വഴിയില്ല, ആകെ പൊല്ലാപ്പ്; യോഗത്തിൽ ക്ഷുഭിതനായി എംഎൽഎ
Mail This Article
പൊന്നാനി ∙ മാതൃശിശു ആശുപത്രി കോംപൗണ്ടിൽ സ്ഥാപിച്ച പുതിയ ഐസലേഷൻ വാർഡിലേക്ക് റോഡില്ല.ആശുപത്രിയിൽ ചേർന്ന അവലോകന യോഗത്തിൽ ഉദ്യോഗസ്ഥരോട് ക്ഷുഭിതനായി പി.നന്ദകുമാർ എംഎൽഎ.വഴിയുടെ കാര്യത്തിൽ തീരുമാനമുണ്ടാക്കിയ ശേഷം യോഗവേദിയിൽനിന്ന് പുറത്ത് പോയാൽ മതിയെന്ന് എംഎൽഎ കടുപ്പിച്ചു പറഞ്ഞു.
1.75 കോടി രൂപ ചെലവഴിച്ചു നിർമിച്ച ഐസലേഷൻ കെട്ടിടത്തിലേക്കാണ് വഴിയില്ലാത്ത അവസ്ഥ. പണി പൂർത്തിയാക്കുന്നതു വരെ ഉദ്യോഗസ്ഥർ ഇക്കാര്യത്തിൽ നടപടി സ്വീകരിച്ചിരുന്നില്ല. കോവിഡ് കാലത്തിന് പിന്നാലെയാണ് സർക്കാർ ഐസലേഷൻ വാർഡുകൾ നിർമിക്കാൻ തീരുമാനിച്ചിരുന്നത്. നിർമാണ പദ്ധതിയിൽ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നും ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് അടിയന്തരമായി വേണ്ട നടപടി സ്വീകരിക്കണമെന്നും എംഎൽഎ നിർദേശിച്ചു.
അതേസമയം ബ്ലഡ് ബാങ്ക് കെട്ടിട നിർമാണം പൂർത്തീകരിച്ചതായും അനുബന്ധ പ്രവൃത്തികൾ ഡിസംബറിന് മുൻപ് പൂർത്തീകരിക്കാനും യോഗത്തിൽ തീരുമാനിച്ചു. നിർമാണം പൂർത്തിയായ വാട്ടർ ടാങ്കിന് കണക്‌ഷൻ ലഭിക്കുന്ന മുറയ്ക്ക് പ്രവർത്തനം ആരംഭിക്കാൻ തീരുമാനിച്ചു. ഓക്സിജൻ പ്ലാന്റിന്റെ ജോലികൾ പൂർത്തീകരിച്ച് ഓണത്തിന് ശേഷം പ്രവർത്തനമാരംഭിക്കും. നഗരസഭാധ്യക്ഷൻ ശിവദാസ് ആറ്റുപുറം, ആശുപത്രി സൂപ്രണ്ട് ഡോ. ആശ എന്നിവർ പങ്കെടുത്തു.