പടിഞ്ഞാറേക്കര ബീച്ചിൽ ഇന്നലെ വൻ തിരക്ക്
Mail This Article
തിരൂർ ∙ വലിയ പെരുന്നാളിനിടയ്ക്കു പെയ്ത ചെറിയ മഴയൊന്നും ആഘോഷത്തിനു കുറവുണ്ടാക്കിയില്ല. ഉച്ചയ്ക്കു ശേഷം കടൽ കാണാൻ നൂറുകണക്കിനു പേരാണ് പടിഞ്ഞാറേക്കര ബീച്ചിലെത്തിയത്. തിരക്കു നിയന്ത്രിക്കാനും സുരക്ഷയൊരുക്കാനും ഡിടിപിസി സംവിധാനങ്ങളൊരുക്കിയിരുന്നു.
ജീവനക്കാർക്കു പുറമേ 4 പേരെക്കൂടി ആളുകളെ നിയന്ത്രിക്കാൻ നിയമിച്ചിരുന്നു. കടൽ പ്രക്ഷുബ്ധമായിരുന്നതിനാൽ ആരെയും കടലിൽ ഇറങ്ങാൻ ഇവർ അനുവദിച്ചില്ല. ബീച്ചിൽ, കടലിലിറങ്ങരുതെന്ന മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിരുന്നു. 10 പേരടങ്ങുന്ന പൊലീസ് സംഘവും ഡിടിപിസിയുടെ പ്രത്യേക അഭ്യർഥന പ്രകാരം സ്ഥലത്തുണ്ടായിരുന്നു. ചമ്രവട്ടം പാലത്തിനു മുകളിലും ഇന്നലെ വലിയ തിരക്കായിരുന്നു. ഇവിടെ പുഴ കാണാനും മറ്റുമായാണ് ആളുകൾ എത്തിയിരുന്നത്.
തിരൂർ താഴേപ്പാലത്ത് തിരൂർ പുഴയോരത്തും ഒട്ടേറെപ്പേർ പെരുന്നാൾ ആഘോഷിക്കാൻ എത്തിയിരുന്നു. അപകടത്തെത്തുടർന്ന് അടച്ചിട്ട താനൂർ തൂവൽതീരം ബീച്ച് ജൂലൈയിൽ തുറക്കാനുള്ള നടപടി തുടങ്ങിയിട്ടുണ്ട്.