‘അദ്ദേഹം എന്റെ മാർഗദർശിയായിരുന്നു, ജീവിച്ചിരുന്നപ്പോൾ അത് തുറന്നുപറയാൻ കഴിഞ്ഞില്ല’; രാഹുൽ ഗാന്ധി
Mail This Article
മലപ്പുറം ∙ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച ഉമ്മൻ ചാണ്ടി അനുസ്മരണ സമ്മേളനത്തിൽ അപ്രതീക്ഷിത അതിഥിയായി രാഹുൽ ഗാന്ധി. കോട്ടയ്ക്കൽ ആര്യവൈദ്യശാലയിൽ ചികിത്സയിൽ കഴിയുന്ന രാഹുൽ ഗാന്ധി, ചടങ്ങിനെക്കുറിച്ചറിഞ്ഞപ്പോൾ പങ്കെടുക്കാൻ തീരുമാനിക്കുകയായിരുന്നു. സമ്മേളനം തുടങ്ങി ഒരു മണിക്കൂറിനു ശേഷമാണ് രാഹുലെത്തിയത്.‘അദ്ദേഹം എന്റെ മാർഗദർശിയായിരുന്നു. എന്റെ മനസ്സിലുള്ള ആദരവ് ജീവിച്ചിരുന്ന കാലത്ത് അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ തുറന്നുപറയാൻ കഴിഞ്ഞില്ല.
അതാണ് ഞാൻ ഇപ്പോൾ പ്രകടിപ്പിക്കുന്നത്’. തിങ്ങി നിറഞ്ഞ സദസ്സിനു മുന്നിൽ 10 മിനിറ്റ് നീണ്ട അനുസ്മരണ പ്രസംഗത്തിൽ രാഹുൽ പറഞ്ഞു. പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുടെ സംസ്കാരച്ചടങ്ങുകളിൽ രാഹുൽ പങ്കെടുത്തിരുന്നു. ആരോഗ്യസ്ഥിതി മോശമായ സമയത്തും ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കണമെന്ന് ഉമ്മൻചാണ്ടി നിർബന്ധം പിടിച്ചു. യാത്രയ്ക്കിടെ അദ്ദേഹത്തെ സഹായിക്കാനായി ഞാൻ കൈപിടിച്ചു. എന്നാൽ, കേരളത്തിലെ ജനങ്ങൾക്കൊപ്പം ഒറ്റയ്ക്ക് നടക്കാനാണ് അദ്ദേഹം എപ്പോഴും ആഗ്രഹിച്ചത്. രണ്ടു പതിറ്റാണ്ടായി എനിക്ക് ഉമ്മൻ ചാണ്ടിയെ അറിയാം.
അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവരോ മറ്റുള്ളവരെക്കുറിച്ച് അദ്ദേഹമോ മോശമായി പറഞ്ഞ അനുഭവമുണ്ടായിട്ടില്ല. കേരളത്തിന് ഉമ്മൻ ചാണ്ടിയെപ്പോലുള്ള നേതാക്കൾ ആവശ്യമാണെന്നും യുവനേതാക്കൾ അദ്ദേഹത്തിന്റെ പാത സ്വീകരിക്കണമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനും യോഗത്തിൽ പങ്കെടുക്കാനെത്തിയിരുന്നു.
അനുസ്മരണ സമ്മേളനത്തിന്റെ കാര്യപരിപാടിയിൽ രാഹുൽ ഗാന്ധിയുടെ പേരില്ലായിരുന്നു. അദ്ദേഹത്തോടൊപ്പം കോട്ടയ്ക്കലിലുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ ചടങ്ങിനു പുറപ്പെടുമ്പോൾ രാഹുൽ ഗാന്ധിയെ അറിയിച്ചിരുന്നു. അദ്ദേഹം കൂടെ വരാൻ താൽപര്യം പ്രകടിപ്പിച്ചെങ്കിലും അതിനുള്ള മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ലെന്ന് അറിയിക്കുകയായിരുന്നു. ചടങ്ങ് നടക്കുന്നതിനിടെ രാഹുൽ ഗാന്ധി വീണ്ടും കെ.സി.വേണുഗോപാലിനെ വിളിച്ചു.
ഇത്രയും സമീപത്തുണ്ടായിരിക്കെ ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ പങ്കെടുക്കാതിരിക്കുന്നതെങ്ങനെയെന്നായിരുന്നു ചോദ്യം. തുടർന്നാണ് അദ്ദേഹം മലപ്പുറത്തേക്ക് പുറപ്പെട്ടത്. ചടങ്ങ് അവസാനിച്ചയുടൻ കോട്ടയ്ക്കലിലേക്ക് മടങ്ങി. കാൽമുട്ടുവേദനയുടെ ചികിത്സയ്ക്കായി 3 ദിവസം മുൻപാണ് രാഹുൽ കോട്ടയ്ക്കലിലെത്തിയത്. 29 വരെ ചികിത്സ തുടരും.
‘ഓർമകളിലെ ഒസി’: ഉമ്മൻ ചാണ്ടിക്ക് ഹൃദയാഞ്ജലി അർപ്പിച്ച് മലപ്പുറം
ഓർമകൾ വാക്കുകളായി.വാക്കുകൾ കൂടിച്ചേർന്ന് കരുതലിന്റെ, സ്നേഹത്തിന്റെ, ക്ഷമയുടെ, ചേർത്തുപിടിക്കലിന്റെ ചിത്രങ്ങൾ വരച്ചു. അവയ്ക്കെല്ലാം ഒരേ മുഖം. ജനകീയതയുടെ മറുപേരായി മാറിയ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മുഖം. സദസ്സ് വികാരവായ്പോടെ അവ ഏറ്റെടുത്തപ്പോൾ ജില്ലാ കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണച്ചടങ്ങ് ‘ഓർമകളിലെ ഒസി’ ഉമ്മൻ ചാണ്ടിക്കുള്ള ജില്ലയുടെ ഹൃദയാഞ്ജലിയായി മാറി. വേദിയിലേക്ക് അപ്രതീക്ഷിത അതിഥിയായി കടന്നുവന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഹൃദയം തുറന്നപ്പോൾ അതിലും തെളിഞ്ഞു നിന്നത് ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ മഹത്വം.
എല്ലാറ്റിനും മുകളിൽ പാർട്ടി താൽപര്യത്തെ പ്രതിഷ്ഠിച്ച കോൺഗ്രസുകാരനായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് ഉദ്ഘാടനം ചെയ്ത എഐസിസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു. ഉമ്മൻ ചാണ്ടിയിൽ കോൺഗ്രസുകാർക്ക് ശരിയായ മാതൃകയുണ്ട്. തന്റെ മുന്നിലെത്തുന്ന അവസാനത്തെയാളെയും പരിഗണിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. രാഷ്ട്രീയമായി എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും വ്യക്തിപരമായി ആരെയും ആക്ഷേപിക്കാതിരിക്കാൻ അദ്ദേഹം ശ്രദ്ധിച്ചു.
വെറുപ്പും അവഹേളനവും നിറഞ്ഞു നിൽക്കുന്ന ഇന്നത്തെ രാഷ്ട്രീയത്തിൽ അപൂർവ മാതൃകയായിരുന്നു ഉമ്മൻ ചാണ്ടി. താനുൾപ്പെടെയുള്ള കോൺഗ്രസുകാർ ആത്മവിമർശനപരമായി ഇത് ഉൾക്കൊള്ളണമെന്ന് കെ.സി.വേണുഗോപാൽ പറഞ്ഞു. അദ്ദേഹത്തിന് ലഭിച്ച വിസ്മയകരമായ യാത്രയയപ്പ് അപമാനിച്ചവർക്കും അപകീർത്തിപ്പെടുത്തിയവർക്കുമുള്ള മറുപടിയാണ്.
ജനഹൃദയത്തിൽ ജീവിക്കുന്ന അപൂർവം നേതാക്കളിൽ ഒരാളാണ് ഉമ്മൻ ചാണ്ടിയെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. തിരുവനന്തപുരം മുതൽ പുതുപ്പള്ളിവരെയുള്ള അന്ത്യയാത്രയിൽ ജനങ്ങളുടെ ഹൃദയത്തിലേറിയാണ് ഉമ്മൻ ചാണ്ടി സഞ്ചരിച്ചതെന്നു തങ്ങൾ പറഞ്ഞു.
നാടിനെ വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്കും പ്രതിസന്ധികൾ മറികടക്കാനും ഉമ്മൻ ചാണ്ടിയുടെ ഓർമകൾ കരുത്താകുമെന്നും ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ് അധ്യക്ഷനായി. ചാണ്ടി ഉമ്മൻ, എൽജെഡി സംസ്ഥാന അധ്യക്ഷൻ എം.വി.ശ്രേയാംസ് കുമാർ, എ.പി.അനിൽകുമാർ എംഎൽഎ, കെപിസിസി ജനറൽ സെക്രട്ടറിമാരായ ആര്യാടൻ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, സെക്രട്ടറി കെ.പി.നൗഷാദലി, വി.എ.കരീം, മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി..ഷഹർബാൻ, യുഡിഎഫ് ജില്ലാ ചെയർമാൻ പി.ടി.അജയ്മോഹൻ, നേതാക്കളായ ഇ.മുഹമ്മദ് കുഞ്ഞി, സമദ് മങ്കട, ഫാത്തിമ റോഷ്ന, എംഎസ്എഫ് അഖിലേന്ത്യാ പ്രസിഡന്റ് പി.വി.അഹമദ് സാജു തുടങ്ങിയവർ പ്രസംഗിച്ചു.