അപൂർവ താളിയോലകൾ ഓർമയാകില്ല, സംരക്ഷിക്കാൻ പദ്ധതിയുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല
Mail This Article
കോട്ടയ്ക്കൽ ∙ പുരാതനവും അപൂർവവുമായ താളിയോല ഗ്രന്ഥങ്ങൾ സംരക്ഷിക്കുന്ന പദ്ധതിയുമായി കോട്ടയ്ക്കൽ ആര്യവൈദ്യശാല. പ്രസിദ്ധീകരണ വിഭാഗമായ സെന്റർ ഫോർ ടെക്സ്ച്വൽ സ്‌റ്റഡീസ് ആൻഡ് പബ്ലിക്കേഷൻസാണ് ഇതിനായി മുന്നിട്ടിറങ്ങുന്നത്. താളിയോലക്കെട്ടിലെ ഓരോ ഓലയും വൃത്തിയാക്കി സംരക്ഷിക്കുകയാണ് പ്രോജക്ടിന്റെ ആദ്യഘട്ടം.
പിന്നീട്, ഹൈ റെസല്യൂഷൻ ക്യാമറ ഉപയോഗിച്ച് ചിത്രീകരിക്കുകയും ആർക്കൈവുകളായി ചിട്ടപ്പെടുത്തുകയും ചെയ്യും. പുരാണം, ആയുർവേദം, കളരിചികിത്സ, വിഷചികിത്സ തുടങ്ങിയ പല വിഭാഗങ്ങളിലുള്ള ഗ്രന്ഥക്കെട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. വിപിഎസ്‌വി ആയുർവേദ കോളജ് റിട്ട. അധ്യാപകൻ ഡോ.സി.എം. ശ്രീകൃഷ്ണനും കോഴിക്കോട്ടെ ആദ്യകാല പാരമ്പര്യ വൈദ്യൻ പരേതനായ കെ.ടി.മാധവൻ വൈദ്യരുടെ കുടുംബവും സംഭാവനയായി ആര്യവൈദ്യശാലയ്ക്കു നൽകിയ താളിയോല ശേഖരവും ഇതോടൊപ്പം സംരക്ഷിക്കുന്നുണ്ട്.
തഞ്ചാവൂർ സരസ്വതി മഹൽ ലൈബ്രറിയിലെ മുൻ ചീഫ് കൺസർവേറ്ററും താളിയോല സംരക്ഷണത്തിൽ ഗവേഷകനുമായ ഡോ. പി.പെരുമാളിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. അമൂല്യമായ രവിവർമ ചിത്രങ്ങളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ മോസസ്, പ്രശസ്ത ഫൊട്ടോഗ്രഫർ ടി.ശിങ്കാരവേലു എന്നിവരും സംഘത്തിലുണ്ട്. ആര്യവൈദ്യശാല സ്ഥാപകനായ വൈദ്യരത്നം പി.എസ്.വാരിയരുടെ കൈപ്പടയിലുള്ള ഡയറിക്കുറിപ്പുകൾ, അദ്ദേഹം രചിച്ച സംഗീതനാടകങ്ങൾ, പേഷ്യന്റ് റജിസ്റ്ററുകൾ തുടങ്ങിയവ കൂടി ഇതിന്റെ ഭാഗമായി ഭാവിയിൽ സംരക്ഷിക്കും.
English Summary : Kottakkal Arya Vaidyasala plan to save rare palm-leaf manuscript