താനൂർ ബോട്ടപകടം: അന്വേഷണം തുറമുഖ വകുപ്പ് ഉദ്യോഗസ്ഥരിലേക്ക്
Mail This Article
മലപ്പുറം ∙ താനൂർ ബോട്ടപകടവുമായി ബന്ധപ്പെട്ട അന്വേഷണം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥരിലേക്ക്. ബോട്ടിന് അനുമതി നൽകിയതുമായി ബന്ധപ്പെട്ട രേഖകൾ പൊന്നാനിയിലെയും ബേപ്പൂരിലെയും തുറമുഖ വകുപ്പിന്റെ ഓഫിസുകളിൽനിന്ന് അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. രേഖകൾ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ വീഴ്ച വരുത്തിയതായി കണ്ടെത്തിയ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി മൊഴിയെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. താനൂരിൽ അപകടത്തിൽപെട്ട അറ്റ്ലാന്റിക് ബോട്ട് മീൻപിടിത്ത വള്ളം രൂപംമാറ്റി നിർമിച്ചതാണെന്നു കണ്ടെത്തിയിരുന്നു.
ബോട്ടിന് അനുമതി നൽകിയതിൽ ഉദ്യോഗസ്ഥ തലത്തിൽ വീഴ്ച വന്നിട്ടുണ്ടോ എന്നാണ് അന്വേഷണ സംഘം പരിശോധിക്കുന്നത്. അതേസമയം, അപകടത്തിൽപെട്ട ബോട്ടിന്റെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുന്നതിനായി കൊച്ചി സാങ്കേതിക സർവകലാശാലയിൽനിന്നുള്ള വിദഗ്ധ സംഘം ഇന്നോ നാളെയോ എത്തും. മീൻപിടിത്ത വള്ളം യാത്രാബോട്ടാക്കി മാറ്റുമ്പോൾ പാലിക്കേണ്ട മാനദണ്ഡങ്ങളുണ്ട്. ‘അറ്റ്ലാന്റിക്’ ഇവയെല്ലാം പാലിച്ചിട്ടുണ്ടോയെന്നാണ് പ്രധാനമായും സംഘം പരിശോധിക്കുക. അന്വേഷണ സംഘം ആവശ്യപ്പെട്ടതനുസരിച്ചാണ് സാങ്കേതിക വിദഗ്ധർ എത്തുന്നത്.
ബോട്ടുടമ പി.നാസറിനെ കസ്റ്റഡിയിൽ ചോദ്യം ചെയ്യാൻ വിട്ടുകിട്ടുന്നതിന് അന്വേഷണം സംഘം ഉടൻ അപേക്ഷ നൽകും. നിലവിൽ ഇയാൾ തിരൂർ സബ് ജയിലിലാണ്. താനൂർ പൂരപ്പുഴയിലെ തൂവൽത്തീരത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി നടന്ന ബോട്ടപകടത്തിൽ 15 കുട്ടികൾ ഉൾപ്പെടെ 22 പേരാണു മരിച്ചത്. ബോട്ടിന് അനുമതി നൽകിയതിലും സർവീസ് നടത്തിയതിലും ഒട്ടേറെ നിയമലംഘനങ്ങൾ സംഭവിച്ചതായി പ്രാഥമിക പരിശോധനയിൽ കണ്ടെത്തിയിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ മേൽനോട്ടത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. ബോട്ടുടമയും സ്രാങ്കും ജീവനക്കാരും ഉൾപ്പെടെ 9 പേരാണ് ഇതുവരെ അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്.
യുഡിഎഫ് പ്രക്ഷോഭറാലി 18ന്
തിരൂരങ്ങാടി ∙ താനൂർ ബോട്ടപകടത്തിനു കാരണക്കാരായ ഉന്നതരെ സംരക്ഷിക്കുന്ന സർക്കാർ നിലപാടിനെതിരെ ജില്ലാ യുഡിഎഫ് കമ്മിറ്റി സംഘടിപ്പിക്കുന്ന പ്രക്ഷോഭറാലിയും സംഗമവും 18നു നടക്കുമെന്ന് ചെയർമാൻ പി.ടി.അജയ് മോഹൻ, കൺവീനർ അഷ്‌റഫ് കോക്കൂർ എന്നിവർ അറിയിച്ചു. നേരത്തേ 19ന് നടത്താൻ നിശ്ചയിച്ച പ്രതിഷേധമാണ് 18ലേക്കു മാറ്റിയത്. വൈകിട്ട് 4ന് താനൂർ ബ്ലോക്ക് ഓഫിസ് ജംക‍്ഷനിൽനിന്ന് ആരംഭിക്കുന്ന റാലി ബസ് സ്റ്റാൻഡ് ചുറ്റി താനൂർ ടൗൺ ജംക‍്ഷനിൽ സമാപിക്കും.