കെഎസ്‍യു മാർച്ചിൽ സംഘർഷം
Mail This Article
മലപ്പുറം ∙ പ്ലസ് വൺ സീറ്റിന്റെ അപര്യാപ്തത പരിഹരിക്കണമെന്നാവശ്യപ്പെട്ട് കെഎസ്‍യു ജില്ലാ കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിൽ സംഘർഷം. പ്രവർത്തകർക്കു നേരെ 3 തവണ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രസംഗം പൂർത്തിയാക്കിയ ശേഷം കലക്ടറേറ്റ് കവാടത്തിനു മുന്നിൽ പൊലീസ് സ്ഥാപിച്ച ബാരിക്കേഡ് മറികടക്കാൻ പ്രവർത്തകർ ശ്രമിച്ചതോടെയാണ് ജലപീരങ്കി ഉപയോഗിച്ചത്. നേതൃത്വം ഇടപെട്ട ശേഷമാണു വിദ്യാർഥികൾ പിന്തിരിഞ്ഞത്. മാർച്ച് ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് ഉദ്ഘാടനം ചെയ്തു.
സീറ്റുകളല്ല, കൂടുതൽ ബാച്ചുകളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഇ.കെ.അൻഷിദ് അധ്യക്ഷത വഹിച്ചു.യൂത്ത്കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി, ഹാരിസ് മുതൂർ, കണ്ണൻ നമ്പ്യാർ, കെ.കെ.ആദിൽ, ഷംലിക് കുരിക്കൾ, പി .സുദേവ്, ഷഫ്രിൻ, ഷമീർ കാസിം, റാഷിദ് എന്നിവർ പ്രസംഗിച്ചു.