ADVERTISEMENT

മലപ്പുറം ∙ വിലക്കയറ്റം തടയാനായി വ്യാപക പരിശോധനയുമായി പൊതുവിതരണ വകുപ്പ്. ആദ്യദിനമായ ഇന്നലെ പരിശോധന നടത്തിയ പകുതി കടകളിലും ക്രമക്കേടുകൾ കണ്ടെത്തി. 95 കടകളിൽ നടത്തിയ പരിശോധനയിൽ 51 കടകളിലും വിവിധ ക്രമക്കേടുകളുണ്ടെന്നാണു കണ്ടെത്തിയത്. ഇവയ്ക്കെതിരെ തുടർ നടപടികൾക്കായി കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ജില്ലാ സപ്ലൈ ഓഫിസർ എൽ.മിനി പറഞ്ഞു.m ഒരേ സ്ഥലത്തുതന്നെ ഒരേ സാധനത്തിന് വ്യത്യസ്ത വില ഈടാക്കുക, അമിതവില ഈടാക്കുക, വിലവിവരപ്പട്ടിക പ്രദർശിപ്പിക്കാതിരിക്കുക, ഉപഭോക്താക്കൾക്ക് വ്യക്തമായി കാണത്തക്ക രീതിയിൽ  ത്രാസ് പ്രദർശിപ്പിക്കാതിരിക്കുക, ആവശ്യമായ ലൈസൻസുകൾ പ്രദർശിപ്പിക്കാതിരിക്കുക തുടങ്ങിയ ക്രമക്കേടുകളാണു കണ്ടെത്തിയത്. പഴം, പച്ചക്കറി, പലചരക്ക്, മത്സ്യം, മാംസം തുടങ്ങിയവയുടെ മൊത്ത–ചില്ലറ വ്യാപാര സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്.

ജില്ലാ സപ്ലൈ ഓഫിസറുടെ നേതൃത്വത്തിൽ ഇന്നലെ കൂട്ടിലങ്ങാടിയിലും മറ്റ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ജില്ലയിലെ വിവിധയിടങ്ങളിലുമാണ് പരിശോധന നടന്നത്. വരും ദിവസങ്ങളിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ യോജിച്ച പരിശോധന നടക്കും. റവന്യു, ലീഗൽ മെട്രോളജി, ഭക്ഷ്യസുരക്ഷ, പൊലീസ് എന്നീ വകുപ്പുകളും സ്ക്വാഡിലുണ്ടാകും. ഇതിന്റെ ഭാഗമായി വ്യാപാരി വ്യവസായി സംഘടനകളുടെ യോഗവും ചേരും. പെരിന്തൽമണ്ണ താലൂക്ക് സപ്ലൈ ഓഫിസർ പി.അബ്ദുറഹിമാൻ, റേഷനിങ് ഇൻസ്പെക്ടർമാരായ പി.സതീഷ്, ടി.എ.രജീഷ് കുമാർ, ലീഗൽ മെട്രോളജി ഇൻസ്പെക്റ്റിങ് അസിസ്റ്റന്റ് മോഹനൻ തുടങ്ങിയവർ വിവിധയിടങ്ങളിൽ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com