ADVERTISEMENT

ഒരു പേരിലെന്തിരിക്കുന്നുവെന്ന ചോദ്യം ജില്ലയിലെ സർക്കാർ ആശുപത്രികളുടെ കാര്യത്തിൽ പ്രസക്തമാണ്. പല ആശുപത്രികളുടെയും ബോർഡിൽ ജില്ല, താലൂക്ക് എന്നെല്ലാം എഴുതിവച്ചിരിക്കുന്നു. സൗകര്യങ്ങളുടെ കാര്യത്തിൽ പക്ഷേ, അവയൊന്നും പഴയ സ്ഥിതിയിൽനിന്നു വികസിച്ചിട്ടില്ല. മനോരമ ലേഖകർ നടത്തിയ അന്വേഷണം... 

പെരിന്തൽമണ്ണ ജില്ലാ ആശുപത്രി: പേരിൽ ജില്ല; നേരിൽ താലൂക്ക് പോലുമായില്ല 

പെരിന്തൽമണ്ണ∙ ജില്ലാ ആശുപത്രിയാക്കി ഉയർത്തിയെങ്കിലും പെരിന്തൽമണ്ണ ഗവ.ആശുപത്രിയിൽ ജീവനക്കാരുടെ എണ്ണം താലൂക്ക് ആശുപത്രിയെക്കാൾ കുറവ്. സ്‌റ്റാഫ് പാറ്റേൺ പുതുക്കണമെന്നു നിയമസഭയിൽ സബ്മിഷനായി വരെ ഉന്നയിക്കപ്പെട്ടിട്ടും നടപടിയില്ല. പഴയ ബ്ലോക്കും മാതൃശിശു സംരക്ഷണ കേന്ദ്രവും പുതുതായി നിർമാണത്തിലുള്ള കെട്ടിടങ്ങളുമായി ഭൗതിക സൗകര്യങ്ങൾ ആവശ്യത്തിനുണ്ടെങ്കിലും ജീവനക്കാരുടെ കുറവു വലിയ പ്രതിസന്ധിയാണ്. നഴ്‌സിങ്–പാരാമെഡിക്കൽ–നഴ്സിങ് ഇതര ജീവനക്കാരുടെ വലിയ കുറവാണ് ആശുപത്രിയിലുള്ളത്. ആവശ്യത്തിൽ പകുതിയോളം ജീവനക്കാരേയുള്ളൂ. ഉള്ള ജീവനക്കാർ അവധി വെട്ടിക്കുറച്ചും ഓവർടൈം ജോലി ചെയ്‌തും പെടാപ്പാടു പെടുകയാണ്.

സ്‌പെഷൽറ്റി ഡോക്‌ടർമാർ ഉൾപ്പെടെ 29 ഡോക്‌ടർമാരാണ് ഇവിടെയുള്ളത്. 16 സ്‌പെഷൽറ്റി വിഭാഗങ്ങൾക്ക് ഒപിയുണ്ട്. എന്നാൽ മുഴുവൻ ഒപികളും പ്രവർത്തിക്കുന്ന ദിവസങ്ങൾ അപൂർവം. ജീവനക്കാരുടെ കുറവു മൂലം മെഡിക്കൽ റെക്കോർഡ്സ് ലൈബ്രറി അടച്ചിട്ടിരിക്കുകയാണ്. വിവിധ സർട്ടിഫിക്കറ്റുകളിൽ തിരുത്തലുകൾ വരുത്തേണ്ടവരാണ് ഇതുമൂലം ഏറെ പ്രയാസപ്പെടുന്നത്. നിലവിലുണ്ടായിരുന്ന മെഡിക്കൽ റെക്കോർഡ്സ് ലൈബ്രേറിയൻ മെഡിക്കൽ കോളജിൽ നിയമനം ലഭിച്ചു പോയി. ഇവിടെയുണ്ടായിരുന്ന താൽക്കാലിക ജീവനക്കാരിയും വേറെ നിയമനം ലഭിച്ചു പോയതോടെയാണ് ആളില്ലാതായത്. സ്‌റ്റോർ സൂപ്രണ്ട് തസ്‌തിക തന്നെയില്ല. സ്‌റ്റോറിലേക്ക് ആവശ്യമായ സ്‌റ്റോർ കീപ്പർമാരുമില്ല.

സ്‌റ്റോറിൽ ഫാർമസി തസ്തികയുമില്ല. ഡയാലിസിസ് കേന്ദ്രത്തിൽ 2 ഷിഫ്‌റ്റുകളാണ് ഉള്ളത്. ടെക്‌നിഷ്യന്മാരുടെ കുറവാണ് കൂടുതൽ ഷിഫ്‌റ്റുകൾക്കു തടസ്സം. ജില്ലാ ആശുപത്രി ഫാർമസിയിൽ 11 പേരെങ്കിലും വേണ്ടിടത്ത് 6 പേരേയുള്ളൂ. ഭിന്നശേഷിക്കാർക്കും 60 വയസ്സു കഴിഞ്ഞവർക്കും ഉൾപ്പെടെ 9 കൗണ്ടറുകളാണ് 5 പേർ കൈകാര്യം ചെയ്യുന്നത്. ആളില്ലാത്തതിനാൽ രാത്രികാല ഫാർമസി നിർത്തലാക്കിയിരിക്കുകയാണ്. ദേശീയപാതയുടെ ഇരുവശത്തുമായാണ് ആശുപത്രിയുള്ളത്. ഒരു വശത്തു പഴയ ബ്ലോക്കും മറുവശത്തു മാതൃശിശു ബ്ലോക്കും. റോഡ് മുറിച്ചു കടന്നുള്ള യാത്ര വലിയ സാഹസമാണ്. ഇവിടെ മുകളിലൂടെയോ റോഡിനടിയിലൂടെയോ നടപ്പാത വേണമെന്ന ആവശ്യവും നടപ്പായിട്ടില്ല. 

അരീക്കോട് താലൂക്ക് ആശുപത്രി

അരീക്കോട് താലൂക്ക് ആശുപത്രി: പ്രഖ്യാപനത്തിന് 10 വർഷം; കാഷ്വൽറ്റി പോലുമായില്ല 

അരീക്കോട് ∙താലൂക്ക് ആശുപത്രിയാക്കി പ്രഖ്യാപനം നടത്തി പത്തു വർഷം കഴിഞ്ഞിട്ടും കാഷ്വൽറ്റി സൗകര്യം പോലുമില്ലാതെ ഇഴയുകയാണ‌് സാധാരണക്കാരുടെ ഏക ആശ്രയമായ അരീക്കോട് സർക്കാർ ആശുപത്രി. ഗൈനക്കോളജി ഡോക്ടറുടെ സേവനമുണ്ടെങ്കിലും ലേബർ റൂം, ഓപ്പറേഷൻ തിയറ്റർ, ബ്ലഡ് ബാങ്ക് തുടങ്ങിയ സൗകര്യങ്ങൾ ഇല്ലാത്തതിനാൽ പ്രസവ വിഭാഗവും പ്രവർത്തിക്കുന്നില്ല. അനസ്തീസിയ ഡോക്ടറുടെ സേവനവും അത്യാവശ്യമാണ്. സിഎച്ച്‌സിയായി പ്രവർത്തിച്ചിരുന്ന കാലത്തുള്ള സൗകര്യങ്ങളിൽ പ്രസവ വിഭാഗം പ്രവർത്തിച്ചിരുന്നു.

അത്യാവശ്യ സൗകര്യങ്ങളുടെ കുറവു കാരണം ഗർഭിണികളെ ഇപ്പോൾ അഡ്മിറ്റ് ചെയ്യാറില്ല. ലബോറട്ടറി പ്രവർത്തിക്കുന്നുണ്ടെങ്കിലും എക്‌സ്‌റേ, ഇസിജി സൗകര്യങ്ങളും ഇല്ല. 4 അസിസ്റ്റന്റ് സർജൻമാർ, ഫിസിഷ്യൻ, ഗൈനക്കോളജിസ്റ്റ്, പീഡിയാട്രിഷ്യൻ, ഡെന്റിസ്റ്റ് വേണ്ടിടത്ത് ഓരോ ഡോക്ടർമാരുമാണുള്ളത്. ബ്ലോക്ക് പഞ്ചായത്തിനു കീഴിലുള്ള ആശുപത്രി എട്ടു പഞ്ചായത്തുകളിലെയും ആദിവാസികൾ ഉൾപ്പെടുന്ന മലയോര മേഖലകളിലെയും ജനങ്ങളുടെ പ്രതീക്ഷയാണ്. ഈവനിങ് ഒപി 6ന് അവസാനിച്ചാൽ പിന്നെ ചികിത്സയില്ല. ‌2013 സെപ്റ്റംബർ ഒന്നിനു മന്ത്രി കെ.എം.മാണിയാണു സിഎച്ച്‌സിയിൽനിന്നു താലൂക്ക് ആശുപത്രിയായി ഉയർത്തി പ്രഖ്യാപനം നടത്തിയത്.

താലൂക്ക് ആശുപത്രിയായി ഉയർത്തിയെന്നല്ലാതെ സ്റ്റാഫ് പാറ്റേണോ സൗകര്യങ്ങളോ പൂർത്തിയായിട്ടില്ല. ഒപിയിൽ എത്തുന്നവരുടെ എണ്ണം ആയിരത്തിനടുത്താണ്. 35 പേരെ കിടത്തിചികിത്സിക്കാൻ സൗകര്യമുണ്ടെങ്കിലും മുഴുവൻ സമയ ഡോക്ടറുടെ സേവനമില്ല. പൂക്കോട്ടുചോലയിൽ ആധുനിക സൗകര്യങ്ങളോടെ പുതിയ ആശുപത്രിക്കായി നീക്കം നടക്കുന്നുണ്ട്. ആവശ്യമായ സ്ഥലം വിട്ടുനൽകാമെന്നു സ്ഥലം ഉടമകൾ സർക്കാരിനെ അറിയിച്ചിട്ടുണ്ട്. കിഫ്ബി മുഖേന 80 കോടിയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. വാപ്‌കോസ് ഇന്ത്യ ലിമിറ്റഡാണു പ്ലാനും ഡിസൈനും തയാറാക്കുന്നത്. സ്ഥലം ഏറ്റെടുക്കൽ നടപടികൾ എവിടെയുമെത്തിയിട്ടില്ല. 

വണ്ടൂർ താലൂക്ക് ആശുപത്രി.

വണ്ടൂർ താലൂക്ക് ആശുപത്രി: അത്യാവശ്യമാണ്; ചികിത്സ 

വണ്ടൂർ∙ സാമൂഹികാരോഗ്യകേന്ദ്രം (സിഎച്ച്സി) താലൂക്ക് ആശുപത്രിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു പോസ്റ്റ് പോലും അധികം അനുവദിച്ച് ഉത്തരവായില്ല. 24 മണിക്കൂർ അത്യാഹിതവിഭാഗം ഒഴിച്ചാൽ ഒരു സിഎച്ച്സിയിൽ വേണ്ടതിൽ കൂടുതൽ സൗകര്യങ്ങളൊന്നും ഇവിടെയില്ല. എംഎൽഎയുടെയും ബ്ലോക്ക് പഞ്ചായത്തിന്റെയും ഫണ്ടിൽ കെട്ടിടങ്ങൾ ആയിട്ടുണ്ടെങ്കിലും ആവശ്യമായ ഡോക്ടർമാരും ജീവനക്കാരും ഇല്ലാതെ ആശുപത്രിയുടെ വികസനം മുരടിക്കുകയാണ്. കൂടുതൽ പേരുടെ നിയമനം ആവശ്യപ്പെട്ടു നൽകിയ റിപ്പോർട്ടുകൾ ഇപ്പോഴും ഫയലിൽ തന്നെയാണ്. 

∙ കിഴക്കൻ മേഖലയിലെ വലിയൊരു പ്രദേശത്തെ പ്രധാന ആരോഗ്യകേന്ദ്രമായ വണ്ടൂർ താലൂക്ക് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ലഭിച്ച 4 പേരും ഒരു ശിശുരോഗ വിദഗ്ധനും ഒരു ഗൈനക്കോളജിസ്റ്റും ഉൾപ്പെടെ നിലവിലുള്ളത് 11 ഡോക്ടർമാർ മാത്രം. ഒപിയിൽ മാത്രം ദിവസം ആയിരത്തിൽ പേരെത്തുന്ന ആശുപത്രിയിലാണ് ഈ അവസ്ഥ. വേണ്ടത് നിലവിലുള്ളതിന്റെ ഇരട്ടിയിലേറെ.
∙ ആകെയുള്ളത് 11 നഴ്സുമാരും 3 നഴ്സിങ് അസിസ്റ്റന്റുമാരും 3 ഗ്രേഡ് 2 ജീവനക്കാരും 3 ഫാർമസിസ്റ്റും 2 ലാബ് ടെക്നിഷ്യൻമാരും. വേണ്ടത് ഇരട്ടിയിലേറെ.

∙ താലൂക്ക് ആശുപത്രിയാകുമ്പോൾ നിർബന്ധമായും വേണ്ട ഓർത്തോ, ഇഎൻടി, ജനറൽ മെഡിസിൻ വിഭാഗങ്ങൾ ഇവിടെയില്ല. ഈ വിഭാഗങ്ങളിലൊന്നും തസ്തിക നിർണയം നടത്തിയിട്ടില്ല.
∙ രാഹുൽ ഗാന്ധി എംപിയായിരിക്കുമ്പോൾ അനുവദിച്ച ഡയാലിസിസ് കേന്ദ്രം ഏറെ വിവാദങ്ങൾക്കു ശേഷവും ഇഴയുന്നു. ഇതിനുള്ള കെട്ടിടം പൂർത്തിയായിട്ടുണ്ട്. ഉപകരണങ്ങളും എത്തി. എൻഎച്ച്എം പദ്ധതിയിൽ 90 ലക്ഷത്തിന്റെ കെട്ടിടത്തിനും അനുമതിയായിട്ടുണ്ട്.
∙ ഡോക്ടർമാരുടെയും നഴ്സുമാരുടെയും ജീവനക്കാരുടെയും കുറവു താലൂക്ക് ആശുപത്രിയുടെ പരിധിയിലുള്ള ആരോഗ്യ ഉപകേന്ദ്രങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുന്നു. വാർഡ്തലത്തിൽ നടത്തേണ്ട വിവിധ പരിശോധനകളും പ്രതിരോധ, ബോധവൽക്കരണ, ശുചീകരണ, പ്രവർത്തനങ്ങളും താളം തെറ്റുന്നുണ്ട്. 

നിലമ്പൂർ ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡ് സന്ദർശിച്ച പി.വി. അൻവർ എംഎൽഎ സിന്ധു സൂരജിനോടും മറ്റും വിവരങ്ങൾ ആരായുന്നു.

ഗർഭിണികൾക്ക് അൽപം ആശ്വാസം: പുരുഷ വാർഡിന്റെ ഒരു ഭാഗം വിട്ടുനൽകും

നിലമ്പൂർ ∙ ജില്ലാ ആശുപത്രിയിൽ പ്രസവ വാർഡിലെ നരക വേദനയ്ക്കു നേരിയ പരിഹാരമാകും. മാതൃശിശു ബ്ലോക്ക് പ്രവർത്തനസജ്ജമാകും വരെ പുരുഷ വാർഡിന്റെ ഒരു ഭാഗം ഗർഭിണികൾക്കു മാറ്റിവയ്ക്കാൻ തീരുമാനിച്ചു. വാർഡിൽ ഗർഭിണികൾ സഹിക്കുന്ന ദുരിതങ്ങളെക്കുറിച്ചു മനോരമ ഇന്നലെ പ്രസിദ്ധീകരിച്ച വാർത്തയെത്തുടർന്ന് ആശുപത്രി സന്ദർശിച്ച പി.വി.അൻവർ എംഎൽഎ അധികൃതരുമായി നടത്തിയ ചർച്ചയിലാണു തീരുമാനം. മാതൃശിശു വിഭാഗം തുടങ്ങുന്നതുവരെ സംവിധാനം തുടരും.

കെഎച്ച്ആർഡബ്ല്യുഎസിന്റെ കീഴിലെ പേവാർഡ് ഗർഭിണികൾക്കു കിടക്കാൻ വിട്ടു കിട്ടുന്നതിനു ശ്രമം നടത്തുമെന്ന് എംഎൽഎ അറിയിച്ചു. ഇന്നലെ 11നാണ് അൻവർ എംഎൽ എ ജില്ലാ ആശുപത്രിയിലെത്തിയത്. ആർഎംഒ ഡോ.പി.കെ ബഹാവുദ്ദീൻ,സൂപ്രണ്ട് ഡോ.എ.കാജാഹുസൈൻ,ലേ സെക്രട്ടറി എ. അബ്ദുൽ ഹമീദ്, ഗൈനക്കോളജിസ്റ്റ് ഡോ.ജാസ്മിൻ ഇസ്മായിൽ, നഴ്‌സിങ് സൂപ്രണ്ട് ടി.ഇന്ദിര എന്നിവരുമായി ചർച്ച നടത്തി. തുടർന്നു പ്രസവ വാർഡ് സന്ദർശിച്ചു. വാർഡിലെ ദുരിതങ്ങളെക്കുറിച്ചു ഫെയ്സ്ബുക് പോസ്റ്റിട്ട സിന്ധു സൂരജ് ഉൾപ്പെടെയുള്ളവരെ കണ്ടു വിവരങ്ങൾ ചോദിച്ചറിഞ്ഞു. വൈകാതെ പരിഹാരം ഉണ്ടാക്കുമെന്ന് ഉറപ്പു നൽകിയാണു മടങ്ങിയത്.

തിരൂരങ്ങാടി താലൂക്ക് ആശുപത്രി: സ്ഥലമുണ്ട്, വേണ്ടത് മനസ്സ്

തിരൂരങ്ങാടി ∙ താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ടു 3 പതിറ്റാണ്ടായെങ്കിലും രോഗികളുടെ എണ്ണത്തിനനുസരിച്ച് ഇവിടെ ജീവനക്കാരുടെ എണ്ണം വർധിപ്പിച്ചിട്ടില്ല. 127 ജീവനക്കാരിൽ 13 പേരുടെ തസ്തിക ഒഴിഞ്ഞു കിടക്കുകയാണ്. ഇതിനു പുറമേ, മുൻവർഷത്തേതിൽനിന്നു രോഗികളുടെ എണ്ണം രണ്ടിരട്ടിയിലേറെ വർധിച്ചെങ്കിലും സംവിധാനങ്ങൾ നിന്നിടത്തുനിന്ന് അനങ്ങിയിട്ടില്ല. തീരദേശം, ദേശീയപാത, പുഴയോരം, റെയിൽവേ തുടങ്ങിയ പ്രധാന അപകട മേഖലകൾ ഉൾപ്പെടുന്നതാണു താലൂക്ക് ആശുപത്രി ഉൾപ്പെടുന്ന പ്രദേശം. ദിവസേന 1500നു മുകളിൽ രോഗികൾ ഒപിയിൽ വരുന്നുണ്ട്. അപകടങ്ങളിൽപെട്ടു വരുന്നവർ വേറെ.

അത്യാഹിത വിഭാഗം ആരംഭിച്ചിട്ടുണ്ടെങ്കിലും 6 ഡോക്ടർമാർ വേണ്ടിടത്തുള്ളതു 4 പേർ. അത്യാധുനിക സൗകര്യങ്ങളോടെയുള്ള ഓപ്പറേഷൻ തിയറ്ററും അനുബന്ധ സൗകര്യങ്ങളും ഉണ്ടെങ്കിലും ഡോക്ടർമാരുടെ കുറവു കാരണം ഇതു മതിയായ രീതിയിൽ ഉപയോഗപ്പെടുത്താൻ കഴിയുന്നില്ല. കൂടാതെ, സ്കാനിങ് യന്ത്രം ഉണ്ടെങ്കിലും റേഡിയോളജിസ്റ്റിന്റെ പോസ്റ്റില്ല. അനസ്തീസിയ ഡോക്ടർ ഒരാളാണുള്ളത്. എങ്കിലും പകരം 3 ഡോക്ടർമാരെ ഉപയോഗപ്പെടുത്തുകയാണ്. പ്രധാന പ്രശ്നം, നഴ്സിങ് അസിസ്റ്റന്റുമാരുടെയും ശുചീകരണത്തൊഴിലാളികളുടെയും കുറവാണ്. വിവിധ അപകടങ്ങൾ, ഓപ്പറേഷൻ, പോസ്റ്റ്മോർട്ടം തുടങ്ങിയവയ്ക്കൊക്കെ നഴ്സിങ് അസിസ്റ്റന്റുമാർ വേണം. എന്നാൽ ഇപ്പോഴുള്ളവർക്ക് ഓടിയെത്താൻ കഴിയാത്ത അവസ്ഥയാണ്.

കെട്ടിടങ്ങൾ വർധിച്ചെങ്കിലും ശുചീകരണത്തൊഴിലാളികളുടെ എണ്ണം കൂട്ടിയിട്ടില്ല. അതേ സമയം, ജില്ലയിൽ ഏറ്റവും കൂടുതൽ സ്ഥലസൗകര്യമുള്ള ആശുപത്രികളിലൊന്നാണു താലൂക്ക് ആശുപത്രി. 4.63 ഏക്കർ സ്ഥലമുണ്ട്. ജനറൽ ആശുപത്രിയോ ജില്ലാ ആശുപത്രിയോ ആക്കി ഉയർത്തിയാൽ കൂടുതൽ സൗകര്യങ്ങളും സേവനങ്ങളും രോഗികൾക്കു ലഭിക്കുമെന്നാണു നാട്ടുകാരുടെ വിശ്വാസം. ഐസിയു ആരംഭിച്ചിട്ടുണ്ടെങ്കിലും സ്റ്റാഫ് ഇല്ലാത്തതിനാൽ പ്രവർത്തനം തുടങ്ങിയിട്ടില്ല. 3 ഫിസിഷ്യൻ, 2 അനസ്തെറ്റിസ്റ്റ്, 2 ഗൈനക്കോളജിസ്റ്റ്, 2 പീഡിയാട്രിഷ്യൻ, 15 സ്റ്റാഫ് നഴ്‌സ് എന്നിവർ ഉണ്ടായാലേ 24 മണിക്കൂർ സേവനം നൽകാനാവൂ. 

നിലമ്പൂർ ജില്ലാ ആശുപത്രി: വേണം, വികസനത്തിന്റെ ബൂസ്റ്റർ ഡോസ് 

നിലമ്പൂർ∙താലൂക്ക് ആശുപത്രി ജില്ലാ ആശുപത്രിയാക്കി ഉയർത്തിയത് 2014ൽ. അന്നും ഇന്നും സർക്കാർ അംഗീകരിച്ച കിടക്കകൾ 142. ദിവസേന കിടത്തിചികിത്സിക്കുന്നവർ ശരാശരി 300. ഒപിയിൽ എത്തുന്നവർ 1250 - 1500. സ്റ്റാഫ് പാറ്റേൺ 2014ലേത്. ആശ്രയിക്കുന്ന രോഗികൾ ഇരട്ടി. ഡോക്ടർമാരുടെ തസ്തിക 35. സൂപ്രണ്ട് ഉൾപ്പെടെ 3 എണ്ണം ഒഴിവ്. അത്യാഹിത വിഭാഗത്തിൽ 4 മെഡിക്കൽ ഓഫിസർമാരിൽ ഒന്നൊഴിവ്. നഴ്സിങ് ഓഫിസർമാരുടെ 3 നഴ്സിങ് അസിസ്റ്റന്റുമാരുടെ 4 തസ്തികളിൽ ആളില്ല. റേഡിയോഗ്രഫർ, ഡ്രൈവർ എന്നിവരുടെ ഒന്നും ഡയാലിസിസ് ടെക്നിനിഷ്യന്റെ രണ്ടും തസ്തികകൾ ഒഴിവാണ്. സർജൻ, കാർഡിയോളജിസ്റ്റ്, സൈക്യാട്രിസ്റ്റ് തുടങ്ങിയ തസ്തികകൾ അനുവദിക്കണമെന്ന വർഷങ്ങളായുള്ള മുറവിളി വനരോദനമായി നിൽക്കുന്നു. സ്കാനിങ് സംവിധാനമില്ല. വീൽചെയർ, സ്ട്രെച്ചർ തുടങ്ങിയ അത്യാവശ്യ ഉപകരണങ്ങൾ പാേലും ആവശ്യത്തിനില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com