ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയുടെ ‘മുഖം’ മിനുക്കാൻ ‘നാക്’ പരിശോധനാ സമിതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ടു മുൻപു കോടികൾ വിനിയോഗിച്ചിട്ടും ത്രിഗുൺസെൻ ട്രയാംഗിൾ നവീകരണത്തിനുള്ള 68 ലക്ഷം രൂപയുടെ പദ്ധതി ഉപേക്ഷിക്കാൻ കാരണമെന്തെന്നത് ഇപ്പോഴും ഉത്തരമില്ലാത്ത ചോദ്യം. യൂണിവേഴ്സിറ്റിക്ക് ഇന്നലെ 55 വയസ്സ് തികഞ്ഞു. സർവകലാശാലാ സ്ഥാപക ഫലകം വനവാസത്തിലെന്ന ദുരവസ്ഥ ഒഴിവാക്കാൻ നവീകരണം സഹായിച്ചേനേ. 1968ൽ അന്നത്തെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ. ത്രിഗുൻസെൻ കാലിക്കറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചതിന്റെ ഓർമ ഉണർത്തുന്ന ഫലകമാണു ത്രികോണാകൃതിയിലുള്ള ത്രിഗുൻസെൻ ട്രയാംഗിളിലുള്ളത്.

കാലിക്കറ്റ് സർവകലാശാലാ ഉദ്ഘാടന ഫലകം നവീകരിക്കാനും സംരക്ഷിക്കാനുമായി തയാറാക്കിയ രൂപരേഖ.

സ്ഥലത്തിന്റെ ഒരു ഭാഗം, ഭരണകാര്യാലയത്തിലേക്കുള്ള പുതിയ റോഡിനായി പൊളിച്ചെടുത്തതു മാറ്റിയാൽ തന്നെ 80 സെന്റെങ്കിലും വിനിയോഗിച്ചു ട്രയാംഗിൾ നവീകരിക്കാനാകുമെന്നാണു പ്രതീക്ഷ. ട്രയാംഗിൾ ഭൂപ്രദേശവും ഫലകവും നവീകരിക്കാൻ രൂപരേഖ വരച്ചത് അന്നത്തെ സിൻഡിക്കറ്റിനു സമർപ്പിച്ചിരുന്നു. പദ്ധതി നടപ്പാക്കാൻ സാമ്പത്തിക പ്രശ്നവും ഇല്ലായിരുന്നു. എന്നാൽ, അത്യാവശ്യമല്ലാത്ത പല പദ്ധതികൾക്കും പച്ചക്കൊടി കാണിച്ച അന്നത്തെ സിൻഡിക്കറ്റ് ട്രയാംഗിൾ കാര്യത്തിൽ താൽപര്യം എടുത്തില്ല. ട്രയാംഗിളിനു ചുറ്റും പൂട്ടുകട്ട വിരിച്ച നടപ്പാത അടക്കം വിഭാവനം ചെയ്താണു രൂപരേഖ തയാറാക്കി സിൻഡിക്കറ്റിനു കൈമാറിയത്.

അക്വേറിയം, ഗാലറി, ചെറിയ യോഗങ്ങൾക്കുള്ള സൗകര്യം, പൂന്തോട്ടം എന്നിവ ട്രയാംഗിൾ‌ ഭൂമിയിൽ ഒരുക്കാൻ പാകത്തിലാണു രൂപരേഖ വരച്ചത്. വാഴ്സിറ്റി ഉദ്ഘാടന ഫലകത്തിലെ അക്ഷരങ്ങൾ മിക്കവാറും മാഞ്ഞു. ഭരണ കാര്യാലയത്തിനും സെനറ്റ് ഹൗസിനും ഇടയിൽ കണ്ണായ സ്ഥാനത്തുള്ള ട്രയാംഗിൾ നവീകരണം യൂണിവേഴ്സിറ്റിക്ക് 55 വയസ്സ് തികഞ്ഞിട്ടും നടപ്പാക്കാനായില്ല എന്നതിനു പുതിയ സിൻഡിക്കറ്റ് എങ്കിലും പരിഹാരം കാണുമോയെന്ന ചോദ്യം പല കോണുകളിൽനിന്നും ഇപ്പോൾ ഉയരുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com