വിഷുവും പെരുന്നാളും എത്തിയിട്ടും റേഷൻ കടകളിൽ പുഴുക്കലരിയില്ല
Mail This Article
പൊന്നാനി ∙ റേഷൻ കടകളിൽ പുഴുക്കലരി കിട്ടാനില്ല. പച്ചരിയും മട്ട അരിയും മാത്രം. റമസാൻ കാലവും വിഷുവും പ്രമാണിച്ച് പുഴുക്കലരി എത്തിക്കാൻ ഇടപെടലുണ്ടായില്ലെന്നും പരാതിയുയർന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ഇൗ അവസ്ഥ തുടരുകയാണ്. കഴിഞ്ഞ 2 മാസങ്ങളിൽ കുറഞ്ഞ അളവിൽ പുഴുക്കലരിയെത്തിയിരുന്നു. റമസാൻ കാലം തുടങ്ങിയതോടെ പ്രതിസന്ധി വീണ്ടും രൂക്ഷമായി. എന്നാൽ, 2 ദിവസത്തിനകം പ്രശ്നം പരിഹരിക്കുമെന്നാണ് സപ്ലൈ ഓഫിസ് അധികൃതർ ഉറപ്പുനൽകുന്നത്.
ഒരംഗത്തിന് ഒരു കിലോഗ്രാം എന്ന തോതിലെങ്കിലും പുഴുക്കലരി നൽകാനുള്ള ശ്രമം നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.തിരൂരിലും തിരൂരങ്ങാടിയിലും കുറഞ്ഞ തോതിലെങ്കിലും നിലവിൽ വിതരണം ചെയ്യുന്നുണ്ട്. എന്നാൽ പൊന്നാനി താലൂക്കിൽ ഒട്ടും ലഭ്യമല്ല. ഇന്നലെ എഫ്സിഐയിൽ നിന്ന് പുതിയ സ്റ്റോക്ക് ലഭ്യമായിട്ടുണ്ടെന്നും ദിവസങ്ങൾക്കുള്ളിൽ താലൂക്കിലെ റേഷൻ കടകളിൽ അരിയെത്തിക്കുമെന്നും താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
കേന്ദ്രത്തിൽ നിന്ന് പുഴുക്കലരി ലഭിക്കാത്തതിനാൽ കഴിഞ്ഞ 5 മാസമായി മട്ട അരിയും പച്ചരിയും കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണ് ജില്ലയിലെ ഗുണഭോക്താക്കൾ. റേഷൻ കടകളിൽ ഇതുസംബന്ധിച്ച് തർക്കവും പതിവായിരിക്കുകയാണ്. കടക്കാർ പുഴുക്കലരി പൂഴ്ത്തിവച്ചിരിക്കുകയാണെന്ന് ആരോപിച്ചാണ് പലയിടത്തും തർക്കമുണ്ടാകുന്നത്. അതിനാൽ റേഷൻ കടക്കാരും പ്രതിഷേധത്തിലാണ്.