ADVERTISEMENT

നിരനിരയായി നിൽക്കുന്ന കോൺക്രീറ്റ് കാലുകൾ. അവയ്ക്ക് കോൺക്രീറ്റ് കൊണ്ടുതന്നെ ടോപ്. അകലം, ഉയരം, നിരപ്പ് എല്ലാം ഒരേ ക്രമത്തിൽ. യൂണിഫോം അണിഞ്ഞ് പരേഡിനു നിൽക്കുന്ന സൈനികരെ അനുസ്മരിപ്പിക്കുന്ന ഒരു വിസ്മയത്തോട്ടം. ‘‘25 വർഷം തുടർച്ചയായി ആദായം തരുന്ന ഒരു കൃഷിക്ക് പശ്ചാത്തല സൗകര്യമൊരുക്കുമ്പോൾ കൂടുതൽ ശ്രദ്ധ വേണ്ടേ?’’. തന്റെ ഡ്രാഗൺ സൈനികർക്കൊപ്പം നിന്ന് ഇങ്ങനെയൊരു ചോദ്യം ചോദിക്കുന്നത് നിലമ്പൂർ ചക്കാലക്കുത്ത് പുളിക്കത്തടത്തിൽ പയസ് തോമസ് ആണ്. ഡ്രാഗൺ പഴച്ചെടികൾ ഒരു ബിസിനസ് എന്ന നിലയിൽ നട്ടുവളർത്തുന്ന വലിയ കർഷകർക്ക് വഴികാട്ടിയാകുകയാണ് പയസ്.

കൃഷിയെ ഒരു ജീവനോപാധി എന്നതിനപ്പുറം ഒരു സംരംഭം എന്ന നിലയിൽ കാണുന്നവർക്ക് പ്രഫഷനലായി മുന്നേറാനുള്ള വഴികളാണ് തന്റെ ഡ്രാഗൺ തോട്ടങ്ങളിൽ അദ്ദേഹം ഒരുക്കിയിട്ടുള്ളത്. കൃഷിയിടം തിരഞ്ഞെടുക്കുന്നതു മുതൽ സ്ഥലമൊരുക്കുന്നതിലും നടീൽ വസ്തുക്കൾ തിരഞ്ഞെടുക്കുന്നതിലും അവ നടുന്നതിലും താങ്ങുകാലുകൾ തയാറാക്കുന്നതിലും ജലസേചനവും വളപ്രയോഗവും നടത്തുന്നതിലുമൊക്കെ ഒരു പയസ് ടച്ച് ഉണ്ട്. ഡ്രാഗൺ ചെടികളുടെ താങ്ങുകാലുകൾ ഒരുക്കുന്നതിലാണ് അദ്ദേഹത്തിന്റെ പുതു മാതൃക. സാധാരണ ഏകദേശം രണ്ടു മീറ്റർ ഉയരമുള്ള കരിങ്കൽത്തൂണുകൾ നാട്ടി അതിൽ ടയർ വളയങ്ങൾ ഉറപ്പിച്ചാണ് ചെടികൾ വളർത്തുന്നത്.

കേരളത്തിൽ ഏതാണ്ട് എല്ലാവരും ഈ രീതിയാണ് പിൻതുടരുന്നത്. ചിലർ കാലുകൾക്ക് കോൺക്രീറ്റ് തൂണുകൾ ഉപയോഗിക്കും. അപ്പോഴും ചെടികൾക്ക് പടരാൻ ഉപയോഗിക്കുന്ന വളയം ടയറിന്റേതു തന്നെ.പയസിന്റെ കൃഷിയിടത്തിൽ താങ്ങുകാലുകളും മുകളിലത്തെ സ്റ്റാൻഡും കോൺക്രീറ്റ് തന്നെയാണ്. കർണാടകയിലെ ചില വൻകിട ഫാമുകളിലെ ആശയം ഉൾക്കൊണ്ടാണ് പയസ് തന്റെ തോട്ടത്തിൽ ഈ രീതി ആവിഷ്കരിച്ചത്. ജോലിക്കാരെ വച്ച് ഇവ സ്വന്തമായി വാർത്തെടുക്കുകയാണു ചെയ്യുന്നത്. ഇത് ചെലവു കുറയ്ക്കാനും ഗുണനിലവാരം ഉറപ്പാക്കാനും സഹായിക്കുന്നു.

ഇപ്പോഴത്തെ സാഹചര്യത്തിൽ  മികച്ച ആദായം കിട്ടുന്ന വിളയായി ഡ്രാഗൺ കൃഷി മാറിയിട്ടുണ്ടെന്ന് പയസ് പറഞ്ഞു. മികച്ച ഇനം തിരഞ്ഞെടുത്ത് നടുകയും വലിയ ഏജൻസികളുമായി കരാർ ഉണ്ടാക്കുകയും ചെയ്താൽ വിപണനം ഒരു പ്രശ്നമാകില്ല. 1000 കാലുകളിൽ 4000 തൈകൾ നടാം. കാലുകൾ കുഴിച്ചിടുന്നതും കോൺക്രീറ്റ് ടോപ്പ് ഉറപ്പിക്കുന്നതും വിദഗ്ധരായ തൊഴിലാളികളുടെ സഹായത്തോടെയാണ്. ഓരോ ടോപ്പും വാട്ടർ ലെവൽ പിടിച്ചാണ് ഉറപ്പിക്കുന്നത്. ടയർ ഉപയോഗിച്ചുള്ള ടോപ് കുറച്ചുകഴിയുമ്പോൾ ചെരിഞ്ഞുപോകും. ഇതിന് അത്തരമൊരു പ്രശ്നമില്ല.ജലസേചനവും വളപ്രയോഗവും ചെടികളുടെ ചുവട്ടിൽ ലഭിക്കത്തക്കവിധം ടൈമർ അടക്കം ക്രമീകരിച്ച വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com