ഭൂസമരത്തെ പിന്തുണച്ച് ബിജെപി ഉപരോധം: 4 പേരെ അറസ്റ്റ് ചെയ്തുനീക്കി
Mail This Article
നിലമ്പൂർ ∙ ഐടിഡിപി ഓഫിസിനു മുന്നിൽ ആദിവാസിക്കൂട്ടായ്മ നടത്തുന്ന ഭൂസമരത്തിന് ഐക്യദാർഢ്യവുമായി ബിജെപി നടത്തിയ ഉപരോധം പൊലീസ് ഇടപെടലിൽ കലാശിച്ചു. 4 പേരെ അറസ്റ്റ് ചെയ്തുനീക്കി. ഭൂരഹിതർക്ക് ഒരേക്കർ ഭൂമി ആവശ്യപ്പെട്ട് ആദിവാസികൾ നടത്തുന്ന നിരാഹാരം 43 ദിവസം പിന്നിട്ടു. ബിജെപി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ 10.15ന് ഓഫിസ് കവാടം ഉപരോധം തുടങ്ങി. ബിജെപി ജില്ലാ സെക്രട്ടറി പി.ആർ.രശ്മിൽനാഥ് , നിയാേജക മണ്ഡലം പ്രസിഡന്റ് ബിജു സാമുവൽ, സുധീഷ് ഉപ്പട, ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് അജി തോമസ് എന്നിവർ ചർച്ചയ്ക്ക് ഓഫിസറുടെ മുറിയിലെത്തി.
അപ്പോൾ കലക്ടറുടെ വിഡിയാേ കോൺഫറൻസ് നടക്കുകയായിരുന്നു. യോഗം കഴിഞ്ഞ ശേഷം ചർച്ച നടത്താമെന്നും അതുവരെ പുറത്തുകാത്തിരിക്കാനും ഓഫിസർ കെ.എസ് ശ്രീരേഖ നിർദേശിച്ചു. നേതാക്കൾ വഴങ്ങിയില്ല. ഓഫിസർ പൊലീസിനെ വിവരമറിയിച്ചതിനെത്തുടർന്ന് ഇൻസ്പെക്ടർ സുനിൽ പുളിക്കലും സംഘവും എത്തി മുറിക്കു പുറത്തുപോകാൻ ആവശ്യപ്പെട്ടു. തയാറാകാതെ വന്നതോടെ 4 പേരെയും അറസ്റ്റ് ചെയ്തു. കേസെടുത്തു ജാമ്യത്തിൽ വിട്ടു. സമരം കൂടുതൽ ശക്തമാക്കുമെന്നു നേതാക്കൾ അറിയിച്ചു.