രക്ഷയുടെ കരങ്ങൾ നീട്ടി നാട്; ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു
Mail This Article
തിരൂർ ∙ ബോട്ട് മുങ്ങിയ വിവരം കാട്ടുതീ പോലെ പടർന്നതോടെ പുഴയോരത്തു രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത് രണ്ടായിരത്തിലേറെപ്പേർ. മത്സ്യത്തൊഴിലാളികളും നാട്ടുകാരും നിമിഷനേരം കൊണ്ടാണു പുഴയോരത്ത് എത്തിയത്. അഗ്നിരക്ഷാസേനയും മുങ്ങൽ വിദഗ്ധരും എത്തുന്നതിനു മുൻപു തന്നെ സമീപത്തുണ്ടായിരുന്ന വള്ളങ്ങളും യന്ത്ര ബോട്ടുകളുമായി നൂറുകണക്കിനു പേർ ബോട്ടിനു സമീപത്തെത്തി.
നീന്തിയെത്തിയവരും ഒരുപാടായിരുന്നു. പുഴയുടെ ഇരുകരകളിലും സഹായവുമായി നിരന്നവരുമേറെ. അഗ്നിരക്ഷാസേനയും മറ്റും എത്തിയതോടെ ഇവരെ സഹായിക്കാനും നാട്ടുകാർ നിന്നു. സ്ഥലത്തെത്തിയ പൊലീസിനും ഇവരുടെ സഹായം ലഭിച്ചു. പുഴയിൽ നിന്നു കണ്ടെത്തുന്നവരെ കരയിലേക്കു കയറ്റി ആംബുലൻസിലേക്കു മാറ്റാനും നാട്ടുകാരാണുണ്ടായിരുന്നത്.
നാലു പാടും പാഞ്ഞ ആംബുലൻസുകൾക്കു വഴിയൊരുക്കാനും നാട്ടുകാർ രംഗത്തിറങ്ങി. റോഡിൽ മറ്റു വാഹനങ്ങൾ വഴി തടസ്സപ്പെടുത്താതെ നോക്കാൻ രാത്രി ഏറെ വൈകിയും ആളുണ്ടായിരുന്നു. ആശുപത്രികളിലും സേവനവുമായി നാട്ടുകാരെത്തിയിരുന്നു. മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള ഫ്രീസറുകളും മറ്റും എത്തിച്ചതും ആശുപത്രികളിൽ കൂടിയ നാട്ടുകാരാണ്.
8 മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടം നടത്തിയത് 2 മണിക്കൂറിൽ
മഞ്ചേരി ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ 8 മൃതദേഹം പോസ്റ്റ്മോർട്ടം നടത്തിയത് 2 മണിക്കൂറിനുള്ളിൽ. രാവിലെ 6നു പോസ്റ്റ്മോർട്ടം തുടങ്ങുന്നതും ഇതാദ്യം. നേരം വെളുക്കുന്നതിനു മുൻപേ പോസ്റ്റ്മോർട്ടം നടത്താൻ പൊലീസ് സർജൻമാർ, ആരോഗ്യ പ്രവർത്തകർ, പൊലീസ് എന്നിവർ ആശുപത്രിയിൽ എത്തി. മൂന്നരയോടെ മൃതദേഹങ്ങൾ ആശുപത്രിയിൽ എത്തിച്ചിരുന്നു.
ചെട്ടിപ്പടി സൈനുൽ ആബിദിന്റെ ഭാര്യ ആയിഷാബി (35), മക്കളായ ആദില ഷെറിൻ (15), മുഹമ്മദ് അഫ്ഷാൻ (മൂന്നര) , പരപ്പനങ്ങാടി പുത്തൻകടപ്പുറം കുന്നുമ്മൽ സെയ്തലവിയുടെ മക്കളായ ഷംന (17), ഷഹ്‌ല ഷെറിൻ (12) സഹേദരൻ സിറാജുദ്ദീന്റെ മക്കളായ റുഷ്ദ ഫാത്തിമ (7), സഹ്റ ഫാത്തിമ (8) നയിറ ഫാത്തിമ (10 മാസം) എന്നിവരുടെ മൃതദേഹങ്ങളാണു മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയത്.
പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണ് ആംബുലൻസുകൾ മൃതദേഹങ്ങളുമായി മടങ്ങിയത്.മെഡിക്കൽ കോളജ് ഫൊറൻസിക് വിഭാഗം മേധാവി ഡോ. ഹിതേഷ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് സർജന്മാരായ ഡോ. സഞ്ജയ്, ഡോ. ലെവിസ് വസീം, ഡോ. ടി.പി.ആനന്ദ്, ഡോ. ടി.എം.പ്രജിത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പോസ്റ്റ്മോർട്ടം.
എംഎൽഎമാരായ യു.എ.ലത്തീഫ്, നജീബ് കാന്തപുരം, സിഐ റിയാസ് ചാക്കീരി, തഹസിൽദാർ ഹാരീസ് കപ്പൂർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ്, ടിഡിആർഎഫ്, ട്രോമാകെയർ വൊളന്റിയർമാർ എന്നിവരും സഹായത്തിനെത്തിയിരുന്നു.
ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി സന്ദർശിച്ചു
കോട്ടയ്ക്കൽ ∙ താനൂർ ബോട്ടപകടത്തിൽ പരുക്കേറ്റു കോട്ടയ്ക്കൽ മിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരെ മുഖ്യമന്ത്രി പിണറായി വിജയൻ സന്ദർശിച്ചു. മന്ത്രിമാരായ ആന്റണി രാജു, പി.എ.മുഹമ്മദ് റിയാസ്, വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ, കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ എന്നിവർ കൂടെയുണ്ടായിരുന്നു. വിവിധ വിഭാഗങ്ങളിൽ ചികിത്സയിൽ കഴിയുന്നവരോട് വിവരങ്ങൾ ആരാഞ്ഞു 20 മിനിറ്റോളം ആശുപത്രിയിൽ ചെലവഴിച്ചശേഷമാണു മുഖ്യമന്ത്രി മടങ്ങിയത്.