പോസ്റ്റ് ഓഫിസുകൾ വഴിയുള്ള ദേശീയ പതാക വിൽപനയിൽ കുറവ്
Mail This Article
തിരൂർ ∙ പോസ്റ്റ് ഓഫിസുകൾ വഴിയുള്ള ദേശീയ പതാകകളുടെ വിൽപന കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇത്തവണ കുറവ്. തിരൂർ ഡിവിഷനിലെ 174 പോസ്റ്റ് ഓഫിസുകൾ വഴി 20,000 പതാകകൾ വിറ്റഴിക്കാനായിരുന്നു തീരുമാനം. എന്നാൽ ഇന്നലെ വരെ 15,000 പതാകകളാണ് എത്തിച്ചത്. ഇതിൽ രണ്ടായിരത്തോളം പതാകകൾക്ക് കേടുള്ളതിനാൽ ബാക്കി 12,000 എണ്ണമാണ് വിവിധ പോസ്റ്റ് ഓഫിസുകളിലേക്ക് എത്തിച്ചത്.
എന്നാൽ ഇതിൽ 3,000 – 3,500 പതാകകൾ മാത്രമാണ് വിറ്റഴിച്ചത്. 25 രൂപയാണ് വില. രണ്ടാം ശനിയും ഞായറുമായിട്ടും കഴിഞ്ഞ 2 ദിവസവും പോസ്റ്റ് ഓഫിസുകൾ വിൽപനയ്ക്കായി തുറന്നു പ്രവർത്തിക്കുകയും ചെയ്തിരുന്നു നാളെ സ്വാതന്ത്ര്യദിനത്തിനു മുൻപ് കൂടുതലായി ആളുകൾ വാങ്ങാൻ എത്തുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഓൺലൈനായി വാങ്ങാനുള്ള സൗകര്യവും ഏർപ്പെടുത്തിയിരുന്നു.
എന്നാൽ ഇതു വഴിയും കാര്യമായ വിൽപന നടക്കാതെ വന്നതോടെ ഇന്ന് പോസ്റ്റ്മാൻ വഴി വീടുകളിലെത്തിക്കാനുള്ള പദ്ധതി നോക്കുന്നുണ്ട്. ഇതുവഴി വിൽപന നടക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. അതേ സമയം കഴിഞ്ഞ വർഷം ഓർഡർ ലഭിച്ച പതാകകൾ എത്തിക്കാൻ സാധിക്കാത്ത നിലയുണ്ടായിരുന്നു. അന്ന് മിക്ക വീടുകളിലും പതാക എത്തിയതും അത് വീട്ടുകാർ സൂക്ഷിച്ചു വച്ചതുമാണ് ഇത്തവണ വിൽപന കുറയാൻ കാരണമായി കരുതുന്നത്.
തകരാറുള്ള പതാകകൾ കടകളിൽനിന്ന് നീക്കി
പോസ്റ്റ് ഓഫിസുകൾ വഴി വിൽപനയ്ക്കെത്തിച്ച ദേശീയ പതാകകളിൽ കേടുപാടുകൾ. മധ്യഭാഗത്ത് വരേണ്ട അശോകചക്രം വശങ്ങളിലേക്ക് നീങ്ങിയാണു പല പതാകകളിലുമുള്ളത്. തിരൂരിൽ മാത്രം രണ്ടായിരത്തോളം പതാകകൾക്ക് ഇത്തരത്തിൽ കേടുപാടുണ്ട്. സർക്കാർ പ്രസ്സുകളിൽ നിർമിച്ചെത്തിക്കുന്നവയാണ് ഇതെന്നാണ് അധികൃതർ പറയുന്നത്.
കൂടുതൽ വാർത്തകൾക്ക് സന്ദർശിക്കുക: www.manoramaonline.com/local
എന്നാൽ കൂടുതൽ തയാറാക്കാനുള്ളതിനാൽ പുറത്തുള്ള ഏജൻസികളെ ഏൽപിച്ചിരിക്കാമെന്നും അതുവഴിയാണ് കേടുപാടുണ്ടായതെന്നുമാണ് കരുതുന്നത്. പോസ്റ്റ് ഓഫിസുകളിൽ നിന്ന് ഇവ വാങ്ങാൻ എത്തിയ ചിലർ ഇതിനെതിരെ പരാതി നൽകിയിട്ടുണ്ട്. ഇതോടെ ഡിവിഷൻ തലത്തിൽ എത്തുന്ന പതാകകൾ പരിശോധിച്ച് കേടില്ലെന്ന് ഉറപ്പു വരുത്തിയാണ് ഇന്നലെ മുതൽ അധികൃതർ പോസ്റ്റ് ഓഫിസുകളിലേക്ക് ഇവ അയയ്ക്കുന്നത്. കൂടാതെ വിൽപനയ്ക്കു മുൻപ് പരിശോധന നടത്താനും പോസ്റ്റ് ഓഫിസ് ജീവനക്കാരെ ഉന്നത ഉദ്യോഗസ്ഥർ ചുമതലപ്പെടുത്തിയിട്ടുണ്ട്.