ADVERTISEMENT

പൊന്നാനി ∙ താനൂരിൽ അപകടത്തിൽപെട്ട ബോട്ടിന്റെ ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് വ്യാജമെന്ന് കണ്ടെത്തി. അന്വേഷണം ഉദ്യോഗസ്ഥതലങ്ങളിലേക്ക്. തുറമുഖ വകുപ്പ് ഉദ്യോഗസ്ഥർക്ക് കുരുക്ക് മുറുകുന്നു.പൊന്നാനിയിലെ യാഡിൽ നിർമിച്ച ബോട്ടിന് തിരൂർ പടിഞ്ഞാറേക്കരയിലെ ‘വിവൺ’ യാഡിന്റെ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചിരിക്കുന്നതെന്ന് പൊലീസ് കണ്ടെത്തി. അന്വേഷണ ഉദ്യോഗസ്ഥനായ താനൂർ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പൊന്നാനിയിലെ യാഡിലെത്തി തെളിവെടുപ്പ് നടത്തി.

ബോട്ടിന്റെ റജിസ്ട്രേഷൻ നടപടികളുടെ ഭാഗമായി ഉടമ നാസർ തുറമുഖ വകുപ്പിന് സമർപ്പിച്ച രേഖകൾ പരിശോധിച്ചപ്പോഴാണ് ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് വ്യാജമായി സംഘടിപ്പിച്ചതാണെന്ന് വ്യക്തമായത്. ഇതിന്റെ ഭാഗമായി പടിഞ്ഞാറേക്കര ‘വിവൺ’ യാഡിന്റെ ഉടമയെ ചോദ്യം ചെയ്തു. ഇൗ യാഡിലേക്ക് ഒരിക്കൽ പോലും ബോട്ട് കൊണ്ട് വന്നിട്ടില്ല.പൊന്നാനിയിലെ യാഡിൽ നിന്ന് മീൻപിടിത്ത വള്ളം രൂപമാറ്റം വരുത്തി നേരെ താനൂർ തൂവൽതീരത്ത് പൂരപ്പുഴയിലേക്ക് കൊണ്ടുപോവുകയായിരുന്നു. യാഡ് കാണുക പോലും ചെയ്യാത്ത ബോട്ടിനാണ് പൂർണമായി നിർമാണം നടത്തിയെന്ന് കാണിച്ചുകൊണ്ട് ‘വിവൺ’ യാഡ് ബിൽഡേഴ്സ് സർട്ടിഫിക്കറ്റ് നൽകിയിരിക്കുന്നത്.

യാഡ് ഉടമയ്ക്കെതിരെ പൊലീസ് നടപടികളുണ്ടാകും. പൊന്നാനിയിലെ താൽക്കാലിക യാഡിൽ വച്ച് ‘കുഞ്ഞുമരയ്ക്കാർ ശഹീദ്’ എന്ന ഫൈബർ വള്ളമാണ് ‘അറ്റ്ലാന്റിക്’ ഉല്ലാസ ബോട്ടായി രൂപമാറ്റം നടത്തിയതെന്ന് അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തിൽ തന്നെ വ്യക്തമായിരുന്നു. ഇൗ യാഡിൽ കിടന്നിരുന്ന പഴയ വള്ളത്തിന്റെ ശേഷിപ്പുകൾ പൊലീസ് ശേഖരിച്ച് താനൂർ ഡിവൈഎസ്പി ഓഫിസിലേക്ക് എത്തിച്ചു. 

പോർട്ട് കൺസർവേറ്റർ, ആലപ്പുഴ ചീഫ് സർവേയർ എന്നിവരെ ചോദ്യം ചെയ്തു കഴിഞ്ഞു. അറസ്റ്റിലായ പ്രതി നാസറിന്റെ ബാങ്ക് അക്കൗണ്ട് വിവരങ്ങളും പൊലീസ് ശേഖരിച്ചിട്ടുണ്ട്.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com