരപ്പനങ്ങാടി റോഡ് നവീകരണത്തിന്റെ ഭാഗമായി റോഡിന്റെ വശങ്ങളിൽ കോൺക്രീറ്റ് ചെയ്തതാണ് ചോർച്ച കണ്ടെത്തുന്നതിന് തടസ്സമായത്.ആശുപത്രിയിലേക്ക് വെള്ളമില്ലത്തതിനാൽ ടാങ്കർ ലോറിയിൽ വെള്ളമെത്തിക്കുകയാണ്. ചോർച്ച കണ്ടെത്തൽ വൈകുമെന്നതിനാൽ ഇവിടേക്ക് പ്ലാന്റിൽനിന്ന് റോഡിന് മുകളിലൂടെ പൈപ്പിട്ട് വെള്ളമെത്തിക്കാൻ 50 ലക്ഷം രൂപയുടെ പദ്ധതിയും അനുവദിച്ചിരുന്നു.
ടെൻഡർ ചെയ്തെങ്കിലും ആരും കരാറെടുക്കാത്തതിനാൽ പ്രവൃത്തി തുടങ്ങാൻ പറ്റിയിട്ടില്ല. വേനൽ കടുത്തതോടെ ശുദ്ധജലക്ഷാമം രൂക്ഷമായതിനാൽ തകരാർ കണ്ടെത്താൻ വീണ്ടും ശ്രമം നടത്തുകയായിരുന്നു. ജല അതോറിറ്റി ഉദ്യോഗസ്ഥരും പൈപ്പ് മെയ്ന്റനൻസ് ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ചോർച്ച കണ്ടെത്തിയത്.
അമ്പലപ്പടിക്ക് സമീപം പെട്രോൾ പമ്പിന് മുൻപിലാണ് ചോർച്ചയുണ്ടായിരുന്നത്. ഇത് പരിഹരിച്ചു. അസി. എൻജിനീയർ എം.കെ.അബ്ദുൽ നാസർ, ഓവർസീയർമാരായ ടി.മുഹമ്മദ് സാലിഹ്, ടി.പി.ജയരാജ്, ഹെഡ് ഓപ്പറേറ്റർ സൂപ്പർവൈസർ പി.സുഭാഷ്, കുന്നത്ത് ബൈജു, എന്നിവരുടെ നേതൃത്വത്തിലാണ് ചോർച്ച പരിഹരിച്ചത്. ഇനിയും ചോർച്ചയുള്ള ഭാഗങ്ങളുണ്ടെന്നും പമ്പ് ചെയ്യുന്നതിൽ പകുതിയിലേറെ വെള്ളം ഇപ്പോഴും പുറത്തു പോകുകയാണെന്നും അസി. എൻജിനീയർ പറഞ്ഞു.