സ്വാതന്ത്ര്യദിനാഘോഷ വിപണിയിൽ ത്രിവർണത്തിളക്കം
Mail This Article
കൊണ്ടോട്ടി ∙ കൊടിയും തൊപ്പിയും മുതൽ ടീ ഷർട്ടും വസ്ത്രത്തിൽ പിടിപ്പിക്കാനുള്ള ബാഡ്ജുകളും മറ്റുമായി ത്രിവർണങ്ങളിൽ തിളങ്ങി സ്വാതന്ത്ര്യദിനാഘോഷ വിപണി. പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കുന്നതിനായി തുണികൊണ്ടുള്ള പലതരത്തിലുള്ള കൊടികൾ വിപണിയിലുണ്ട്. വലുപ്പത്തിനനുസരിച്ചു വിലയിലും മാറ്റമുണ്ട്.
ആഘോഷം പൊടിപൊടിക്കാൻ തുണിക്കടകളിൽ ത്രിവർണങ്ങളിലുള്ള ജഴ്സി, ടിഷർട്ട്, ഉടുപ്പുകൾ, വിദ്യാർഥികൾക്കുള്ള വസ്ത്രങ്ങൾ തുടങ്ങിയവയുമുണ്ട്. പ്ലാസ്റ്റിക് ഉപയോഗം ഇല്ലാതാക്കുകയെന്ന ലക്ഷ്യത്തോടെ പരമാവധി കുറഞ്ഞ വിലയിൽത്തന്നെ കൊടിയും ജഴ്സിയും മറ്റും ടെക്സ്റ്റൈൽസ് മേഖല വിപണിയിൽ എത്തിച്ചിട്ടുണ്ടെന്നും ത്രിവർണ ടിഷർട്ടുകൾക്കും ഉടുപ്പുകൾക്കും മറ്റും മികച്ച പ്രതികരണമാണു ലഭിക്കുന്നതെന്നും ടെക്സ്റ്റൈൽസ് അസോസിയേഷൻ ജില്ലാ ജനറൽ സെക്രട്ടറി ശാദി മുസ്തഫ പറഞ്ഞു.
ഖാദിത്തുണിയിലുള്ള കൊടികൾക്ക് 30 രൂപ മുതൽ 300 രൂപ വരെയാണു വില. 5 രൂപ മുതൽ 40 രൂപ വരെയുള്ള ബാഡ്ജുകളുണ്ട്. വിദ്യാർഥികൾക്ക് വസ്ത്രത്തിൽ പിടിപ്പിക്കാവുന്ന തരത്തിൽ ചതുരാകൃതിയിലും വൃത്തത്തിലുമുള്ള ബാഡ്ജുകളുണ്ട്. സ്വാതന്ത്ര്യദിനാഘോഷ ഭാഗമായി വിദ്യാലയങ്ങളും കടകളും വിവിധ സ്ഥാപനങ്ങളും അലങ്കരിച്ചു തുടങ്ങി.
അതിനായി പ്രത്യേകം തോരണങ്ങളും ബലൂണുകളും വിപണിയിലുണ്ടെന്നും ബാഡ്ജ്, കൊടി തുടങ്ങിയവ കുടുംബശ്രീ പോലുള്ള കൂട്ടായ്മകൾ വഴിയും കടകളിൽ എത്തുന്നുണ്ടെന്നും കൊണ്ടോട്ടി ജനതാ ബസാറിലെ വ്യാപാരിയായ സി.മുഹമ്മദ് മഹ്സൂം പറഞ്ഞു.