ADVERTISEMENT

മലപ്പുറം∙ നാലുമാസം മുൻപ്, ഗതാഗത നിയമലംഘനത്തിന് 500 രൂപ പിഴയടയ്ക്കണമെന്ന മൊബൈൽ സന്ദേശമെത്തി. പട്ടാമ്പി കൊപ്പം പുലാശ്ശേരി സ്വദേശിയായ കെ.പി.സൈനുൽ ആബിദ് ഓൺലൈനായി ആ തുക അടച്ചു. പിന്നീടും തുടരെത്തുടരെ വന്നു പിഴയടയ്ക്കണ മെന്നുള്ള ഇ– ചലാനുകൾ. സംശയം തോന്നിയ ആബിദ് ഓൺലൈനായി ഇ–ചലാൻ രസീത് പരിശോധിച്ചപ്പോഴാണു ഞെട്ടിയത്. സ്കൂട്ടറിന്റെ നമ്പറും മോഡലും നിറവും ഒന്നു തന്നെ. പക്ഷേ, ഓടിക്കുന്നതു താനല്ല. വണ്ടിയും തന്റേതല്ല.

പരാതി നൽകിയതോടെ, പല സ്ഥലങ്ങളിൽ നിന്നായി പിഴയുടെ രൂപത്തിൽ ആബിദിനു പണി കൊടുത്തുകൊണ്ടിരുന്ന വ്യാജ നമ്പർ ഘടിപ്പിച്ച സ്കൂട്ടർ മോട്ടർ വാഹനവകുപ്പ് ജില്ലാ എൻഫോഴ്സ്മെന്റ് വിഭാഗം ഇന്നലെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു. ഗതാഗത നിയമലംഘനത്തിന് മഞ്ചേരിയിൽ നിന്ന് പൊലീസിന്റെ 4 കേസും മോട്ടർ വാഹന വകുപ്പിന്റെ 2 കേസും മൊബൈലിലേക്ക് ഇ–ചലാനായി വന്നപ്പോഴാണ് സൈനുൽ ആബിദ് പരാതിയുമായി മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് ഓഫിസിൽ എത്തിയത്.

മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ എം.കെ.പ്രമോദ് ശങ്കറിന്റെ നേതൃത്വത്തിൽ ഇ–ചലാൻ തയാറാക്കാനായി എടുത്ത ഫോട്ടോ പരിശോധിച്ചപ്പോൾ സ്കൂട്ടറിൽ വർക്‌ഷോപ്പിൽ ഉപയോഗിക്കുന്ന ചില സാധനങ്ങൾ കണ്ടു. ഇതേത്തുടർന്ന് വർക്‌ഷോപ്പുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൂക്കോട്ടൂരിൽനിന്ന് വ്യാജ നമ്പർ ഘടിപ്പിച്ച വാഹനം കണ്ടെത്തിയത്. വാഹനം ഉപയോഗിച്ചിരുന്നയാൾ മറ്റൊരു ഡീലറുടെ പക്കൽനിന്നു വാങ്ങിയതാണ് ഈ സ്കൂട്ടർ. ഇതിന്റെ ആർസി ബുക്ക് വാഹനം ഉപയോഗിക്കുന്നയാൾക്കു ലഭിച്ചിരുന്നില്ല.

ബിഎസ് 4 വിഭാഗത്തിൽപെട്ടതിനാൽ റജിസ്ട്രേഷൻ നടത്താനാകാതെ വന്നതിനെത്തുടർന്ന് മറ്റൊരു വാഹനത്തിന്റെ നമ്പർ പതിച്ച് ഓടുകയായിരുന്നെന്നും ഇതിനു കാരണക്കാരായ ഡീലർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും എംവിഐ എം.കെ.പ്രമോദ് ശങ്കർ പറഞ്ഞു. കസ്റ്റഡിയിലെടുത്ത വ്യാജവാഹനം തുടർനടപടികൾക്കായി മഞ്ചേരി പൊലീസിന് മോട്ടർ വാഹന വകുപ്പ് കൈമാറും. എംവിഐ പ്രമോദ് ശങ്കറിനൊപ്പം അസിസ്റ്റന്റ് മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ ഷൂജ മാട്ടട, പി.പ്രജീഷ്, പി.ഷബീർ, വിഷ്ണു വിജയൻ എന്നിവർ അന്വേഷണത്തിനു നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com