വൈദ്യുതി മുടങ്ങി; ജനരോഷം ഇരമ്പി
Mail This Article
തിരൂരങ്ങാടി ∙തുടർച്ചയായി വൈദ്യുതി മുടക്കം, കെഎസ്ഇബി ഓഫിസുകളിൽ ജനങ്ങളുടെ പ്രതിഷേധം. ദിവസങ്ങളായി മണിക്കൂറുകളോളം തുടർച്ചയായി വൈദ്യുതി മുടങ്ങുന്നതിൽ പ്രതിഷേധിച്ച് നാട്ടുകാർ കെഎസ്ഇബി ഓഫിസുകളിലെത്തി ബഹളംവച്ചു. പെരുന്നാൾ തലേന്ന് കൂടി വൈദ്യുതി ഇല്ലാതായതോടെ ജനങ്ങളുടെ നിയന്ത്രണം വിട്ടു. തിരൂരങ്ങാടി, വെന്നിയൂർ, തലപ്പാറ കെഎസ്ഇബി ഓഫിസുകളിലാണ് വിവിധ പ്രദേശത്തു നിന്നുള്ളവർ പ്രതിഷേധവുമായെത്തിയത്. രാപകൽ ഭേദമന്യേ തുടർച്ചയായി വൈദ്യുതി മുടങ്ങുകയായിരുന്നു. ഏതാനും മിനിറ്റുകൾ മാത്രം വൈദ്യുതി എത്തി പിന്നീട് ദീർഘനേരം വൈദ്യുതി മുടക്കമായിരുന്നു.
മാത്രമല്ല, വോൾട്ടേജും ഉണ്ടായിരുന്നില്ല. അത്യുഷ്ണത്തിനിടയിൽ വൈദ്യുതികൂടി ഇല്ലാതായതോടെ ജനങ്ങൾ പൊറുതിമുട്ടി. വൈദ്യുതി ഓഫിസുകളിലേക്ക് വിളിച്ചാൽ ഫോൺ എടുക്കുകയോ കൃത്യമായി മറുപടി നൽകുകയോ ചെയ്യുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു. തിരൂരങ്ങാടിയിൽ ചെമ്മാട് ടൗണിലെ വ്യാപാരികൾക്ക് വേണ്ടി മറ്റു പ്രദേശങ്ങളിലെ വൈദ്യുതി മാറ്റി നൽകുന്നു എന്ന് ആരോപിച്ചായിരുന്നു ബഹളം. മമ്പുറം, സികെ നഗർ, തുടങ്ങിയ പ്രദേശങ്ങളിൽ നിന്നുള്ളവർ ഓഫിസിലെത്തി ബഹളം വച്ചു.
മെയിൻ ലൈനിലെ തകരാർ എന്നാണ് പതിവായി ഓഫിസിൽ നിന്ന് നൽകിയിരുന്ന മറുപടി. ഓഫിസിലെത്തി ബഹളം വച്ചതോടെ ചില പ്രദേശങ്ങളിൽ ജീവനക്കാരെത്തി വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങൾ നടത്തി. അതേ സമയം, പരമാവധി വൈദ്യുതി എത്തിക്കാൻ ശ്രമിച്ചിരുന്നുവെന്നും അധിക വൈദ്യുതി ഉപയോഗം കാരണം ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിലാണെന്നും കെഎസ്ഇബി അധികതർ പറഞ്ഞു.
വൈദ്യുതി മുടക്കം: കുഞ്ഞുങ്ങളുമായി ഓഫിസിലെത്തി പ്രതിഷേധം
തിരൂരങ്ങാടി ∙ ഓഫിസിൽ വിളിച്ചിട്ട് കൃത്യമായി മറുപടിയില്ല, കുഞ്ഞുങ്ങളുമായി കെഎസ്ഇബി ഓഫിസിലെത്തി യുവാവിന്റെ പ്രതിഷേധം. ചെമ്മാട് സികെ നഗർ പ്രദേശത്ത് ഏതാനും ദിവസങ്ങളായി രാത്രി വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. ഓഫിസിൽ വിളിച്ചാൽ കൃത്യമായി മറുപടിയും ലഭിക്കാറില്ല. വൈദ്യുതി തകരാർ നന്നാക്കാനുള്ള ശ്രമവും നടത്തുന്നില്ല.
ഇതേത്തുടർന്നാണ് സികെ നഗർ സ്വദേശിയും താലൂക്ക് ആശുപത്രിയിലെ 108 ആംബുലൻസ് ഡ്രൈവറുമായ അബ്ദുൽ നാസർ കുട്ടികളുമായി ഓഫിസിലെത്തിയത്. കൈക്കുഞ്ഞ് ഉൾപ്പെടെയുള്ളവർ അസഹ്യമായ ചൂടുകാരണം ഉറങ്ങാൻ പറ്റാതെ അവശ നിലയിലായെന്നും ഓഫിസിൽ നിന്ന് മാന്യമായ മറുപടി ലഭിച്ചിരുന്നില്ലെന്നും നാസർ പറഞ്ഞു. ഓഫിസിലെത്തിയപ്പോൾ അവിടെ വൈദ്യുതി ഉണ്ട്. 3 ഫാനുകളും കറങ്ങുന്നു. കുട്ടികളുമായി അവിടെ ഇരുന്നെന്നും പുലർച്ചെ 3.45 ന് വൈദ്യുതി നന്നാക്കിയെന്നും നാസർ പറഞ്ഞു.