5 പേരെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി; എഐഎസ്എഫിൽ വെട്ടിനിരത്തൽ
Mail This Article
മലപ്പുറം ∙ പാലക്കാട് ഘടകത്തിലെ കൂട്ടരാജിയും തരംതാഴ്ത്തലുമായി സിപിഐയിലെ വിഭാഗീയത നീറിനിൽക്കുന്നതിനിടെ, പാർട്ടിയുടെ വിദ്യാർഥി വിഭാഗമായ എഐഎസ്എഫിലും വെട്ടിനിരത്തൽ. വൈസ് പ്രസിഡന്റും ജോയിന്റ് സെക്രട്ടറിയുമുൾപ്പെടെ 5 പേരെ സംസ്ഥാന കമ്മിറ്റിയിൽനിന്ന് ഒഴിവാക്കി. മലപ്പുറത്ത് നടന്ന സംസ്ഥാന ക്യാംപിന്റെ ഭാഗമായി ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് തീരുമാനമെടുത്തത്. പകുതിയോളം ജില്ലാ കമ്മിറ്റികളുടെ എതിർപ്പ് മറികടന്നാണു നടപടിയെന്നാണു സൂചന. സ്ഥാനം നഷ്ടപ്പെട്ടവരെല്ലാം പാർട്ടിയിലെ ആഭ്യന്തര ബലാബലത്തിൽ മുതിർന്ന നേതാവ് കെ.ഇ.ഇസ്‌മായിലിനൊപ്പം നിൽക്കുന്നവരാണ്. നടപടിക്കെതിരെ മേൽഘടകങ്ങളെ സമീപിക്കാനുള്ള ആലോചനയിലാണ് പുറത്താക്കപ്പെട്ടവർ.
സംസ്ഥാന വൈസ് പ്രസിഡന്റ് കണ്ണൻ എസ്.ലാൽ, ജോയിന്റ് സെക്രട്ടറി സി.കെ.ബിജിത്ത് ലാൽ, സംസ്ഥാന എക്സിക്യൂട്ടിവ് അംഗം നിർമൽ മൂർത്തി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ പി.വിഷ്ണു, സിറിൽ ബെന്നി എന്നിവരെയാണ് ഒഴിവാക്കിയത്. 3 വർഷമാണ് എഐഎസ്എഫ് സംസ്ഥാന കമ്മിറ്റിയുടെ കാലാവധി. കഴിഞ്ഞ വർഷമാണ് കമ്മിറ്റി നിലവിൽ വന്നത്. സംഘടനയിൽ സജീവമല്ലാത്തവരെയും സംഘടനയിൽ അംഗമാകാനുള്ള മാനദണ്ഡങ്ങൾ ലംഘിക്കുന്നവരെയുമാണ് സാധാരണ സംസ്ഥാന ക്യാംപിന്റെ ഭാഗമായി കമ്മിറ്റിയിൽനിന്ന് ഒഴിവാക്കുന്നത്. എന്നാൽ, പാർട്ടിയിൽ സജീവമായി പ്രവർത്തിക്കുന്നവരെ വിഭാഗീയതയുടെ ഭാഗമായി തിരഞ്ഞുപിടിച്ച് വെട്ടുകയായിരുന്നുവെന്നാണ് ആരോപണം.
ബിജിത്ത് ലാൽ സിപിഐ സമൂഹമാധ്യമ വിഭാഗത്തിന്റെ കോഴിക്കോട് ജില്ലാ കോ ഓർഡിനേറ്റർ കൂടിയാണ്. പാർട്ടിയിലെ കാനം വിരുദ്ധപക്ഷത്തെ 2 നേതാക്കളുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ ബിജിത്താണ് കൈകാര്യം ചെയ്യുന്നത്. ഇതാണ് നടപടിക്കു കാരണമെന്നാണ് ആരോപണം. വിഷ്ണു പാലക്കാട് ചെർപ്പുളശ്ശേരി നഗരസഭാ കൗൺസിലറാണ്. വിഭാഗീയത രൂക്ഷമായ പാലക്കാട്ടെ സിപിഐയിൽ ഇസ്മായിൽ പക്ഷത്തിനൊപ്പം നിൽക്കുന്നയാളാണ് വിഷ്ണു.
സിപിഐ മലപ്പുറം ജില്ലാ കമ്മിറ്റിയിലേക്കുനടന്ന തിരഞ്ഞെടുപ്പിന്റെ ബാക്കിപത്രമാണ് നിർമൽ മൂർത്തിക്കെതിരായ നടപടിയെന്ന് അതിനെ എതിർക്കുന്നവർ പറയുന്നു.സിപിഐ പാലക്കാട് ജില്ലാ ഘടകത്തിൽ നടന്ന തരംതാഴ്ത്തലും തുടർന്നുണ്ടായ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല. അതിനിടെയാണ് എഐഎസ്എഫിൽ വെട്ടിനിരത്തൽ ആരോപണമുയരുന്നത്.