പ്രവീൺ റാണയെ ചങ്ങരംകുളം പൊലീസ് കസ്റ്റഡിയിൽ വാങ്ങി; എടപ്പാളിൽ പണം നഷ്ടപ്പെട്ടത് ഒട്ടേറെപ്പേർക്ക്
Mail This Article
എടപ്പാൾ∙ 350 കോടിയുടെ സാമ്പത്തികത്തട്ടിപ്പുകേസിൽ വിയ്യൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രവീൺ റാണയെ ചങ്ങരംകുളം സ്റ്റേഷൻ പരിധിയിലെ കേസുമായി ബന്ധപ്പെട്ടു പൊലീസ് വീണ്ടും കസ്റ്റഡിയിൽ വാങ്ങി. എടപ്പാൾ ശുകപുരം സ്വദേശിനിയായ വീട്ടമ്മയുടെ 5 ലക്ഷം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് സിഐ ബഷീർ ചിറക്കലിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രവീൺ റാണയെ കസ്റ്റഡിയിൽ വാങ്ങിയത്.
തൃശൂർ കേന്ദ്രീകരിച്ചുള്ള പ്രവീൺ റാണയുടെ സെയ്ഫ് ആൻഡ് സ്ട്രോങ് ബിസിനസ് കൺസൽറ്റൻസിയുമായി ബന്ധപ്പെട്ട് നിക്ഷേപകരിൽനിന്നു ലാഭം വാഗ്ദാനം ചെയ്ത് 150 കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ ക്രൈംബ്രാഞ്ച് അന്വേഷണം നടത്തുന്ന കേസിലാണ് ഇയാൾ റിമാൻഡിൽ കഴിയുന്നത്.
കേസിലെ രണ്ടാം പ്രതിയും പ്രവീൺ റാണയുടെ ഓഫിസിലെ ജീവനക്കാരനുമായിരുന്ന ശുകപുരം സ്വദേശിയെ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. പരാതിക്കാരിയുടെ 5 ലക്ഷം രൂപയാണ് ഇയാൾ മുഖാന്തരം പ്രവീൺ റാണയുടെ ബിസിനസിൽ നിക്ഷേപിച്ചത്. പ്രതിയെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്ത് വീണ്ടും വിയ്യൂർ ജയിലിലേക്കയച്ചു.
എടപ്പാളിൽ പണം നഷ്ടപ്പെട്ടത് ഒട്ടേറെപ്പേർക്ക്
എടപ്പാൾ ∙ പ്രവീൺ റാണ തട്ടിപ്പു കേസിൽ പണം നഷ്ടപ്പെട്ടവർ ദുരിതത്തിൽ. എടപ്പാൾ മേഖലയിലെ ഒട്ടേറെപ്പേർക്ക് ഇയാളുടെ വലയിൽ കുടുങ്ങി പണം നഷ്ടമായി. 5 ലക്ഷം മുതൽ ഉയർന്ന തുകകൾ വരെ പലരും നൽകി. ആദ്യഘട്ടത്തിൽ ലാഭവിഹിതം കൃത്യമായി ലഭിച്ചതോടെ കൂടുതൽ പേർ ഇതിലേക്ക് ആകൃഷ്ടരായി. വീടു പണയപ്പെടുത്തിയും ആഭരണങ്ങൾ പണയം വച്ചും പണം നൽകിയവരുമുണ്ട്. പണം നഷ്ടപ്പെട്ട ഉന്നതരിൽ പലരും കൃത്യമായ രേഖകൾ ഹാജരാക്കാൻ കഴിയാത്തതിനാലാണു പരാതി നൽകാൻ രംഗത്തു വരാത്തതെന്നു പൊലീസ് പറയുന്നു.