ADVERTISEMENT

പൊന്നാനി ∙ ‘തകർച്ചയിലായ പുളിക്കക്കടവ് തൂക്കുപാലത്തിന്റെ 5 പടികൾ നഗരസഭ നന്നാക്കാം’– ഒൗദാര്യമെന്നോണം പൊന്നാനി നഗരസഭ നൽകിയ ഉറപ്പായിരുന്നു ഇത്. പാലം പോലെ തന്നെ നഗരസഭയുടെ വാക്കിനും ഉറപ്പുണ്ടായില്ല. അടുത്ത ദിവസം തന്നെ പണി തുടങ്ങുമെന്നാണ് നഗരസഭ കഴിഞ്ഞ ഒക്ടോബറിൽ അറിയിച്ചിരുന്നത്. പറഞ്ഞ ആവേശം പ്രവൃത്തിയിലുണ്ടായില്ല. നഗരസഭ പറഞ്ഞു പറ്റിച്ചതാണെന്ന് നാട്ടുകാർക്ക് ബോധ്യമായി.

വെറും 5 പടികൾ മാത്രം നന്നാക്കാമെന്ന വാക്കുപോലും പാലിക്കാൻ കഴിഞ്ഞില്ല. പുളിക്കക്കടവിൽ മാറഞ്ചേരിയും പൊന്നാനിയും തമ്മിലുള്ള ബന്ധമറ്റു. ഡിടിപിസിയും നഗരസഭയും തമ്മിൽ തല്ലി പൊന്നാനിയുടെ സ്വപ്ന പദ്ധതി നശിപ്പിച്ചപ്പോൾ ഇരുകരയിലുമുള്ള നുറുകണക്കിന് യാത്രക്കാരാണ് പെരുവഴിയിലായത്. നിവൃത്തിയില്ലാതെ മാറഞ്ചേരി പഞ്ചായത്ത് തുടങ്ങിയ കടത്ത് സർവീസ് ഏറെ ഭീതി ഉയർത്തുകയാണ്.

‘കാറ്റ് വീശിയാൽ നെഞ്ച് പിടയ്ക്കും’

‘മഴ പെയ്താൽ തോണിയിലുള്ളവർ കുട നിവർത്തും.. ഒപ്പം കാറ്റും കൂടി വീശിയാൽ തോണി ആടിയുലയും..’– പുളിക്കക്കടവിലെ കടത്തു തോണിക്കാരന്റെ വാക്കുകളാണിത്. ശക്തമായ മഴയും കാറ്റുമുള്ളപ്പോഴും ഇൗ കടത്തു തോണിയല്ലാതെ മറ്റ് മാർഗങ്ങളില്ല. ഉണ്ടായിരുന്ന പാലം, അധികൃതർ പരസ്പരം പഴിചാരി ഇല്ലാതാക്കിയതോടെ നാട്ടുകാരുടെ ജീവൻ ഭീഷണിയിലായി. 

ദിവസവും ഒട്ടേറെ വിദ്യാർഥികൾ ഇൗ കടത്തു തോണിയെ ആശ്രയിക്കുന്നുണ്ട്. കായലിൽ പല തവണ മുങ്ങി മരണങ്ങളുണ്ടായിട്ടുണ്ട്. മണിക്കൂറുകൾ തിരച്ചിൽ നടത്തിയിട്ടു പോലും ആളെ കണ്ടെത്താൻ കഴിയാത്ത തരത്തിലുള്ള ദുർഘടമായ കായൽ പ്രദേശമാണിത്. ഇൗ അപകട സാഹചര്യത്തിലേക്കാണ് വീണ്ടും കടത്തു തോണിയിറക്കേണ്ട ഗതികേടുണ്ടാക്കിയിരിക്കുന്നത്.

ചെലവഴിച്ചത് കോടികൾ

തൂക്കുപാലം, നടപ്പാത, ചുറ്റുമതിൽ.. അങ്ങനെ പല തവണകളിലായി 2.5 കോടി രൂപയോളം പുളിക്കക്കടവ് കായൽ തീരത്ത് ചെലവഴിച്ചിട്ടുണ്ട്. ഒരു പദ്ധതിയും പൂർണതയിലെത്തിയിട്ടില്ല. എല്ലാം പാതി വഴിയിൽ നിർത്തേണ്ടി വന്നിരിക്കുന്നു. കായൽ തീരത്തെ ടൂറിസം സ്പോട്ടാക്കി മാറ്റാൻ കൃത്യമായ ദീർഘ വീക്ഷണത്തോടെയുള്ള പദ്ധതിയുണ്ടായില്ല. ടൂറിസം വകുപ്പ് നിർമാണം തുടങ്ങുമ്പോൾ ഭൂമി ആരുടേതാണെന്ന ബോധ്യം പോലുമുണ്ടായിരുന്നില്ല.

തൂക്കുപാലത്തിന്റെ തർക്കം മുറുകിയപ്പോഴാണ് കായൽ പരിസര പ്രദേശം നഗരസഭയുടെ ഭൂമിയാണെന്നും ടൂറിസം പദ്ധതികൾ നഗരസഭ മുഖേനയാണ് നടപ്പാക്കേണ്ടതെന്നുമുള്ള വാദങ്ങളുയർന്നത്. ഒരു ലക്ഷ്യവുമില്ലാതെ ചെലവഴിച്ച കോടികൾ സർക്കാരിന്റെ നഷ്ടക്കണക്കിലേക്ക് ചേർത്തു വയ്ക്കാനുള്ളതാണ്. ടൂറിസം വികസനത്തിന്റെ ഭാഗമായുള്ള യാതൊരു നേട്ടവും ഇൗ നിർമാണം കൊണ്ട് കായൽ തീരത്തിന് നേടാൻ കഴിഞ്ഞിട്ടില്ല. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com