ADVERTISEMENT

കുറ്റിപ്പുറം ∙ പുഴയോര പട്ടണത്തിന്റെ ഭൂമി തരംമാറ്റത്തിനു സർക്കാർ നടപടിയില്ലാത്തത് കുറ്റിപ്പുറം നഗരവികസന പദ്ധതിയെ പ്രതികൂലമായി ബാധിച്ചേക്കും. കുറ്റിപ്പുറം ബസ് സ്റ്റാൻഡ് വികസനത്തോടൊപ്പം നടപ്പാക്കുന്ന വ്യാപാരസമുച്ചയ പദ്ധതിക്കും മറ്റു നിർമാണ ജോലികൾക്കും നഞ്ച ഭൂമി തടസ്സമാകും. കുറ്റിപ്പുറം നഗരത്തിലെ ഭൂരിഭാഗം പ്രദേശവും നഞ്ച വിഭാഗത്തിൽപെട്ടതാണ്. ഭാരതപ്പുഴയോരത്തെ തണ്ണീർത്തട പ്രദേശത്തു രൂപം കൊണ്ടതാണു കുറ്റിപ്പുറം നഗരം. 

നിലവിലെ പല കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്നത് നഞ്ച വിഭാഗത്തിലാണെന്നു രേഖകളിലുണ്ട്. ഇതുകൊണ്ടുതന്നെ നിർമാണ ജോലികൾക്ക് ഔദ്യോഗികമായി അനുമതി നൽകാൻ കഴിയില്ല. 2008ൽ നെൽവയൽ നീർത്തട സംരക്ഷണ നിയമം നിലവിൽ വരുന്നതിന് മുൻപുള്ള കെട്ടിടങ്ങളാണ് കുറ്റിപ്പുറം നഗരത്തിൽ ഭൂരിഭാഗവും. ബസ് സ്റ്റാൻഡിനോടു ചേർന്നുള്ള പഞ്ചായത്തിന്റെ വ്യാപാര സമുച്ചയവും സ്ഥിതി ചെയ്യുന്നത് നഞ്ച ഭൂമിയിലാണ്. ഇതുകൊണ്ടുതന്നെ ഈ കെട്ടിടം അടക്കമുള്ളവ പൊളിച്ചുമാറ്റി പുനർനിർമിക്കാൻ നിലവിലെ സാഹചര്യത്തിൽ അനുമതി ലഭിക്കില്ല.

കുറ്റിപ്പുറം ബസ് സ്റ്റാൻഡ് അടക്കമുള്ള പ്രദേശം നഞ്ച വിഭാഗത്തിൽനിന്ന് തരം മാറ്റണമെന്ന് ആവശ്യപ്പെട്ടു കെ.കെ.ആബിദ് ഹുസൈൻ തങ്ങൾ എംഎൽഎ വകുപ്പ് മന്ത്രിയെ നേരിൽക്കണ്ടു നിവേദനം നൽകിയിരുന്നു. എന്നാൽ ഇതുവരെ കുറ്റിപ്പുറം നഗരത്തിന്റെ നഞ്ച വിഷയം സർക്കാർ ഏറ്റെടുത്തിട്ടില്ല. നഞ്ച വിഭാഗത്തിൽപെട്ടതിനാൽ നഗരത്തിൽ കെട്ടിടനിർമാണത്തിന് അനുമതിയില്ല. പലരും ലക്ഷങ്ങൾ കെട്ടിവച്ചു ഭൂമി തരംമാറ്റിയാണു കെട്ടിട നിർമാണം നടത്തുന്നത്.

കുറ്റിപ്പുറം നഗരത്തിന്റെ വികസനത്തിനായുള്ള ഡിപിആർ തയാറാക്കുന്ന ജോലികൾ പുരോഗമിക്കുകയാണ്. ഊരാളുങ്കൽ സൊസൈറ്റി ഡിപിആർ തയാറാക്കി നൽകിയശേഷം നഗരവികസന പദ്ധതി നടപ്പാക്കാനാണ് പഞ്ചായത്തിന്റെ ശ്രമം. എന്നാൽ നഞ്ച ഭൂമി വിഷയം തിരിച്ചടിയാകുമോ എന്ന ആശങ്കയുമുണ്ട്.

ഡിപിആർ ഉടൻ

കുറ്റിപ്പുറം നഗരവികസന പദ്ധതിയുടെ ഡിപിആർ ഉടൻ പൂർത്തിയാകും. ഊരാളുങ്കുൽ സൊസൈറ്റിയാണ് വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കുന്നത്. ഇതിനു മുന്നോടിയായുള്ള സർവേ റിപ്പോർട്ടിനു റവന്യു വകുപ്പിന്റെ അനുമതി ലഭിച്ചു. പഞ്ചായത്തിനു കീഴിലുള്ള സ്ഥലത്തിന്റെ അതിർത്തി നിർണയിക്കുന്ന സർവേ റിപ്പോർട്ടാണ് റവന്യു വിഭാഗം അംഗീകരിച്ചു കൈമാറിയത്. ഇതോടെ ഡിപിആർ നടപടികൾ പൂർത്തിയായിക്കഴിഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com