പാവപ്പെട്ടവർക്കു ഭൂമി നൽകാൻ ചട്ടങ്ങൾ തടസ്സമാവില്ല: മന്ത്രി
Mail This Article
മഞ്ചേരി∙ പാവപ്പെട്ടവർക്കു ഭൂമി ലഭ്യമാക്കാൻ ഏതെങ്കിലും ചട്ടമോ നിയമമോ തടസ്സമാണെങ്കിൽ അത് ഭേദഗതി വരുത്താൻ സർക്കാരിനു മടിയില്ലെന്നും റവന്യു വകുപ്പിന്റെ സേവനങ്ങൾ എളുപ്പമാക്കാൻ റവന്യു ഇ സാക്ഷരതയ്ക്കു തുടക്കം കുറിച്ചെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. മഞ്ചേരി, തിരൂരങ്ങാടി ലാൻഡ് ട്രൈബ്യൂണലുകളുടെ പരിധിയിലുള്ള പട്ടയമേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
2 വർഷത്തിനകം സംസ്ഥാനത്തെ 94 ലക്ഷം കുടുംബങ്ങളിൽ ഒരാളെയെങ്കിലും റവന്യു വകുപ്പിന്റെ 7 പ്രാഥമിക സേവനങ്ങൾക്കു മൊബൈലിൽ അപേക്ഷിക്കാൻ കഴിയുംവിധം ഇ സാക്ഷരത നടപ്പാക്കുകയാണ്. എല്ലാവർക്കും ഭൂമി, ഭൂമിക്ക് രേഖ, സേവനങ്ങൾ സ്മാർട്ട് എന്ന മുദ്രാവാക്യമാണ് സർക്കാരിന്റേത്. ഏക്കർ കണക്കിനു ഭൂമി അനധികൃതമായി കൈവശം വച്ചവരിൽനിന്നു പിടിച്ചുവാങ്ങാൻ സർക്കാരിന് ഒരു മടിയുമില്ലെന്നും രേഖകളില്ലാത്ത ഭൂമി സർക്കാരിന്റേതാണെന്നും മന്ത്രി പറഞ്ഞു. പട്ടയമിഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്നും അറിയിച്ചു.
2286 പേർക്കാണ് പട്ടയം വിതരണം ചെയ്തത്. 2 വർഷത്തിനകം ഈ സർക്കാർ 20000 കുടുംബങ്ങൾക്ക് പട്ടയം നൽകിയത് ഐതിഹാസിക നേട്ടമാണെന്നും മന്ത്രി പറഞ്ഞു. മന്ത്രി വി.അബ്ദുറഹിമാൻ ആധ്യക്ഷ്യം വഹിച്ചു. എംഎൽഎമാരായ യു.എ.ലത്തീഫ്, പി.വി.അൻവർ, പി.ഉബൈദുല്ല, കെ.പി.എ.മജീദ്, കലക്ടർ വി.ആർ.പ്രേംകുമാർ, നഗരസഭാധ്യക്ഷ വി.എം.സുബൈദ, സബ് കലക്ടർ ശ്രീധന്യ സുരേഷ്, പി.കെ.കൃഷ്ണദാസ് തുടങ്ങിയവർ പ്രസംഗിച്ചു. റവന്യു ഉദ്യോഗസ്ഥർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.