എറിഞ്ഞുവീഴ്ത്തി, പ്രതിസന്ധികളെ; ട്രാക്കിൽ തീപിടിപ്പിച്ച് എം.അബ്ദുൽ ഗഫൂർ
Mail This Article
വേഗതാരം അബ്ദു സമദ്
തേഞ്ഞിപ്പലം ∙സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ വേഗതാരമായി റിട്ട. ഹെഡ്‌മാസ്റ്റർ അമ്പായത്തിങ്ങൽ അബ്ദു സമദ്(81). 100 മീറ്റർ ഓട്ടത്തിൽ 80 പ്ലസ് വിഭാഗത്തിലാണ് ഇത്തവണ സ്വർണമണിഞ്ഞത്. അരീക്കോട് ജിഎംഎൽപി സ്കൂളിൽനിന്ന് 25 വർഷം മുൻപു വിരമിച്ചതിൽ പിന്നെ വേഗതാരമായി കുതിക്കുകയാണ് അബ്ദു സമദ്. സ്കൂൾ പഠനകാലത്തു ഫുട്ബോളിലായിരുന്നു കമ്പം. അധ്യാപകനായതോടെ ഓട്ടത്തിലായി താൽപര്യം.
വിരമിച്ചതിൽ പിന്നെ മാസ്റ്റേഴ്സ് മീറ്റുകളിലെ മിന്നുന്ന താരമായി. അരീക്കോട് എസ്എസ് കോളജ് മൈതാനത്ത് അതിരാവിലെ പരിശീലനത്തിന് ഇറങ്ങും. ഭാര്യ റിട്ട. അധ്യാപിക റുക്കിയയും 4 മക്കളും എല്ലാ പ്രോത്സാഹനവും നൽകുന്നു. അഖിലേന്ത്യാ വെറ്ററൻ സ്പോർട്സിൽ 75 പ്ലസ് വിഭാഗത്തിൽ 100 മീറ്ററിൽ കഴിഞ്ഞ 4 വർഷവും അബ്ദു സമദിനാണ് സ്വർണം. കാലിഫോർണിയ (2011), ഫ്രാൻസ് (2013), ഓസ്ട്രിയ (2015) എന്നിവിടങ്ങളിലെ ലോക വെറ്ററൻ ചാംപ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധാനം ചെയ്ത താരമാണ്.
എറിഞ്ഞുവീഴ്ത്തി; പ്രതിസന്ധികളെ
തേഞ്ഞിപ്പലം ∙ പ്രാരബ്ധങ്ങൾക്കും പ്രതിസന്ധികൾക്കും മുന്നിൽ തളരാതെ സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ 50 പ്ലസ് വിഭാഗത്തിൽ ഷോട്ട്‌പുട്ടിൽ സ്വർണമണിഞ്ഞ് ഷീബ പറപ്പേരി. ചെട്ടിപ്പടി നെടുവ സിഎച്ച്‌സിയിൽ അറ്റൻഡറാണ്. ഒക്ടോബറിൽ ദുബായിൽ രാജ്യാന്തര മീറ്റിൽ ഇന്ത്യൻ ജഴ്സിയണിയാനുള്ള തയാറെടുപ്പിനിടെയാണു സംസ്ഥാന മാസ്റ്റേഴ്സ് മീറ്റിലെ നേട്ടം. അത്‌ലറ്റിക് അസോസിയേഷൻ കഴിഞ്ഞ തവണ ആദ്യമായി മാസ്റ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചപ്പോൾ ഷീബയ്ക്കു പങ്കെടുക്കാനായില്ല. ഉത്തർപ്രദേശിൽ ദേശീയ മാസ്റ്റേഴ്സ് മീറ്റിൽ പങ്കെടുക്കവെ മുട്ടിനു പരുക്കേറ്റതാണു തിരിച്ചടിയായത്. അന്നു ജാവലിൻ ത്രോയിലും 4–400 മീറ്റർ റിലേയിലും വെള്ളി മെഡൽ ലഭിച്ചിരുന്നു.
രാജ്യാന്തര മീറ്റിൽ പങ്കെടുക്കാൻ ഒരു ലക്ഷം രൂപ കണ്ടെത്തണമെന്നതാണ് ഇപ്പോൾ ഷീബ നേരിടുന്ന വെല്ലുവിളി. സ്പോൺസറെ ലഭിച്ചെങ്കിലേ ആഗ്രഹം സഫലമാകൂ. വായ്പയെടുത്താണു വീട് നിർമിച്ചത്. കടം ഇനിയും വീട്ടാനുണ്ട്. ഭർത്താവ് കുറുപ്പൻകണ്ടി രമേശ് ഏതാനും വർഷം മുൻപ് അപകടത്തിൽ പരുക്കേറ്റതിൽ പിന്നെ ജോലിക്ക് പോകാവുന്ന അവസ്ഥയിലല്ല. മകൾ അനുശ്രീ 7–ാം ക്ലാസ് വിദ്യാർഥിനി. വള്ളിക്കുന്ന് ശോഭനാ ക്ലബ് വഴി വോളിബോളിലായിരുന്നു അരങ്ങേറ്റം. പിന്നീട് ത്രോ ഇനങ്ങളിലേക്കു മാറി. വള്ളിക്കുന്ന് സിബിഎച്ച്എസ്എസിൽ പഠിക്കവെ ജില്ലാ സ്കൂൾ മീറ്റിലും മറ്റും ത്രോ ഇനങ്ങളിൽ മെഡൽ നേടിയിട്ടുണ്ട്. പഠനം കഴിഞ്ഞ് 28 വർഷം സ്വകാര്യ ആശുപത്രിയിൽ നഴ്‌സ് ആയിരുന്നു. നെടുവ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ജോലി ലഭിച്ചിട്ടു നാലര വർഷമേ ആയിട്ടുള്ളൂ.
ട്രാക്കിൽ തീപിടിപ്പിച്ച് എം.അബ്ദുൽ ഗഫൂർ
തേഞ്ഞിപ്പലം∙ അഗ്നിശമന സേനയിലാണു ജോലിയെങ്കിലും ട്രാക്കിൽ തീപിടിപ്പിക്കുന്ന പ്രകടനമാണ് അരീക്കോട് കുനിയിൽ സ്വദേശി എം.അബ്ദുൽ ഗഫൂർ കാഴ്ച വച്ചത്. സംസ്ഥാന മാസ്റ്റേഴ്സ് അത്‌ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 40നു മുകളിലുള്ളവരുടെ വിഭാഗത്തിൽ 400 മീറ്ററിൽ സ്വർണവും 4*100 മീറ്റർ റിലേയിൽ മലപ്പുറം ടീമിനായി ഇറങ്ങി വെള്ളിയും സ്വന്തമാക്കി. അഗ്നിശമനസേനയുടെ സംസ്ഥാനകായികമേളയിൽ 100 മീറ്റർ, 400 മീറ്റർ, 4*100 മീറ്റർ റിലേ എന്നിവയിൽ സ്വർണവും 200 മീറ്ററിൽ വെള്ളിയും ഗഫൂർ കരസ്ഥമാക്കിയിരുന്നു. മുക്കം ഫയർസ്റ്റേഷൻ ഓഫിസറാണ്.