ADVERTISEMENT

എടപ്പാൾ ∙ പൊന്നാനിക്കളരിയിലെ അവസാന കാരണവരും പടിയിറങ്ങി. മഹാകവി അക്കിത്തം, വിദ്യാഭ്യാസ വിചക്ഷണൻ പി.ചിത്രൻ നമ്പൂതിരിപ്പാട്, ദേവകി നിലയങ്ങോട് എന്നിവർക്കു പിന്നാലെ ആർട്ടിസ്റ്റ് നമ്പൂതിരിയും മടങ്ങി. ഇടശ്ശേരിയും വി.ടി.ഭട്ടതിരിപ്പാടും ഉറൂബും ഉൾപ്പെടെയുള്ളവർ പയറ്റിത്തെളി‍ഞ്ഞ പൊന്നാനിക്കളരിയിലായിരുന്നു ഇവരെല്ലാം ഇതിഹാസ ജീവിതത്തിന്റെ ആദ്യ ചുവടുകൾ വച്ചത്. 

നമ്പൂതിരിയുടെ വരകൾ കേരളീയതയുടെ മുഖവരയായി മാറുന്നതിനു മുൻപ് അത് പൊന്നാനിയുടേതായിരുന്നു. പൊന്നാനിക്കളരിയിൽ കഥകളും കവിതകളും സാഹിത്യചർച്ചകളും കേട്ടുവളർന്നാണ് വരയിൽ അടിത്തറയുറപ്പിക്കുന്നത്. പൊന്നാനി എവി ഹൈസ്കൂളിനു തൊട്ടുമുൻപിലെ കൃഷ്ണപ്പണിക്കർ വായനശാല പൊന്നാനിക്കളരിയുടെ കേന്ദ്രസ്ഥാനമായപ്പോൾ അവിടെ നമ്പൂതിരിയുമുണ്ടായിരുന്നു. കളരിയിലെ മഹാരഥന്മാരായ ഇടശ്ശേരി, അക്കിത്തം, ഉറൂബ് തുടങ്ങിയവരുടെ നിരയിൽ നമ്പൂതിരിക്കുമുണ്ടായി ഒരു ഇരിപ്പിടം. കവിതയും കഥകളും കേട്ടിരിക്കുമ്പോൾ മനസ്സിൽ വരയുടെ ലോകം തുറക്കുകയായിരുന്നു നമ്പൂതിരി.

ഓരോ വരയും കൃത്യമായി എണ്ണിയെടുക്കാം. പക്ഷേ, ആ വരകൾ ഒരുമിക്കുമ്പോൾ അതിനൊരു രൂപമുണ്ടാകും ഭാവമുണ്ടാകും. അംഗവിക്ഷേപങ്ങളുണ്ടാകും. നോക്കിനോക്കിനിന്നാ‍ൽ ചിലപ്പോൾ ചലനം പോലുമുണ്ടെന്നു തോന്നും. ഒരു കഥ മുഴുവൻ ആ ചിത്രം പറഞ്ഞു തരും. നീട്ടിയുള്ള വരകളിൽ തുടിക്കുന്ന ഭാവം ആദ്യം വിസ്മയിപ്പിച്ചത് പൊന്നാനിക്കളരിയിൽ ഉള്ളവരെത്തന്നെ ആയിരുന്നു. ആ വിസ്മയത്തിന്റെ വര പിന്നീട് മലയാളിയുടെയാകെ ഹൃദയത്തിലേക്കു വീണു. അതിനടിയിൽ നമ്പൂതിരിയുടെ നീണ്ട കയ്യൊപ്പു പതിഞ്ഞു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com