ADVERTISEMENT

മലപ്പുറം ∙ നഗരത്തിൽ വിവിധ ഭാഗങ്ങളിൽ കണ്ടതു പുലിയല്ല, കാട്ടുപൂച്ചയെന്ന് വനം വകുപ്പ്. ഇവ മനുഷ്യരെ ആക്രമിക്കാറില്ലാത്തതിനാൽ ഭീതി വേണ്ട. പക്ഷേ, കോഴികളും പൂച്ചക്കുട്ടികളുമൊക്കെ ഇഷ്ടഭക്ഷണമായതിനാൽ ഓമനമൃഗങ്ങളും വളർത്തുമ‍‍ൃഗങ്ങളുമുള്ളവർ ജാഗ്രത പാലിക്കണം. മലപ്പുറം മച്ചിങ്ങൽ ചെന്നത്ത് റോഡിൽ വച്ചാണ് പ്രദേശവാസികൾ പുലിയെപ്പോലുള്ള ജീവിയെ കണ്ടത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ 3 ദിവസങ്ങളിൽ ജീവി ഇതുവഴി കടന്നുപോയതായും കണ്ടു. കഴിഞ്ഞ ദിവസം കോട്ടപ്പടിയിലെ താലൂക്ക് ആശുപത്രിയുടെ പിൻഭാഗത്തും പുലിയെപ്പോലുള്ള ജീവിയെ സിസിടിവി ദൃശ്യങ്ങളിൽ കണ്ടത് പ്രചരിച്ചതോടെ നഗരവാസികൾക്കിടയിൽ ‘പുലിഭീതി’ പരന്നു.

    മലപ്പുറം മച്ചിങ്ങലിൽ 3 ദിവസം കാട്ടുപൂച്ചയെ കണ്ട സ്ഥലം.
മലപ്പുറം മച്ചിങ്ങലിൽ 3 ദിവസം കാട്ടുപൂച്ചയെ കണ്ട സ്ഥലം.

ഇന്നലെ കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷൻ ഓഫിസർ കെ.ഷാജീവിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം എത്തി മച്ചിങ്ങൽ ഭാഗത്ത് പരിശോധന നടത്തി. ഇവിടെ സി.കെ.ഹംസയുടെ വീട്ടിലെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളും പരിശോധിച്ചു. പരിസരവാസികളുമായും സംസാരിച്ച ശേഷമാണ് കാട്ടുപൂച്ച അഥവാ ജംഗിൾ കാറ്റ് ആണെന്ന് സ്ഥിരീകരിച്ചത്. മഴ പെയ്തതിനാൽ കാൽപ്പാടുകളൊന്നും കണ്ടെത്താനായില്ല.

പുലിയും കാട്ടുപൂച്ചയും

കണ്ടാൽ പുലിയെപ്പോലെ തോന്നിപ്പിക്കുമെങ്കിലും കാട്ടുപൂച്ചയ്ക്ക് ഒട്ടേറെ വ്യത്യാസങ്ങളുണ്ട്. കാട്ടുപൂച്ചയ്ക്ക് നായയുടെ വലിപ്പമേ പരമാവധി കാണൂ. 60 സെന്റിമീറ്റർ വരെ ഉയരം. എന്നാൽ പുലിക്ക് 90 സെന്റിമീറ്റർ മുതൽ ഒരു മീറ്റർ വരെ ഉയരവും അതനുസരിച്ച് നീളവുമുണ്ടാകും. മച്ചിങ്ങൽ ഭാഗത്ത് കണ്ട ജീവി കടന്നുപോയ ഭാഗത്തെ മതിലിന്റെ ഉയരം താരതമ്യപ്പെടുത്തിയാണ് കാട്ടുപൂച്ചയാണെന്ന് ഉറപ്പിച്ചതെന്ന് വനപാലകർ പറഞ്ഞു.

പുലിയുടെ പുള്ളികൾക്ക് നല്ല തിളക്കമുണ്ടാകും. കാട്ടുപൂച്ചയുടേത് അൽപം മങ്ങിയതായിരിക്കും. രാത്രി കാഴ്ചയിൽ ഇതു തിരിച്ചറിയാൻ പറ്റാത്തതു കൊണ്ടാണ് പുലിയാണെന്നു തെറ്റിദ്ധാരണയുണ്ടാകുന്നത്. പുലിയാണെങ്കിൽ വളർത്തുനായ്ക്കളെയും മറ്റും ഇതിനോടകം ആക്രമിച്ചിട്ടുണ്ടാകും. എന്നാൽ അത്തരം സംഭവങ്ങളൊന്നും പ്രദേശത്ത് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും വനപാലകർ പറഞ്ഞു.

കോഴി, താറാവ്, പൂച്ച എന്നിവയ്ക്കു പുറമേ കോഴിമാലിന്യവും കാട്ടുപൂച്ചയുടെ ഇഷ്ടഭക്ഷണമാണ്. 15 കിലോമീറ്റർ ചുറ്റളവിൽ ഇതേ കാട്ടുപൂച്ചയെ ഇനിയും കാണാൻ സാധ്യതയുണ്ടെന്നും സ്റ്റേഷൻ ഓഫിസർ കെ.ഷാജീവ് മനോരമയോട് പറഞ്ഞു.

കാട്ടുപൂച്ചയെ കരുതിയിരിക്കാം

∙ കോഴിയെയും മറ്റും വളർത്തുന്നവർ കൂടുകൾ ഭദ്രമായി അടയ്ക്കണം
∙ രാത്രിയിൽ വീടിനു പുറത്ത് എപ്പോഴും ഒരു ലൈറ്റെങ്കിലും ഓണാക്കിയിടുക
∙ പുറത്ത് എന്തെങ്കിലും ശബ്ദം കേട്ടാൽ നിരീക്ഷിക്കുക. പൊതുവേ ആളനക്കം കേട്ടാൽ തന്നെ ഓടിമാറുന്നവയാണ് കാട്ടുപൂച്ചകൾ.

11ന് സന്ധ്യയ്ക്ക് വീട്ടുമുറ്റത്ത് ബൈക്ക് നന്നാക്കുന്നതിനിടയിലാണ് 15 മീറ്റർ അകലെ ജീവിയെ കണ്ടത്. വാലും പിൻഭാഗവും മാത്രമാണു കണ്ടത്. നായയോ കുറുക്കനോ അല്ലെന്നു മനസ്സിലായി. ടോർച്ചടിച്ചു നോക്കിയപ്പോൾ തിളക്കമുള്ള കണ്ണുകളും കണ്ടു. എന്നാൽ പുലിയാണെന്നൊന്നും അപ്പോൾ തോന്നിയിരുന്നില്ല. പിന്നീട് വീടിനു പുറത്തുവച്ച ചെരിപ്പ് കാണാതായതിനാൽ സംശയം തീർക്കാൻ സിസിടിവി പരിശോധിച്ചപ്പോഴാണ് പുലിയെപ്പോലെയുള്ള ജീവിയെ കണ്ടത്. 6ന് പുലർച്ചെ 4നും 7നു വൈകിട്ട് 6.50നും ഇതേ ജീവി വീടിനു സമീപത്തുകൂടി കടന്നുപോകുന്നത് സിസിടിവിയിൽ കണ്ടു.

English Summary: What was seen in different parts of the city was not a tiger, but a wild cat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com