ADVERTISEMENT

എരമംഗലം ∙വിസ്മൃതിയിലേക്ക് പോയ വള്ളം കളി 40 വർഷത്തിന് ശേഷം തിരിച്ചുവരുന്ന ആഹ്ലാദത്തിലാണ് പൊന്നാനി പൂക്കൈത കടവിലെ നാട്ടുകാർ. ബ്രിട്ടിഷുകാർ രാജ്യം വിട്ടതിനു ശേഷം പൊന്നാനിയിൽ നടന്നിരുന്ന ആദ്യകാല വള്ളം കളി 4 പതിറ്റാണ്ടിന് ശേഷം ഇത്തവണത്തെ ഓണത്തിന് പുനരാരംഭിക്കുകയാണ്. മലബാറിലെ പുരാതന ജലോത്സവങ്ങളിൽ ഒന്നായിരുന്ന പൊന്നാനി പൂക്കൈത കടവിലെ വള്ളം കളി 1998ൽ പുളിക്കകടവിലേക്ക് മാറ്റിയതോടെ ബിയ്യം വള്ളം കളിയായി മാറുകയായിരുന്നു. അറബിക്കടൽ, കാഞ്ഞിരമുക്ക് പുഴ, കനോലി കനാൽ എന്നിവ സംഗമിക്കുന്ന പൂക്കൈത കടവിൽ 40 വർഷം മുൻപ് വരെ വള്ളം കളി സജീവമായിരുന്നു.

പൂക്കൈത കടവിലെ വള്ളംകളി മത്സരത്തിനായി പരിശീലനം നടത്തുന്ന കടവനാട്ടെ ക്ലബ്ബുകളിലൊന്ന്.
പൂക്കൈത കടവിലെ വള്ളംകളി മത്സരത്തിനായി പരിശീലനം നടത്തുന്ന കടവനാട്ടെ ക്ലബ്ബുകളിലൊന്ന്.

20 പേർക്ക് ഇരിക്കാവുന്ന കെട്ടുവള്ളങ്ങളിലായിരുന്നു അക്കാലത്ത് വള്ളം കളി നടത്തിയിരുന്നത്. കടവനാട്, പുറത്തൂർ, പുതുപൊന്നാനി, വെളിയങ്കോട്, കൊട്ടമ്മൽ (ഇപ്പോഴത്തെ പുളിക്കകടവ്) എന്നിവിടങ്ങളിൽ നിന്നുള്ള 6 കെട്ടുവള്ളങ്ങളായിരുന്ന ഓണക്കാലത്തെ വള്ളം കളിയിലെ കേമൻമാർ. പൂക്കൈത കടവിലെ വള്ളം കളി ആസ്വദിക്കാൻ കാഞ്ഞിരമുക്ക് പുഴയുടെ തീരം പങ്കിടുന്ന പൊന്നാനി നഗരസഭ, വെളിയങ്കോട്, മാറഞ്ചേരി പഞ്ചായത്തുകളിലെ ജനങ്ങളും തീരത്തു തമ്പടിക്കും.

പ്രാദേശിക വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനാണ് കടവനാട്ടെ ജനകീയ കൂട്ടായ്മയും പൊന്നാനി നഗരസഭയും മുൻകയ്യെടുത്ത് വള്ളം കളി പുനരാരംഭിക്കുന്നത്. തിരുവോണം കഴിഞ്ഞ് സെപ്റ്റംബർ 2ന് ഉത്രാടം ദിനമായ ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് വള്ളം കളി നടക്കുക. കനോലി കനാൽ സംഗമിക്കുന്ന പൂക്കൈത കടവിൽ നിന്ന് തുടങ്ങി കടവനാട് ഇമ്പിച്ചിബാവ സ്മാരക വായനശാല നിൽക്കുന്ന സ്ഥലത്ത് അവസാനിപ്പിക്കാനാണ് സംഘാടക സമിതി തീരുമാനം.

900 മീറ്റർ ദൂരത്തിലാണ് വള്ളങ്ങൾ തുഴയേണ്ടത്. 12 മൈനർ വള്ളങ്ങളും 9 മേജർ വള്ളങ്ങളുമാണ് പൂക്കൈത കടവിലെ ഓളപ്പരപ്പിൽ മത്സരിക്കുക. പരിശീലനം തുഴക്കാർ കാഞ്ഞിരമുക്ക് പുഴയുടെ ഇരു വശങ്ങളിലും നടത്തുന്നുണ്ട്. മേജർ വള്ളങ്ങളിലെ ഒന്നാം സ്ഥാനക്കാർക്ക് ട്രോഫിക്ക് പുറമേ 25,000 രൂപയും മൈനർ വള്ളങ്ങളിലെ ജേതാവിന് ട്രോഫിയും 10,000 രൂപയുമാണ് ലഭിക്കുക. വള്ളം കളി ജനകീയ ഉത്സവമാക്കാനാണ് ജനകീയ കൂട്ടായ്മ പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com