ADVERTISEMENT

കേരളത്തിലെ ഏറ്റവും സുന്ദരമായ റെയിൽപാതയാണ് നിലമ്പൂർ–ഷൊർണൂർ റൂട്ട്. നിലമ്പൂരിന്റെ പാരമ്പര്യം ഉണർത്തി പാതയ്ക്കിരുവശവും വളർന്നു നിൽക്കുന്ന തേക്കുമരങ്ങളും കാടും അരുവികളും വയലും പുഴയും ചേരുമ്പോൾ ഇതുവഴിയുള്ള യാത്ര തന്നെ ‘ടൂറിസം ഡസ്റ്റിനേഷൻ’ ആയി. പുറമേ, ദിവസവും രാവിലത്തെ ട്രെയിനുകളിൽ എത്തി നിലമ്പൂരിലെ വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിച്ച് വൈകിട്ടത്തെയോ രാത്രിയിലെയോ ട്രെയിനിൽ മടങ്ങുന്നവരേറെ. പ്രത്യേകിച്ചും അവധി ദിവസങ്ങളിൽ. പക്ഷേ, ഈ വിനോദസഞ്ചാരികൾക്ക് വിവരം നൽകാനുള്ള സംവിധാനം പോലും നിലമ്പൂരിലില്ല എന്നതാണ് ഏറെ കഷ്ടം.

തേക്ക് മ്യൂസിയം, കനോലി പ്ലോട്ട്, ആഢ്യൻപാറ, നെടുങ്കയം എന്നീ ഔദ്യോഗിക വിനോദ സഞ്ചാരകേന്ദ്രങ്ങൾക്കു പുറമേ കക്കാടം പൊയിലിലെയും ടികെ കോളനിയിലെയുമൊക്കെ റിസോർട്ട് കേന്ദ്രീകൃത ടൂറിസത്തിലേക്കുവരെ നീണ്ടുകിടക്കുന്ന സാധ്യതയാണ് റെയിൽവേക്കുള്ളത്. ട്രെയിനിൽ നിലമ്പൂരിലെത്തുന്നവർ വഴിയറിയാതെ വിഷമിക്കുന്ന സാഹചര്യം ഒഴിവാക്കാൻ സംവിധാനമൊരുക്കേണ്ടതുണ്ട്. ഐആർടിസിയുടെ ടൂറിസം പാക്കേജിൽ നിലമ്പൂരിനും ഇടം കൊടുക്കുക, കെഎസ്ആർടിസിയുമായി ചേർന്ന് റെയിൽവേ സ്റ്റേഷനിൽ നിന്നു പുറപ്പെടും വിധത്തിൽ ഏകദിന നിലമ്പൂർ ടൂർ പാക്കേജ്, സ്വകാര്യ ടൂർ ഓപ്പറേറ്റർമാരുടെ സഹകരണത്തോടെ വിനോദ സഞ്ചാരികൾക്ക് താമസമടക്കമുള്ള സൗകര്യങ്ങൾ എന്നിവയ്ക്കെല്ലാം ഇവിടെ സാധ്യതയുണ്ട്. 

വേണം റെയിൽ മ്യൂസിയം,അടിസ്ഥാന സൗകര്യങ്ങൾ

റെയിൽ മ്യൂസിയം പോലുള്ള സൗകര്യമൊരുക്കിയാൽ വിദ്യാർഥികളുടെ പഠനയാത്രയിൽ നിലമ്പൂർ സ്റ്റേഷനും സ്ഥിരം ഇടമാകും. ഇതിനു പുറമേ താമസ, വിശ്രമ സൗകര്യങ്ങൾ, ശുചിമുറി എന്നിവയുടെ വികസനം, മികച്ച ഭക്ഷണ–പാനീയ കേന്ദ്രങ്ങൾ, നിലമ്പൂരിന്റെയും മലപ്പുറത്തിന്റെയും പൈതൃക–കരകൗശല വസ്തുക്കളുടെ വിപണനത്തിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങിയവയെല്ലാം പാതയെ വിനോദസഞ്ചാര സൗഹൃദമാക്കും. 

കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local

‘ലേണിങ് സിറ്റി’ വഴിരാജ്യാന്തര സഞ്ചാരികളും

10 വർഷം മുൻപുവരെ നിലമ്പൂരിൽ വർഷം തോറും 3000 വിനോദ സഞ്ചാരികൾ കേരളത്തിനു പുറത്തു നിന്ന് എത്തുന്നുണ്ടെന്ന് ടാറ്റ കൺസൾട്ടൻസി അക്കാലത്ത് നടത്തിയ സർവേയിൽ പറയുന്നത്. ഇന്ന് അത് പതിന്മടങ്ങായിട്ടുണ്ടെന്നുറപ്പാണ്. ഇപ്പോഴാകട്ടെ, ലേണിങ് സിറ്റിയെന്ന പദവിയുള്ളതിനാൽ നിലമ്പൂരിന്റെ പൈതൃകവും സംസ്കാരവും സൗന്ദര്യവുമെല്ലാം ലോകത്തെ മുന്നൂറിലേറെ നഗരങ്ങളുമായി പങ്കുവയ്ക്കാനുള്ള വിശാല സാധ്യതയുമുണ്ട്. ഇതിലൂടെ രാജ്യാന്തര വിനോദ സഞ്ചാരികളെത്തന്നെ ഇങ്ങോട്ടെത്തിക്കാനുള്ള സാഹചര്യമുണ്ട്. പൈതൃക സ്വഭാവമുള്ള നിലമ്പൂർ –ഷൊർണൂർ പാതയിലേക്കു കൂടി അവരുടെ ശ്രദ്ധയാകർഷിച്ചാൽ മെച്ചം റെയിൽവേക്കു തന്നെ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com