താനൂർ ബോട്ട് ദുരന്തം: കൂടുതൽ പേരെ പ്രതി ചേർത്തേക്കും
Mail This Article
മലപ്പുറം ∙ താനൂരിൽ 22 പേരുടെ മരണത്തിനിടയാക്കിയ ദുരന്തത്തിന്റെ അന്വേഷണഘട്ടത്തിൽ കൂടുതൽ പേരെ പ്രതി ചേർത്തേക്കുമെന്ന് സൂചന. ഫൈബർ വള്ളം ബോട്ട് ആക്കി മാറ്റിയതിലും നിർമാണ ഘട്ടത്തിലും അനുമതികൾ വാങ്ങുന്നതിലും മറ്റുമുണ്ടായ വീഴ്ചകൾ പരിശോധിച്ച ശേഷമാകും തീരുമാനമെടുക്കുക. അറസ്റ്റിലായ 10 പേരും റിമാൻഡിലാണ്. ബോട്ട് ഉടമ താനൂർ സ്വദേശി നാസർ അടക്കമുള്ളവരെ കസ്റ്റഡിയിൽ വാങ്ങി അന്വേഷണം കൂടുതൽ ഊർജിതമാക്കും.
ബോട്ട് നിർമിച്ചത് അംഗീകൃതമായാണോയെന്നും പൊലീസ് പരിശോധിക്കുന്നു. ഫൈബർ വള്ളം ബോട്ടാക്കിയ മാറ്റിയതിന്റെ വിവിധ ഘട്ടങ്ങളും അന്വേഷണ പരിധിയിൽ വരും. ഒറ്റ സ്ഥലത്തുവച്ചാണോ പല സ്ഥലങ്ങളിൽ നിർമിച്ച് കൂട്ടിയോജിപ്പിച്ചതാണോ തുടങ്ങിയ കാര്യങ്ങളും അന്വേഷിക്കുന്നുണ്ടെന്നാണ് വിവരം. കുറ്റപത്രം സമർപ്പിക്കുന്ന വേളയിൽ പ്രതികളുടെ ക്രമവും തീരുമാനിക്കും. കൊച്ചി സാങ്കേതിക സർവകലാശാലാ (കുസാറ്റ്) അധികൃതരുടെ സാങ്കേതിക സഹായത്തോടെയാണ് അന്വേഷണം തുടരുക.