ADVERTISEMENT

മലപ്പുറം∙ ഇബ്രാഹിം നബിയുടെയും മകൻ ഇസ്മായിലിന്റെയും ത്യാഗസ്മരണ പുതുക്കി നാടെങ്ങും ബലിപെരുന്നാൾ ആഘോഷിച്ചു. സമർപ്പണത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശം പങ്കിട്ട് വിശ്വാസികൾ ഈദ്‌ഗാഹുകളിലും പള്ളികളിലും ഒത്തുചേർന്നു പ്രത്യേക പ്രാർഥന നടത്തി. മലപ്പുറം മഅദിൻ ഗ്രാൻഡ് മസ്ജിദിൽ നടന്ന പെരുന്നാൾ നമസ്കാരത്തിൽ ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കെടുത്തത്. രാവിലെ 7.30 നടന്ന നമസ്കാരത്തിന് ഗ്രാൻഡ് മസ്ജിദ് ഇമാം ഷൗക്കത്തലി സഖാഫി നേതൃത്വം നൽകി. എസ്എംഎ ജില്ലാ ഫിനാൻസ് സെക്രട്ടറി സയ്യിദ് ശിഹാബുദ്ദീൻ അഹ്ദൽ മുത്തനൂർ പെരുന്നാൾ സന്ദേശം നൽകി പ്രാർഥന നിർവഹിച്ചു. പരസ്പര ബഹുമാനവും കാരുണ്യവുമാണ് മനുഷ്യർ തമ്മിലുണ്ടാവേണ്ടതെന്നും ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹത്തായ മാതൃകയാണ് ബലി പെരുന്നാൾ നൽകുന്നതെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം വലിയങ്ങാടി ശുഹദാ മസ്ജിദിൽ പെരുന്നാൾ നമസ്കാരത്തിനും പ്രാർഥനയ്ക്കും മലപ്പുറം ഖാസി ഒ.പി.എം.മുത്തുക്കോയ തങ്ങൾ നേതൃത്വം നൽകി. 

ഭിന്നശേഷിക്കാർക്ക് സന്തോഷപ്പെരുന്നാൾ ഒരുക്കി മഅദിൻ 

മലപ്പുറം∙ ഭിന്നശേഷിക്കാർക്ക് സന്തോഷപ്പെരുന്നാൾ സമ്മാനിച്ച് സ്വലാത്ത് നഗർ മഅദിൻ ഗ്രാൻഡ് മസ്ജിദ്. രാവിലെ 8.30 നായിരുന്നു ഭിന്നശേഷിക്കാർക്ക് പ്രത്യേകമായി മഅദിൻ ഗ്രാൻഡ് മസ്ജിദിൽ പെരുന്നാൾ നമസ്‌കാരവും കൂട്ടായ്മയും സംഘടിപ്പിച്ചത്. വിവിധ രോഗങ്ങൾ കാരണം വീടിന്റെ നാലു ചുമരുകൾക്കുള്ളിൽ ദുരിതജീവിതം നയിക്കുന്നവർക്ക് സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും നിമിഷങ്ങളായിരുന്നു ഇത്. ഇവരെ സഹായിക്കുന്നതിനായി ജുനൈദ് സഖാഫി മേൽമുറി, മുനീർ പൊന്മള, ഇംതിയാസ് ആലി, സി.കെ.ശംസുദ്ദീൻ, ജുബൈർ അദനി എന്നിവരുടെ നേതൃത്വത്തിൽ മഅദിൻ ഹോസ്പൈസ് പ്രവർത്തകർ  രംഗത്തുണ്ടായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com