സിപിഒമാരുടെ സംശയം, ക്യാമറയിൽ പതിഞ്ഞ കാർ, ലീവ് റദ്ദാക്കി തിരിച്ചെത്തിയ ഇൻസ്പെക്ടർ; ഫലം കണ്ടത് ചടുലനീക്കങ്ങൾ
Mail This Article
തിരൂർ ∙ പൊലീസ് ഉദ്യോഗസ്ഥരായ സനീഷ് കുമാറും അരുണും– രണ്ടു പേരുടെയും സംശയങ്ങളും കൃത്യമായ ഇടപെടലുകളും മൂലമാണു ഹോട്ടലുടമ സിദ്ദീഖിന്റെ കൊലപാതകം ഇത്ര പെട്ടെന്നു തെളിയിക്കാൻ പൊലീസിനു സാധിച്ചത്. ഇരുവരും തിരൂർ പൊലീസ് സ്റ്റേഷനിലെ സിപിഒമാരാണ്. കഴിഞ്ഞ ഞായറാഴ്ചയാണു സിദ്ദീഖിന്റെ മകൻ പിതാവിനെ കാണാനില്ലെന്നു പൊലീസിൽ അറിയിച്ചത്.
ഈ വിവരം അന്വേഷിക്കാൻ ഇൻസ്പെക്ടർ എം.ജെ.ജിജോ സനീഷിനെയും അരുണിനെയും ചുമതലപ്പെടുത്തി. ഇവർ സിദ്ദീഖിനെക്കുറിച്ച് അന്വേഷണം തുടങ്ങി. സിദ്ദീഖിന്റെ കാറിനെക്കുറിച്ചാണ് ഇവർ ആദ്യം അന്വേഷിച്ചത്. എഐ ക്യാമറ സംവിധാനത്തിലേക്കു കാറിന്റെ നമ്പർ നൽകി. പുലാമന്തോളിലെ ക്യാമറയിൽ ഈ കാർ പലവട്ടം പതിഞ്ഞത് ഇവർ മനസ്സിലാക്കി. കാറിലുണ്ടായിരുന്നതു സിദ്ദീഖല്ലെന്നതു ക്യാമറയിൽ വ്യക്തമായിരുന്നു. പ്രതികളുടെ ചിത്രവും ക്യാമറയിൽനിന്ന് വ്യക്തമായി.
ഇതിനിടെ 2 പേരും ചേർന്നു സിദ്ദീഖിന്റെ അക്കൗണ്ട് പരിശോധിച്ചു. ഇതിൽനിന്നു പണം നഷ്ടപ്പെട്ടതും മനസ്സിലാക്കി. ഇക്കാര്യം ഇവർ ഇൻസ്പെക്ടർ എം.ജെ.ജിജോയെ വിളിച്ചറിയിച്ചു. അദ്ദേഹം ലീവ് റദ്ദാക്കി തിരിച്ചെത്തി. തുടർന്നു സനീഷിന്റെയും അരുണിന്റെയും കണ്ടെത്തലുകളിൽനിന്ന് അന്വേഷണം തുടങ്ങി. കോൾ ലിസ്റ്റുകളിൽ നിന്നാണ് 3 പ്രതികളെയും കണ്ടെത്തിയത്. വൈകിയിരുന്നെങ്കിൽ ഷിബിലിയും ഫർഹാനയും അസമിലേക്കു രക്ഷപ്പെടുമായിരുന്നു.
ഹോട്ടലുടമയുടെ കൊലപാതകം ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ 5 ലക്ഷം തട്ടാൻ; 5 മിനിറ്റുകൊണ്ട് സിദ്ദീഖിന്റെ ജീവനെടുത്തു
തിരൂർ ∙ ഹോട്ടലുടമയെ ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾ ലക്ഷ്യമിട്ടത് ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ. കോഴിക്കോട് എരഞ്ഞിപ്പാലത്തെ ലോഡ്ജ്മുറിയിൽ ആദ്യമെത്തിയ ഫർഹാനയും ഹോട്ടലുടമ സിദ്ദീഖും തമ്മിൽ അര മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതിനിടയിലാണ് ഷിബിലി റൂമിലേക്കെത്തുന്നത്. പരിചയക്കാരായതിനാൽ മൂവരും സംസാരം തുടർന്നു. പെട്ടെന്നു മുറിയിലേക്കു ആഷിഖ് കയറിവന്നതോടെയാണ് രംഗം മാറിയത്. ഇതോടെ ഹണിട്രാപ്പിനായി സിദ്ദീഖിന്റെ നഗ്നചിത്രം എടുക്കാൻ 3 പേരും ചേർന്ന് ശ്രമിച്ചു. പിന്നീട് ഷിബിലി കത്തിചൂണ്ടി പണം ആവശ്യപ്പെട്ടു. വഴങ്ങാതെ വന്നപ്പോൾ കഴുത്തിൽ കത്തികൊണ്ടു വരഞ്ഞു. ചെറുത്തുനിൽപ് തുടർന്നപ്പോഴാണ് ഫർഹാന ബാഗിൽ സൂക്ഷിച്ചിരുന്ന ചുറ്റികയെടുത്തു നൽകിയതും ഷിബിലി തലയ്ക്കടിച്ചതും. ആഷിഖ് മുറിയിലെത്തി 5 മിനിറ്റിനകം കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.
സംഭവത്തിൽ പ്രതികൾക്ക് മറ്റാരുടെയും സഹായം ലഭിച്ചിട്ടില്ലെന്നാണു കരുതുന്നതെങ്കിലും പ്രതികളുടെ ഫോണിൽനിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരും. തെക്കൻ ജില്ലയിൽനിന്നുള്ള ഒരു സുഹൃത്തിനോട് സംഭവ ദിവസം കോഴിക്കോട്ടെത്താൻ പറഞ്ഞിരുന്നതായി ഫർഹാന ചോദ്യം ചെയ്യലിൽ പൊലീസിനോട് സമ്മതിച്ചു. എന്നാൽ, മറ്റു തിരക്കുകളുള്ളതിനാൽ വരാനാവില്ലെന്ന് ഇയാൾ മറുപടി നൽകി. ഫോൺ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ചോദ്യം ചെയ്തപ്പോഴാണ് ഫർഹാന ഇക്കാര്യം സമ്മതിച്ചത്. ഇയാൾക്ക് സംഭവത്തെക്കുറിച്ച് അറിവില്ലെന്നാണ് നിഗമനം.
ഇയാളെ കേസിൽ സാക്ഷിയാക്കും.അതേസമയം, അറസ്റ്റിലായ വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി(22), ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന(19), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ പൊലീസ് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി അനുവദിച്ചാൽ എരഞ്ഞിപ്പാലം ജംക്‌ഷനിലെ ‘ഡി കാസ ഇൻ’ ലോഡ്ജ്, കല്ലായി റോഡ് പുഷ്പ ജംക്‌ഷനിലെ ഇലക്ട്രിക് ഉപകരണ വിൽപന സ്ഥാപനം, ട്രോളി ബാഗുകൾ വാങ്ങിയ മിഠായിത്തെരുവിലെ കടകൾ, ഷിബിലി ജോലി ചെയ്ത സിദ്ദീഖിന്റെ ഒളവണ്ണ കുന്നത്തുപാലത്തുള്ള ഹോട്ടൽ എന്നിവിടങ്ങളിൽ ഇന്നുതന്നെ പ്രതികളുമായെത്തി തെളിവെടുപ്പ് നടത്തും.