ജനകീയ ഹോട്ടൽ സബ്സിഡിക്കായി പ്രതിഷേധമുയർത്തി നടത്തിപ്പുകാർ
Mail This Article
മലപ്പുറം∙ കുടുംബശ്രീ ജനകീയ ഹോട്ടൽ നടത്തിപ്പിൽ സബ്സിഡി ഇനത്തിൽ ലഭിക്കാനുള്ള തുക ലഭിക്കാത്തതിൽ പരാതിയുമായി ഹോട്ടൽ നടത്തിപ്പുകാർ ജില്ലാ മിഷൻ ഓഫിസിൽ. ഒരു ലക്ഷം രൂപ മുതൽ 16 ലക്ഷം രൂപ വരെയാണു ചില ജനകീയ ഹോട്ടൽ നടത്തിപ്പുകാർക്കു സർക്കാരിൽനിന്നു സബ്സിഡി ഇനത്തിൽ ലഭിക്കാനുള്ളത്.
20 രൂപയ്ക്ക് ഊൺ നൽകുമ്പോൾ 10 രൂപ തോതിലാണു സബ്സിഡി ലഭിക്കുക. സബ്സിഡി ഇനത്തിൽ ജില്ലയ്ക്ക് എട്ടു കോടി രൂപയോളമാണു ലഭിക്കാനുള്ളത്. ഇതിലേക്കു 2 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന വിവരം അറിഞ്ഞാണു ജനകീയ ഹോട്ടലുകാർ കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിലെത്തിയത്. ലഭിച്ച 2 കോടിയിൽനിന്ന് ഒരു മാസം മുതൽ 5 മാസം വരെയുള്ള കുടിശിക ചില ഹോട്ടൽ നടത്തിപ്പുകാർക്കു നൽകിയിട്ടുണ്ട്. ഇതിൽ വിവേചനം കാണിച്ചതായും നടത്തിപ്പുകാർ ആരോപിച്ചു.
സ്വന്തക്കാർക്ക് തുക ഉദ്യോഗസ്ഥർ വീതിച്ചു നൽകിയെന്നും എല്ലാവരെയും പരിഗണിച്ചില്ലെന്ന് ആരോപിച്ചു ഹോട്ടൽ നടത്തുന്ന വനിതകളും ജില്ലാ മിഷൻ ജീവനക്കാരും തമ്മിൽ ബഹളവുമുണ്ടായി. ജനകീയ ഹോട്ടലുകളുടെ കൺസോർഷ്യം നടത്തിപ്പിനു വേണ്ടി 500 രൂപ വീതം സംഭാവന ആവശ്യപ്പെട്ടപ്പോൾ, മുൻപ് 144 ജനകീയ ഹോട്ടൽ നടത്തിപ്പുകാരിൽനിന്ന് 500 രൂപ വീതം സംഭാവന വാങ്ങിയതിന്റെ ചെലവുകൾ സംബന്ധിച്ച വിവരങ്ങൾ ലഭ്യമാക്കാൻ ആവശ്യപ്പെട്ടതിനും മറുപടിയുണ്ടായില്ലെന്നു നടത്തിപ്പുകാർ ആരോപിച്ചു.
ജില്ലയിലെ ജനകീയ ഹോട്ടൽ നടത്തിപ്പുകാരുടെ ജനറൽബോഡി യോഗം വൈകാതെ വിളിക്കാമെന്നും അതിൽ വിഷയങ്ങൾ ചർച്ചചെയ്യാമെന്നും ജില്ലാ മിഷൻ ഓഫിസർ ജാഫർ കെ.കക്കൂത്ത് അറിയിച്ചതിനെ തുടർന്നാണു കുടുംബശ്രീ വനിതകൾ പിരിഞ്ഞുപോയത്.