ADVERTISEMENT

തേഞ്ഞിപ്പലം ∙ ചേലേമ്പ്രയിൽ പലയിടത്തും തെങ്ങുകൾക്ക് തഞ്ചാവൂർ വാട്ടരോഗം പടരുന്നു. തേനേരിപ്പാറ, പുല്ലിപ്പറമ്പ്, പടിഞ്ഞാറ്റിൻപൈ ഭാഗങ്ങളിലാണു രോഗം സ്ഥിരീകരിച്ചതെന്ന് കൃഷി ഓഫിസർ നീനു രവീന്ദ്രനാഥ് പറഞ്ഞു. തെങ്ങുകളിൽ പടർന്ന് കയറുന്ന രോഗമാണിത്. മുൻപ് തമിഴ്നാട്ടിലെ തഞ്ചാവൂരിൽ രോഗം വ്യാപകമായിരുന്നു. കോഴിക്കാഷ്ഠം വിദൂരങ്ങളിൽ നിന്ന് എത്തിച്ച് തെങ്ങിന് വളമായി ചേർത്ത സ്ഥലങ്ങളിലാണ് പലയിടത്തും രോഗത്തുടക്കമെന്ന് അധികൃതർ പറ‍ഞ്ഞു. ചില തോട്ടങ്ങളിൽ‌ തെങ്ങുകൾ ഒന്നാകെ രോഗത്തിന്റെ പിടിയിലാണ്. ഓലകൾ മഞ്ഞളിക്കുമ്പോഴാണ് കർഷകർ വിവരം അറിയുന്നത്. തുടർന്ന് ഓലകൾ ഉണങ്ങി തൂങ്ങും.

തേങ്ങയുടെ കാമ്പ് ക്രമേണ ശുഷ്കിക്കും. ഒരുവർഷം കൊണ്ട് തെങ്ങ് ഉണങ്ങിപ്പോകും. കർഷകരുടെ പരാതി ലഭിച്ചതനുസരിച്ച് കൃഷി ഓഫിസറും കൃഷി അസിസ്റ്റന്റ് കെ.പി.അപർണയും രോഗ സ്ഥലങ്ങൾ സന്ദർശിച്ച് കർഷകർക്ക് മാർഗ നിർദേശം നൽകി. രോഗത്തിനു മരുന്നായി 25 ലീറ്റർ വെള്ളത്തിൽ കോൺടാഫ് 50 മില്ലിലീറ്റർ കലക്കി തെങ്ങിൻതടത്തിൽ ഒഴിക്കണം. രണ്ടുമാസം കഴിഞ്ഞു വീണ്ടും ഇതേപോലെ ചെയ്യണം. തെങ്ങിന്റെ അടിഭാഗത്തുനിന്ന് ഒന്നരമീറ്റർ ഉയരത്തിൽ തെങ്ങിൻ തടിയിൽ കോൺടാഫ് 10 മില്ലീലീറ്റർ തേച്ചുകൊടുക്കണം. രോഗം പടരാതിരിക്കാൻ സമീപത്തുള്ള തെങ്ങുകളുടെ തടം വൃത്തിയാക്കി കുമ്മായമോ ഡോളോമൈറ്റോ ഒരു കിലോഗ്രാം വീതം വിതറണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com