ADVERTISEMENT

പൊന്നാനി ∙ താനൂർ ബോട്ട് അപകടവുമായി ബന്ധപ്പെട്ട് മാരിടൈം ബോർഡ് ഉദ്യോഗസ്ഥർക്ക് ‘ക്ലീൻ ചിറ്റ്’ നൽകിക്കൊണ്ട് വകുപ്പുതല അന്വേഷണ റിപ്പോർട്ട്. സിഇഒയുടെ നിർദേശ പ്രകാരം തയാറാക്കിയ റിപ്പോർട്ട് മാരിടൈം ബോർഡ് തള്ളി. ഇന്നലെ കൊച്ചിയിൽ ചേർന്ന ബോർഡ് യോഗത്തിലാണ് അജൻഡയിൽ ഉണ്ടായിരുന്നിട്ടും അന്വേഷണ റിപ്പോർട്ട് പരിഗണിക്കാതിരുന്നത്. അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിച്ചതിലും അപകട കാരണങ്ങൾ വ്യക്തമാക്കിയതിലും പാകപ്പിഴകളുണ്ടായെന്നാണ് വിലയിരുത്തൽ.

‘സിഇഒയുടെ വാക്കാലുള്ള നിർദേശ പ്രകാരം തയാറാക്കിയ അന്വേഷണ റിപ്പോർട്ട്’– എന്നാണ് റിപ്പോർട്ടിന്റെ അവസാനം സൂചിപ്പിച്ചിരിക്കുന്നത്. 22 പേർ മരിച്ച ബോട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ അന്വേഷണ റിപ്പോർട്ട് തയാറാക്കുന്നതിൽ പോലും ഗൗരവം കാണിച്ചില്ലെന്നാണ് ആരോപണം.

ബോട്ടിന്റെ റജിസ്ട്രേഷൻ നടപടികളുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ ഭാഗമായി 2 ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്യപ്പെട്ട സാഹചര്യം നിലനിൽക്കുമ്പോഴാണ് ഉദ്യോഗസ്ഥർക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അഴീക്കൽ പോർട്ട് ഓഫിസർ ഇൻചാർജ് പ്രതീഷ് ജി.നായർ റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. ബോട്ടിന് രൂപമാറ്റം വരുത്തുന്നത് അനുവദനീയമാണെന്ന് റിപ്പോർട്ടിൽ പ്രത്യേകം പരാമർശിച്ചിട്ടുമുണ്ട്. രാത്രിയിൽ ബോട്ട് സർവീസ് തുടർന്നതും പരിധിവിട്ട് ആളെക്കയറ്റിയതുമാണ് അപകടത്തിന്റെ പ്രധാന കാരണമായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.

അതേസമയം, അപകടത്തിന്റെ പശ്ചാത്തലത്തിൽ പോർട്ട് കൺസർവേറ്റർ മലപ്പുറം കലക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിൽ ബോട്ട് അനധികൃതമായി നിർമിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതുപോലും അന്വേഷണ റിപ്പോർട്ടിൽ വന്നില്ല. രൂപമാറ്റം വരുത്തിയ ബോട്ടിന് റജിസ്ട്രേഷൻ നടപടികളിലേക്കു കടക്കുന്നതിന് ഐവി ആക്ട് 2021, 87/2 പ്രകാരം പതിനായിരം രൂപ പിഴയടപ്പിക്കാൻ സിഇഒ നിർദേശിച്ചിരുന്നു. ഇൗ നിയമം അപകടത്തിൽപെട്ട ബോട്ടിന് ബാധകമല്ലെന്നതിനു പുറമേ ഇൗ നിയമപ്രകാരം പിഴയടപ്പിക്കാൻ സിഇഒയ്ക്ക് അധികാരമില്ലെന്ന വാദവുമുണ്ട്. ഇതിനെക്കുറിച്ച് ഔദ്യോഗികമായ സ്ഥിരീകരണമുണ്ടായിട്ടില്ല.

''ജുഡീഷ്യൽ അന്വേഷണം ഉൾപ്പെടെ പ്രഖ്യാപിക്കപ്പെട്ട സാഹചര്യത്തിൽ ബോർ‍‍ഡ് നിലവിൽ തയാറാക്കിയ അന്വേഷണ റിപ്പോർട്ട് പ്രസക്തമല്ലെന്നതിനാലാണ് ബോർഡ് അന്വേഷണ റിപ്പോർട്ട് പരിഗണിക്കാതിരുന്നത്.''

-എൻ.എസ്.പിള്ള, മാരിടൈം ബോർഡ് ചെയർമാൻ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com