കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിൽ 16 കോടി രൂപയുടെ വികസനം വരുന്നു
Mail This Article
കുറ്റിപ്പുറം ∙ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലൊന്നായ കുറ്റിപ്പുറത്ത് 16 കോടി രൂപയുടെ വികസനം നടപ്പാക്കും. 2 ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിയുടെ ഒന്നാംഘട്ടം ഡിസംബർ 31നകം പൂർത്തിയാക്കും. 2024ൽ രണ്ടാംഘട്ടം പൂർത്തിയാകും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് വികസനം.
ഇന്നലെ റെയിൽവേ സ്റ്റേഷനിൽ എത്തിയ ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസാണ് കുറ്റിപ്പുറം സ്റ്റേഷൻ ആധുനിക രീതിയിൽ വികസിപ്പിക്കുമെന്ന് അറിയിച്ചത്. സ്റ്റേഷനു മുന്നിൽ മനോഹരമായ പ്രവേശന കവാടം ഉണ്ടാകും.
രണ്ടാംഘട്ടത്തിൽ പ്ലാറ്റ്ഫോമിന്റെ കിഴക്കുവശത്ത് പുതിയ നടപ്പാലവും അതോടൊപ്പം രണ്ടാമത്തെ ലിഫ്റ്റ് സംവിധാനവും യാഥാർഥ്യമാകും. സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ മുഴുവൻ ഭാഗത്തും മേൽക്കൂര നിർമിക്കും. രണ്ടാം പ്ലാറ്റ്ഫോമിലെ നിലം മുഴുവൻ ഗ്രാനൈറ്റ് പാകും. നിലവിലെ ടിക്കറ്റ് കൗണ്ടറുകൾ അടക്കം നവീകരിക്കും. ഇരിപ്പിടങ്ങളും പദ്ധതിയുടെ ഭാഗമായി പുതുക്കി സ്ഥാപിക്കും.
ശുദ്ധജല ടാപ്പുകളും വൈദ്യുതി വിളക്കുകളും സ്ഥാപിക്കുമെന്നും കുറ്റിപ്പുറം സ്റ്റേഷനോട് ഇതുവരെയുണ്ടായിരുന്ന അവഗണനയ്ക്കു പരിഹാരമാകുമെന്നും കൃഷ്ണദാസ് പറഞ്ഞു. പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാന് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകി. കോവിഡിനു ശേഷം കുറ്റിപ്പുറത്ത് നിർത്താതെ പോകുന്ന ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആവശ്യം റെയിൽവേക്കു മുന്നിൽ അവതരിപ്പിക്കുമെന്ന് അദ്ദേഹം സംഘടനകൾക്കു ഉറപ്പ് നൽകി.
ടെലിഫോൺ സേവനം കാര്യക്ഷമമാക്കും
എല്ലാ റെയിൽവേ സ്റ്റേഷനുകളിലെയും ടെലിഫോൺ സേവനം കാര്യക്ഷമമാക്കുമെന്ന് ഇന്ത്യൻ റെയിൽവേ പാസഞ്ചേഴ്സ് അമിനിറ്റീസ് കമ്മിറ്റി ചെയർമാൻ പി.കെ.കൃഷ്ണദാസ്. നിലവിൽ സ്റ്റേഷനുകളിലേക്ക് വിളിച്ചാൽ കിട്ടാത്ത അവസ്ഥയുണ്ട്. ഉദ്യോഗസ്ഥർ ഫോൺ എടുക്കാറില്ല. ഇതിന് ഉടൻ പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു.